Thursday, November 14, 2013

വികൃതമാക്കപ്പെട്ട മുഖങ്ങള്‍


ഒന്നാം ഭാഗം: ചോര വീഴുന്ന കേരളം

നിയമസഭയില്‍ 2013 ജൂലൈ ഒമ്പതിന് കെ വി അബ്ദുള്‍ഖാദറിന്റെ നക്ഷത്രചിഹ്നമിടാത്ത ചോദ്യം: "ടി പി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടതിനുശേഷം ഇതുവരെ ഏതെല്ലാം കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എത്രതവണ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചു?"" തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (ആഭ്യന്തര-വിജിലന്‍സ് വകുപ്പുമന്ത്രി) ഉത്തരം നല്‍കുന്നു.

"ടി പി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടശേഷം 31-05-2013 വരെ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ വിവരം താഴെ ചേര്‍ക്കുന്നു. "കേന്ദ്രമന്ത്രിമാര്‍: ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ (രണ്ട് പ്രാവശ്യം), ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ (ഒരു പ്രാവശ്യം), പ്രവാസികാര്യമന്ത്രി വയലാര്‍ രവി (ഒരു പ്രാവശ്യം) "സംസ്ഥാന മന്ത്രിമാര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി (ഒരു പ്രാവശ്യം), ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (മൂന്നുപ്രാവശ്യം), എം കെ മുനീര്‍, കെ പി അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, ഷിബു ബേബിജോണ്‍, ജയലക്ഷ്മി, പി കെ കുഞ്ഞാലിക്കുട്ടി, കെ പി മോഹനന്‍ (എല്ലാവരും ഒരു പ്രാവശ്യം)."

കോണ്‍ഗ്രസിനോട് "സന്ധിയില്ലാത്ത" യഥാര്‍ഥ ഇടതുപക്ഷ രാഷ്ട്രീയമാണ് തന്റേതെന്ന് പ്രഖ്യാപിച്ചയാളാണ് ടി പി ചന്ദ്രശേഖരന്‍. എന്നിട്ടും കൊലപാതകവിവരമറിഞ്ഞ് കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പട വടകരയിലേക്ക് കുതിച്ചു. ആ വിവരം രേഖപ്പെടുത്തിയ അതേ ഉത്തരത്തില്‍ത്തന്നെ (നക്ഷത്രചിഹ്നമിടാത്ത ചോദ്യം- 6997) മറ്റൊരു ചോദ്യത്തിനോടും തിരുവഞ്ചൂര്‍ പ്രതികരിക്കുന്നുണ്ട്. "തൃശൂര്‍ അയ്യന്തോളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചത് ഏത് തീയതിയിലായിരുന്നു" എന്നാണ് ചോദ്യം.

"മധു ഈച്ചരത്ത് വെട്ടേറ്റ് മരിച്ചത് 2013 ജൂണ്‍ ഒന്നിനാണ്" എന്നുത്തരം. മധു ഈച്ചരത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. കൊലപാതക വാര്‍ത്ത മാതൃഭൂമി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: ക്ഷേത്രദര്‍ശനംകഴിഞ്ഞ് ഭാര്യയോടൊപ്പം മടങ്ങുകയായിരുന്ന കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ ക്ഷേത്രനടയില്‍വെച്ച് വെട്ടിക്കൊന്നു. അയ്യന്തോള്‍ പി എം ലെയിനില്‍ ഈച്ചരത്ത് വീട്ടില്‍ മധു (44)വിനെയാണ് കൊലപ്പെടുത്തിയത്..... യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം തിരഞ്ഞെടുപ്പിനെച്ചൊല്ലി ഏപ്രില്‍ 14ന് നടന്ന അക്രമത്തില്‍ മധു പ്രതിയായിരുന്നു. പ്രേംജി കൊള്ളന്നൂര്‍ എന്ന "ഐ" ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയെ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.""

