Sunday, November 10, 2013

വാഗ്ദാനം മനോരമ വാര്‍ത്തയിലൊതുങ്ങി

റെയില്‍വേയുടെയും സര്‍ക്കാരിന്റെയും അനാസ്ഥയില്‍ കുടിയിറക്കപ്പെടുന്നവര്‍ പെരുവഴിയിലാകുമെന്നറിഞ്ഞിട്ടും മനോരമയ്ക്ക് മിണ്ടാട്ടമില്ല. മനോരമയ്ക്ക് വികസനത്തിന് ഭൂമി നല്‍കുന്നവര്‍ക്ക് പകരം തൊഴില്‍ നല്‍കാന്‍ റെയിവേ ഉത്തരവിറക്കി എന്നായിരുന്നു 2010 ഒക്ടോബര്‍ എട്ടിന്റെ മനോരമ വാര്‍ത്ത. പക്ഷേ ഇതുവരെ ആര്‍ക്കും തൊഴില്‍ ലഭിച്ചില്ല. ഉത്തരവനുകരിച്ച് സ്ഥലമുടമയ്ക്ക് "പേ ബാന്‍ഡ് ഒന്ന്" വിഭാഗത്തില്‍ 5200 - 20,200 രൂപ സ്കെയിലില്‍ തൊഴില്‍ നല്‍കാനാണ് തീരുമാനമെന്നായിരുന്നു മനോരമയുടെ പ്രഖ്യാപനം. ഭൂമി പൂര്‍ണമായോ, ഭാഗികമായോ വിട്ടുകൊടുക്കുന്ന ഉടമയ്ക്കോ/മകന്‍/മകള്‍/ഭാര്യ/ഭര്‍ത്താവ് എന്നിവരില്‍ ഒരാള്‍ക്കാണ് ജോലി നല്‍കുക. നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കാന്‍ ജനറല്‍ മാനേജര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടത്രേ. ഇനി നിശ്ചിത യോഗ്യത ഇല്ലെങ്കിലും എഴുത്തും വായനയും അറിയാവുന്നവര്‍ക്കും അര്‍ഹതയുണ്ടാകും. പ്രത്യേക ഉത്തരവ് പ്രകാരം നേരിട്ടുള്ള നിയമനമായതിനാല്‍ അടിസ്ഥാന ജോലികളിലെ ആള്‍ ക്ഷാമവും ഇതോടെ പരിഹരിക്കപ്പെടുമെന്ന് റെയില്‍വേ വിലയിരുത്തുന്നുവെന്നാണ് മനോരമ പറയുന്നത്.

സ്ഥലത്തിന് ഒന്നിലധികം അവകാശികള്‍ ഉണ്ടെങ്കില്‍ ജോലിക്ക് അര്‍ഹതപ്പെട്ടയാള്‍ ആരെന്ന് സ്ഥലമെടുപ്പിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ തീരുമാനിക്കുമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഭൂമി നഷ്ടപ്പെടുന്ന കുടുംബത്തിലെ ഒരാള്‍ക്കേ ജോലി നല്‍കൂ എന്നും ഉത്തരവില്‍ പറയുന്നു എന്നാണ് മനോരമ പറയുന്നത്. ഭൂമി വിട്ടു നല്‍കിയതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നോ, മറ്റേതെങ്കിലും മാര്‍ഗത്തിലോ ഭൂമി ലഭിച്ചാല്‍ നിയമനത്തിന് അര്‍ഹതയില്ല. ഇക്കാര്യം എംപി, എംഎല്‍എ, ഗസറ്റഡ് ഓഫീസര്‍ എന്നിവരില്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തി വേണം അപേക്ഷ നല്‍കാനെന്നും വാര്‍ത്തയില്‍ പറയുന്നു. എംപിയും എംഎല്‍എയും ഉദ്യോഗസ്ഥരും കൈവിട്ടതുകൊണ്ടാണിപ്പോള്‍ നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. കുടിയിറക്കപ്പെടുന്നവര്‍ക്ക് അമിത ആവശ്യങ്ങളൊന്നുമില്ല. തലചായ്ക്കാനൊരിടം. തൊഴില്‍ കിട്ടിയാല്‍ അത്രയും ആശ്വാസം, പക്ഷേ ആര് സഹായിക്കും ...? അതാണ് അവരെ വിഷമിപ്പിക്കുന്ന ചോദ്യം.

