Wednesday, November 13, 2013

നാരായണന്‍നായരുടെ വസതി പിണറായി സന്ദര്‍ശിച്ചു

തിരു: ആര്‍എസ്എസുകാര്‍ അരുംകൊലചെയ്ത കെഎംസിഎസ്യു നേതാവ് നാരായണന്‍നായരുടെ വസതി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അദ്ദേഹം ആനാവൂരിലെ വസതിയില്‍ എത്തിയത്. നാരായണന്‍നായരുടെ ഭാര്യ വിജയകുമാരി, മകന്‍ വി എന്‍ ഗോപകുമാര്‍, മറ്റു ബന്ധുക്കള്‍ എന്നിവരെ പിണറായി ആശ്വസിപ്പിച്ചു. പ്രദേശത്തെ ആര്‍എസ്എസ് ഭീകരതയെപ്പറ്റി നാട്ടുകാര്‍ പിണറായിയോട് വിശദീകരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറി അംഗങ്ങളായ എം വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി കെ ഹരീന്ദ്രന്‍, കെ എസ് സുനില്‍കുമാര്‍, ഏരിയ സെക്രട്ടറി എസ് നീലകണ്ഠന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് ആര്‍എസ്എസ് സംഘം നാരായണന്‍നായരെ വീടിനുള്ളില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്. എസ്എഫ്ഐ വെള്ളറട ഏരിയ സെക്രട്ടറിയായ മകന്‍ ശിവപ്രസാദിനെ ലക്ഷ്യമിട്ടെത്തിയ ആര്‍എസ്എസ് സംഘം നാരായണന്‍നായരെ ശരീരമാസകലം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശിവപ്രസാദ് ചികിത്സയിലാണ്.

നാരായണന്‍നായര്‍ വധം: പ്രതികളെ പിടികൂടുന്നതില്‍പൊലീസ് വീഴ്ച വരുത്തുന്നു

വെള്ളറട: സിപിഐ എം ആനാവൂര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും കെഎംസിഎസ്യു സംസ്ഥാനനേതാവുമായ നാരായണന്‍നായരെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും പിടികൂടുന്ന കാര്യത്തില്‍ പൊലീസ് വീഴ്ചവരുത്തുന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും ആര്‍എസ്എസ് കാര്യാലയങ്ങളില്‍നിന്ന് നല്‍കുന്ന ലിസ്റ്റ് അനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

എസ്എഫ്ഐ പഠിപ്പുമുടക്ക് സമരത്തില്‍ പങ്കെടുത്ത് പ്രകടനം നടത്തിവന്ന എസ്എഫ്ഐ ഏരിയ സെക്രട്ടറി ശിവപ്രസാദിനുനേരെ കീഴാറൂര്‍ സ്വദേശി വിനയചന്ദ്രന്‍ ഓടിച്ചുവന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറ്റാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു വിനയചന്ദ്രന്റെ അതിക്രമം. 2012ല്‍ നാരായണന്‍നായരുടെ മകന്‍ ശിവപ്രസാദിനെ വധിക്കാന്‍ ശ്രമിച്ച പ്രതികളാണ് ഈ കേസിലും പിടിയിലായത്. വിനയചന്ദ്രന്റെ സഹോദരന്മാരാണ് പിടിയിലായ അനില്‍കുമാറും അജയകുമാറും. നാരായണന്‍നായരുടെ വധത്തിനുപിന്നില്‍ ഇരുപതോളം പേര്‍ ഉണ്ടെന്ന് പൊലീസ് പറയുമ്പോള്‍ എട്ടുപേരെ മാത്രമാണ് ഇതുവരെ പിടികൂടിയത്. സംഭവത്തിനുപിന്നില്‍ കീഴാറൂരിലെ പ്രമുഖ ആര്‍എസ്എസ് ഗുണ്ടകളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടും പൊലീസ് തുടരുന്ന മൗനത്തില്‍ ദുരൂഹത ഉയരുകയാണ്. ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളുടെ വീട്ടില്‍ രാത്രി ആക്രമണം അഴിച്ചുവിട്ട് ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് തുടരുന്ന ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും സംഭവത്തിനുപിന്നിലെ എല്ലാ ക്രിമിനലുകളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

deshabhimani

No comments:

Post a Comment