തൃശൂര്‍ രാമനിലയത്തില്‍നിന്ന് അയ്യന്തോളിലേക്ക് കഷ്ടിച്ച് നാലു കിലോമീറ്റര്‍. മുഖ്യമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും രാമനിലയത്തില്‍ പതിവു സന്ദര്‍ശകര്‍. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ക്ഷേത്രനടയില്‍ വെട്ടിനുറുക്കപ്പെട്ടതറിഞ്ഞ് ഒരാളും അയ്യന്തോളിലേക്ക് പോയില്ല. ആശ്രയം നഷ്ടപ്പെട്ട് നടുക്കടലില്‍പെട്ട കുടുംബത്തെ ആശ്വസിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ കേന്ദ്രമന്ത്രിമാര്‍ക്കോ തോന്നിയില്ല. അയ്യന്തോള്‍വഴി പോകുമ്പോള്‍ കൈകാട്ടി വണ്ടി നിര്‍ത്തിച്ച് തിരുവഞ്ചൂരിനെ പി എം ലെയിനിലെ ഈച്ചരത്ത് വീട്ടിലേക്ക് ആനയിക്കാനും ആരുമുണ്ടായില്ല.

മധു ഈച്ചരത്തില്‍ ഒതുങ്ങിയില്ല തൃശൂരിലെ കോണ്‍ഗ്രസിന്റെ ചോരക്കളി. അടുത്ത ഊഴം ലാല്‍ജി കൊള്ളന്നൂരിന്റേതായിരുന്നു. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനര്‍കൂടിയായ നേതാവ്. 2013ന്റെ സ്വാതന്ത്ര്യദിനപ്പിറ്റേന്ന് അയ്യന്തോള്‍ തേഞ്ചിത്തുകാവ് ക്ഷേത്രത്തിനടുത്ത് ലാല്‍ജി കൊലചെയ്യപ്പെട്ടു. ബൈക്കില്‍ പോകുമ്പോള്‍ പൊടുന്നനെയുള്ള ആക്രമണം. തല പിളര്‍ന്നിരുന്നു. മുഖത്ത് നിരവധി വെട്ടുകള്‍. കണ്ണുകള്‍ ചിതറിയ നിലയില്‍. മൃതദേഹം കാണാനോ ചിത്രമെടുക്കാനോ മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചില്ല. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ശരീരം പൂവില്‍പൊതിഞ്ഞുമാത്രം ദര്‍ശനാനുമതി.

തൃശൂരിനെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങളാണ് മധുവിന്റേതും ലാല്‍ജിയുടേതും. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ ഇരുവരെയും കൊന്നത് എതിര്‍രാഷ്ട്രീയക്കാരല്ല. പിടിക്കപ്പെട്ടവര്‍ ഖദര്‍ധാരികളാണ്; ക്രിമിനലുകളാണ്; പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ലാല്‍ജിയുടെ സഹോദരനും യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം പ്രസിഡന്റുമായ പ്രേംജി കൊള്ളന്നൂരിനെ കഴിഞ്ഞ വിഷുദിവസം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. മധു ഈച്ചരത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കെപിസിസി പ്രസിഡന്റിനും മന്ത്രി സി എന്‍ ബാലകൃഷ്ണും മറ്റും പരാതി നല്‍കി. നടപടിയുണ്ടായില്ല. പൊലീസും കോണ്‍ഗ്രസും അനങ്ങിയില്ല. ജൂണ്‍ ഒന്നിന് മധു ഈച്ചരത്തിനെ കൊന്ന് പകരംവീട്ടല്‍. ഇതിനുപിന്നില്‍ ലാല്‍ജിയാണെന്നാരോപിച്ച് ആഗസ്ത് 16ന് ലാല്‍ജിയെ കൊല്ലുന്നു. ഐ ഗ്രൂപ്പില്‍നിന്ന് നീതികിട്ടാതെ "എ" യിലേക്ക് മാറിയിട്ടും ലാല്‍ജി രക്ഷപ്പെട്ടില്ല. രണ്ടു കേസിലും ഏതാനും കോണ്‍ഗ്രസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്തതല്ലാതെ യഥാര്‍ഥ സൂത്രധാരന്മാരായ നേതാക്കളെ പൊലീസ് തൊട്ടില്ല. അന്വേഷിച്ചുചെന്നുമില്ല. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പുപോരില്‍ രണ്ടു കുടുംബങ്ങള്‍ അനാഥമാക്കപ്പെട്ടപ്പോള്‍ പ്രതിസ്ഥാനത്ത് പൊലീസുമുണ്ട് എന്നര്‍ഥം.