കുടിയൊഴിയേണ്ടവര്‍ നീതിക്കായി മാര്‍ച്ച് നടത്തി

കോട്ടയം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി. റെയില്‍വേയും സര്‍ക്കാരും നീതി പാലിക്കണമെന്നാവിശ്യപ്പെട്ട് ചിങ്ങവനം ജനകീയസമിതി നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. 2011 ല്‍ നിശ്ചയിച്ച ഭൂമി വില പുനര്‍നിര്‍ണയിക്കുക, വീടൊഴിയാന്‍ ആറുമാസത്തെ സാവകാശം അനുവദിക്കുക, ഭൂമിവില ഒറ്റത്തവണയായി നല്‍കുക, ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്ക് ജോലി എന്ന വാഗ്ദാനം പാലിക്കുക, ഏറ്റെടുക്കുന്ന ബാക്കി ഭൂമിയില്‍ വീട് വയ്ക്കാന്‍ അനുവദിക്കുകയോ ബാക്കി ഭൂമികൂടി ഏറ്റെടുക്കുകയോ ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. കലക്ടറേറ്റ് പരിസരത്ത് കേന്ദീകരിച്ച് പ്രകടനമായാണ് നാട്ടുകാര്‍ എത്തിയത്. റെയില്‍വേ സ്റ്റേഷന്റെ മുഖ്യ കവാടത്തില്‍ നടത്തിയ ധര്‍ണ അഡ്വ. കെ സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം കെ പ്രഭാകരന്‍, അഡ്വ. കെ അനില്‍ കുമാര്‍, പി ജെ വര്‍ഗീസ്, പി കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സമിതി പ്രവര്‍ത്തകരായ ബി വിജയകുമാര്‍, കെ ആര്‍ സുഗുതന്‍, സന്തോഷ്, ഭാസി, പി കെ രവി, ചന്ദ്രന്‍, മോന്‍സി ചാക്കോ, തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

നിലവിലുള്ള റെയില്‍പാതയോടു ചേര്‍ന്ന് 20 മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഒഴിപ്പിക്കപ്പെടുന്നവരിലധികവും രണ്ടും മൂന്നും സെന്റ് ഭൂമിയും ചെറിയ വീടും ഉള്ളവരാണ്. നിലവില്‍ വീടും വസ്തുവും വിട്ടുകൊടുക്കുന്നതായുള്ള സമ്മതപത്രം റെയില്‍വേ നേരത്തെ വാങ്ങിയിരുന്നു. സെന്റൊന്നിന്1,33,360 രൂപയാണ് 2011 ല്‍ നിശ്ചയിച്ചത്. 2013 അവസാനിക്കാറായപ്പോള്‍ പഴയ വിലയില്‍ തങ്ങള്‍ക്ക് എങ്ങും ഭൂമിലഭിക്കില്ലെന്ന് കുടിയിറങ്ങേണ്ടവര്‍ പറയുന്നു. അതുകൊണ്ടാണ് വില പുനര്‍ നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ടത്. നിലവില്‍ 80 ശതമാനം തുകയാണ് ആദ്യ ഗഡുവായി നല്‍കുക. വീടു പൂട്ടി താക്കോല്‍ കൈമാറിയെങ്കിലേ ഈ തുക ലഭിക്കൂ. ഒരു പുതിയ വീടോ വസ്തുവോ വാങ്ങാന്‍ സാവകാശമില്ല. പണം കൈപ്പറ്റിയാല്‍ പിന്നെ ഭൂമിയില്‍ തിരികെ പ്രവേശിക്കാനാകില്ല. പോയിക്കഴിഞ്ഞാല്‍ വീടിനോ വസ്തുവിനോ എന്തെങ്കിലും നാശമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വവും ഒഴിയുന്നവര്‍ക്ക് തന്നെയാണ്. അത്തരം നാശനഷ്ടങ്ങള്‍ ഈടാക്കാനാണ് 20 ശതമാനം പണം പിടിച്ചുവയ്ക്കുന്നത്. ഈ മേഖലയില്‍ ഒരു വാടക വീട് പോലും കിട്ടാനില്ല. കണ്ടത്തിനുപോലും രണ്ട് ലക്ഷത്തിന് മുകളില്‍ വില നല്‍കേണ്ടിവരും. ഈ സാഹചര്യത്തിലാണ് വീടൊഴിയാന്‍ ആറുമാസത്തെ സമയം ചോദിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ നിഷേധ നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടുള്ളത്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ, എംപി ജോസ് കെ മാണിയോ ഇടപെടാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ജനകീയസമിതി രൂപികരിച്ചത്.

deshabhimani

No comments:

Post a Comment