Sunday, November 10, 2013

മുഖ്യമന്ത്രി കോള്‍ക്കര്‍ഷകരെ വഞ്ചിച്ചു

തൃശൂര് ജില്ലയിലെ കോള്‍ക്കര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയും കൃഷിമന്ത്രിയും നല്‍കിയ വാഗ്ദാനങ്ങള്‍ പ്രഖ്യാപനത്തിലൊതുങ്ങി. പമ്പിങ് സബ്സിഡിയും ഉല്‍പ്പാദനബോണസും വര്‍ധിപ്പിച്ചുനല്‍കാമെന്നു പറഞ്ഞാണ് ഇവര്‍ കര്‍ഷകരെ കബളിപ്പിച്ചത്. രാസവള വിലവര്‍ധനയും നെല്ലിന് ആവശ്യമായ വില ലഭിക്കാത്തതുമുള്‍പ്പെടെ നിരവധി പരാധീനതകളില്‍ കുടുങ്ങി ജില്ലയിലെ കോള്‍ക്കര്‍ഷകര്‍ നട്ടം തിരിയുന്നതിനിടെയാണ് ഈ ചതി. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഒരുനടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. സമയംതെറ്റിയെത്തിയ മഴയും കോള്‍മേഖലയിലെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കി. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പ്രക്ഷോഭപാതയിലാണ്.

കോള്‍മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 2011 ഡിസംബര്‍ ഏഴിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൃഷിമന്ത്രി കെ പി മോഹനന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പമ്പിങ് സബ്സിഡി ഹെക്ടറിന് 750 രൂപയാക്കി വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ഉറപ്പുനല്‍കിയത്. കോള്‍പ്പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിനുള്ളതാണ് പമ്പിങ് സബ്സിഡി. ഇതോടൊപ്പം ഉല്‍പ്പാദനബോണസ് 1000 രൂപയാക്കി വര്‍ധിപ്പിക്കാമെന്നും ഇവര്‍ ഉറപ്പുനല്‍കി. കൃഷി ചെയ്യുന്നതിന് ഓരോ വിളവിലും കര്‍ഷകര്‍ക്ക് നല്‍കുന്ന പ്രത്യേക പ്രോത്സാഹനബത്തയാണ് ഉല്‍പ്പാദനബോണസ്. സ്ഥിരം ബണ്ട് നിര്‍മാണത്തിന് ഭൂമി നല്‍കിയ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഉടന്‍ നല്‍കാനും യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല.

ഓരോ വിളകള്‍ക്കും മുമ്പ് താല്‍ക്കാലികചിറ കെട്ടണമെന്ന കര്‍ഷകരുടെ ആവശ്യത്തിലും നടപടിയുണ്ടായിട്ടില്ല. ഇതുമൂലം പാടശേഖരങ്ങള്‍ ഉപ്പുവെള്ള ഭീഷണിയിലാണ്. ഏനാമാക്കല്‍, ഇടിയഞ്ചിറ, കൊറ്റംകോട്, കൂത്തുമാക്കല്‍, ഇല്ലിക്കല്‍ എന്നീ റെഗുലേറ്ററുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി ഇലക്ട്രിക് മോട്ടോറുകള്‍ ഘടിപ്പിച്ച് പ്രവര്‍ത്തനസജ്ജമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.

നെല്‍സംഭരണവില നിലവില്‍ കിലോയ്ക്ക് 18 രൂപയാണ്. എന്നാല്‍, രാസവളത്തിന്റെയും കീടനാശിനിയുടെയും വിലവര്‍ധനയും കൂലിവര്‍ധനയും മറ്റുംമൂലം കൃഷിച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ നെല്‍സംഭരണവില കിലോയ്ക്ക് 25 രൂപയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. തൊഴിലാളികളെ കിട്ടാനില്ലായെന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് നെടുപുഴ മദാമ്മത്തോപ്പിലെ കര്‍ഷകനായ മത്തായി പറഞ്ഞു. മഴയില്‍ കൃഷി നശിച്ചത് കൂടുതല്‍ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണെന്നും കര്‍ഷകര്‍ കൂട്ടമായി കൃഷിയിടങ്ങളില്‍നിന്ന് പിന്‍വാങ്ങുകയാണെന്നും മത്തായി പറഞ്ഞു. യഥാസമയം നെല്ലിന്റെ വില കര്‍ഷകര്‍ക്ക് നല്‍കാത്തതും സംഭരണം നടത്താത്തതും കര്‍ഷകര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നു. കൃഷിനശിച്ച കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനും നടപടിയില്ല. മുല്ലശേരി, മണലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, പുഴയ്ക്കല്‍ മേഖലകളിലായാണ് ജില്ലയില്‍ കോള്‍മേഖല വ്യാപിച്ചുകിടക്കുന്നത്. മുപ്പതിനായിരത്തോളം ഏക്കര്‍ കോള്‍മേഖലയുണ്ടെന്നാണ് കണക്ക്.

deshabhimani

No comments:

Post a Comment