കൊല്ലപ്പെടുമ്പോള്‍ മധു "ഐ" ഗ്രൂപ്പിലും ലാല്‍ജി "എ" ഗ്രൂപ്പിലുമാണ്. മന്ത്രി സി എന്‍ ബാലകൃഷ്ണനും തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയും താമസിക്കുന്നതിന്റെ പരിസരത്തുതന്നെയാണ് ഇരുവര്‍ക്കും വേണ്ടപ്പെട്ട രണ്ട് യുവനേതാക്കള്‍ കൊലചെയ്യപ്പെട്ടത്. വധശിക്ഷ വിധിച്ച "പാര്‍ടി കോടതി" ആരുടേതാണെന്ന ചോദ്യം എവിടെയും ഉയര്‍ന്നുകേട്ടില്ല. കെപിസിസിയുടെ ന്യൂനപക്ഷ സെല്ലിന്റെ ജില്ലാ കണ്‍വീനറായി ലാല്‍ജിയെ തെരഞ്ഞെടുത്തപ്പോള്‍ ഉപഹാരംനല്‍കി അനുമോദിച്ചവരില്‍ ബെന്നി ബഹനാന്‍, തലേക്കുന്നില്‍ ബഷീര്‍ തുടങ്ങിയ പ്രമുഖ നേതാക്കളുണ്ടായിരുന്നു. പക്ഷേ, ലാലൂരിലെ ബത്ലഹേം എന്ന വീട്ടില്‍ ലാല്‍ജിയുടെ വേര്‍പാടില്‍ ഹൃദയംതകര്‍ന്ന് കഴിയുന്ന ഭാര്യ ഷോബിയെയും അമല്‍, അക്ഷയ് എന്നീ കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ ഒരു സംസ്ഥാനനേതാവും ഇന്നുവരെ ചെന്നിട്ടില്ല. അങ്ങനെയൊരു കൊലപാതകം നടന്നതായി സംസ്ഥാന ആഭ്യന്തരമന്ത്രി "അറിഞ്ഞതു"മില്ല.

ആഭ്യന്തരമന്ത്രിക്കു മുന്നില്‍ നിരവധി ചോദ്യങ്ങള്‍ തൃശൂരില്‍നിന്ന് ഉയരുന്നുണ്ട്. കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ടാല്‍ അതിനെ രാഷ്ട്രീയ കൊലപാതകമെന്ന് വിളിക്കാമോ? കക്ഷിക്കുള്ളിലെ ഗ്രൂപ്പുപോരില്‍ "രക്തസാക്ഷികള്‍" ജനിക്കുമോ? ഗ്രൂപ്പിനകത്തെ പോരിനപ്പുറം വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് മധു കൊല്ലപ്പെട്ടപ്പോള്‍ പൊലീസിനെക്കൊണ്ട് പറയിപ്പിച്ചത്.

ക്ഷേത്രമുറ്റത്ത് മധുവിനെ വെട്ടിനുറുക്കിയത് ഭാര്യ ജ്യോതിയുടെ കണ്‍മുന്നിലിട്ടാണ്. ക്ഷേത്രത്തിനുമുന്നിലെ റോഡില്‍ ദീപസ്തംഭത്തിനരികെ സുഹൃത്തുമായി സംസാരിച്ചുനില്‍ക്കെ മധുവിനെ ആക്രമിക്കുമ്പോള്‍ "അവന്‍ ചത്തില്ലേ" എന്ന് വിളിച്ചുചോദിച്ചത് ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു എന്നതിന് മധുവിന്റെ മകന്‍ മിഥുന്‍ സാക്ഷി. ഓട്ടോ ഇടിച്ച് വീഴ്ത്തിയശേഷം മധു എഴുന്നേല്‍ക്കാതിരിക്കാന്‍ പ്രതികളിലൊരാള്‍ ചവിട്ടിപ്പിടിച്ചു. ""യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായപ്പോള്‍ അച്ഛന്റെ മുഖം വികൃതമാക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. അതുപോലെ ചെയ്തു""- മിഥുന്റെ വാക്കുകള്‍. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ടി എന്‍ പ്രതാപനും കെ പി വിശ്വനാഥനും പരസ്യമായി ആവശ്യപ്പെട്ടു. പൊലീസ് അത് കേട്ടതേയില്ല. മാധ്യമങ്ങള്‍ ഗൗനിച്ചുമില്ല.

