Thursday, November 14, 2013

ലാവ് ലിന്‍വിധി വായിക്കൂ, എന്നിട്ടു പ്രതികരിക്കൂ

പത്തനംതിട്ട: ലാവ്ലിന്‍കേസിലെ വിധിയില്‍ അസ്വാഭാവികത കാണുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ആ ഉത്തരവ് ഒന്നു വായിച്ചുനോക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നാട്ടിലെ വിജിലന്‍സ് കണ്ടു, സിബിഐയും സിഐജിയും കണ്ടു എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുമ്പോള്‍ അത്തരംകാര്യങ്ങള്‍ കോടതിയെന്തേ കാണാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. അത്തരം കാര്യങ്ങള്‍ പരിശോധിക്കാനാണല്ലോ കോടതി. മുല്ലപ്പള്ളിയുടെ വിയോജിപ്പ് വിധിയുടെ ഏതു ഭാഗത്താണെന്ന് വ്യക്തമാക്കണം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ ഒരാള്‍ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ കുറച്ചെങ്കിലും വസ്തുത വേണം. പാര്‍ടിയെ തകര്‍ക്കാനുള്ള ആയുധമായി കൊണ്ടുനടന്ന ഒരു സംഭവത്തിനാണ് ഇവിടെ അവസാനം കുറിച്ചത്. പത്തനംതിട്ട ഏരിയ കമ്മിറ്റി ഓഫീസായ സ. സി വി ജോസ് സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തശേഷം പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. ഇ കെ നായനാരുടെ മന്ത്രിസഭയില്‍ വൈദ്യുതി, സഹകരണ മന്ത്രിയായിരുന്നപ്പോള്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ചില നടപടികള്‍ കൈക്കൊണ്ടു. വൈദ്യുതി വകുപ്പിലെ താഴെക്കിടയിലുള്ളവര്‍ മുതല്‍ എല്ലാവരുമായി ഒത്തൊരുമിച്ചാണ് പദ്ധതികള്‍ നടപ്പാക്കിയത്. പിന്നീട് പാര്‍ടി സെക്രട്ടറിയായി ചുമതലയേറ്റു. അക്കാലത്ത് സിപിഐ എമ്മിനെ എതിര്‍ക്കുന്നവര്‍പോലും നല്ല വാക്കുകളേ പറഞ്ഞിട്ടുള്ളു. പാര്‍ടിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി എതിര്‍പ്പുകള്‍ പലരീതിയില്‍ വളര്‍ന്നുവരും. പാര്‍ടിയെ തകര്‍ക്കുക എന്നതിന്റെ ഭാഗമായി അതിന്റെ പ്രതീകമായി എന്നെ എതിര്‍ക്കുകയായിരുന്നു. ഇപ്പോള്‍ മഞ്ചേശ്വരംമുതല്‍ പാറശാലവരെയുള്ളവരുടെ പ്രതികരണം ഞാനെന്ന വ്യക്തിയെ കണ്ടല്ല. സിപിഐ എം എന്ന പാര്‍ടിയെപ്പറ്റി കേരളത്തിലെ ഓരോ പ്രദേശത്തുമുള്ള വിശ്വാസമാണ് അത് കാണിക്കുന്നത്. അതിന് ഞാനൊരു നിമിത്തമായി എന്നേ കാണുന്നുള്ളൂ. പാര്‍ടി സഖാക്കളും ബന്ധുക്കളും എല്‍ഡിഎഫും മാത്രമല്ല സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ സിപിഐ എമ്മിന്റെ വിശ്വാസം സംരക്ഷിക്കപ്പെട്ടതില്‍ സന്തോഷിക്കുകയാണെന്നും പിണറായി പറഞ്ഞു. സരിതയുടെ കേസിലുണ്ടായ ഹൈക്കോടതി നിരീക്ഷണം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടുതല്‍ വ്യക്തമായി. ഇനിയും മുഖ്യമന്ത്രിക്ക് ഒരു നിമിഷംപോലും അധികാരത്തിലിരിക്കാന്‍ യോഗ്യതയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

സരിത കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ മജിസ്ട്രേറ്റ് രേഖപ്പെടുത്താന്‍ തയ്യാറായില്ല. പിന്നീട് 22 പേജില്‍ എഴുതിക്കൊടുത്ത പരാതി നാലുപേജായി ചുരുങ്ങി. അവരുടെ പരാതിയില്‍ ഒട്ടേറെ ഉന്നതരുടെ പേരുകള്‍ എടുത്തു പറഞ്ഞിരുന്നു. "സരിതയുടെ അടുത്തേക്ക് അവരുടെ അമ്മയും ഒരു അദൃശ്യശക്തിയും എത്തുന്നു. അതോടെയാണ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത്. ഇതിനുശേഷമാണ് സരിത പ്രതിയായ ചില തട്ടിപ്പുക്കേസുകള്‍ പണം നല്‍കി ത്തീര്‍ത്തത്." ശക്തമായ പ്രക്ഷോഭം ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും എതിരേ ഉണ്ടാകുമെന്നും പിണറായി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള കടമ്മനിട്ട രാമകൃഷ്ണന്‍ സ്മാരക ലൈബ്രറി ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി വി കെ പുരുഷോത്തമന്‍പിള്ള അധ്യക്ഷനായി.

വേട്ടയാടിയത് പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ : പിണറായി

കണ്ണൂര്‍: പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തന്നെ ലാവ് ലിന്‍ കേസിന്റെ പേരില്‍ വേട്ടയാടിയിരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വൈദ്യുത മന്ത്രിയായിരുന്നപ്പോള്‍ പ്രശംസിച്ച മാധ്യമങ്ങള്‍ പാര്‍ടി സെക്രട്ടറി ആയപ്പോള്‍ നിലപാട് മാറ്റി. കേസിനെ യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കി മാറ്റി. കുപ്രചരണങ്ങള്‍ കൊടുമ്പിരിക്കൊണ്ട ലാവ്ലിന്‍ കേസില്‍നിന്നും കുറ്റവിമുക്തനാക്കപ്പെട്ടശേഷം ജന്മനാടായ പിണറായിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാവ് ലിന്‍ വിധി സംബന്ധിച്ച് പ്രതികരണം നടത്തുന്ന ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വിധി വായിച്ചശേഷം വേണം പ്രതികരിക്കാനെന്നും പിണറായി വിജയന്‍ പറഞ്ഞു. രാവിലെ വേദിയിലേക്ക് വാദ്യഘോഷങ്ങളോടെയാണ് പിണറായിയെ എതിരേറ്റത്. ജില്ല സെക്രട്ടറി പി ജയരാജന്‍ സ്വീകരണത്തില്‍ പങ്കെടുത്തു. വൈകീട്ട് കണ്ണൂര്‍ സെന്‍ട്രല്‍ കോര്‍ണറില്‍ ഉജ്ജ്വല റാലിയോടെ സ്വീകരണം നല്‍കും.

deshabhimani

No comments:

Post a Comment