"തൃശൂരില്‍ കോണ്‍ഗ്രസ് നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു" എന്ന വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചത് പതിമൂന്നാം പേജിലെ ചരമക്കോളത്തിലാണ്. "കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂര്‍ വെട്ടേറ്റുമരിച്ചു" എന്ന തലക്കെട്ടില്‍ മലയാള മനോരമയും ചരമപ്പേജില്‍ വാര്‍ത്ത ഒതുക്കി. കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ടാല്‍ അത്രമതി എന്നുകരുതിയല്ല ഈ നിസ്സംഗത. ഭരണത്തിന്റെ മാഫിയാമുഖം മറച്ചുവയ്ക്കാനാണ്; ക്രമസമാധാനത്തകര്‍ച്ച മൂടിവയ്ക്കാനാണ്; കൊലപാതകത്തിനു പിന്നാലെ അന്വേഷിച്ചുചെന്നാല്‍, ഭരണകക്ഷിയുടെ ഭയാനകമായ മാഫിയാമുഖം പുറത്തുവരും എന്നതുകൊണ്ടാണ്.

കൊല്ലപ്പെട്ടവരും കൊന്നവരും വന്‍കിട സാമ്പത്തിക ഇടപാടുകാരാണ്. അവര്‍ക്കു പിന്നില്‍ ഖദര്‍ധാരികളായ മഹാനേതാക്കളുണ്ട്. ഭരണത്തിന്റെ മറവിലും തണലിലും റിയല്‍എസ്റ്റേറ്റ്- മണല്‍- മദ്യ- മയക്കുമരുന്നു മാഫിയകള്‍മുതല്‍ കള്ളനോട്ട്- ക്വട്ടേഷന്‍ സംഘങ്ങള്‍വരെ തഴച്ചുവളരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെടുമ്പോള്‍, രാഷ്ട്രീയ കൊലപാതകം എന്ന് പറയാന്‍ മടിക്കുകയും ജഡം പുറത്തുകാണിക്കാന്‍ വിസമ്മതിക്കുകയും അനുശോചിക്കാന്‍പോലും അറച്ചുനില്‍ക്കുകയും ചെയ്യുന്ന ഭരണനേതൃത്വം സ്വയം സമ്മതിക്കുകയാണ്- തങ്ങള്‍ മാഫിയാ നേതാക്കളുമാണെന്ന്. വെട്ടിവെട്ടി സ്വന്തക്കാരുടെ മുഖം ചിന്നിച്ചിതറിക്കാന്‍ മടിക്കാത്തവര്‍, സ്വന്തം വികൃതമുഖം മറച്ചുവയ്ക്കാന്‍ പൊലീസിനെ ആശ്രയിക്കുന്നു; മാധ്യമങ്ങളെ ശരണംപ്രാപിക്കുന്നു. സഹപ്രവര്‍ത്തകരുടെ ജീവരക്തം വീഴ്ത്തിയ മണ്ണില്‍ ചവിട്ടിത്തന്നെ, കൊലക്കത്തികള്‍ ഖദറിലൊളിപ്പിച്ച് അവര്‍ ചോദിക്കുന്നു: ""എവിടെ രാഷ്ട്രീയ കൊലപാതകം"" എന്ന്. (അവസാനിക്കുന്നില്ല)

പി എം മനോജ്

No comments:

Post a Comment