Thursday, November 14, 2013

സരിതയുടെ മൊഴി: ഉന്നതരെ രക്ഷിക്കാന്‍ വന്‍ ഗൂഢാലോചന നടത്തി

സോളാര്‍തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരെ ബലാത്സംഗം ചെയ്തവരുടെ കൂട്ടത്തില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതരുണ്ടെന്ന് വ്യക്തമായ സൂചന. സരിതയുടെ രഹസ്യമൊഴി മജിസ്ട്രേട്ട് അട്ടിമറിച്ച വിവരം പുറത്തായതോടെ തെളിയുന്നത് ഉന്നതരെ രക്ഷിക്കാന്‍ നടത്തിയ വന്‍ ഗൂഢാലോചനയാണ്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എന്‍ വി രാജുവിന് നല്‍കിയ രഹസ്യമൊഴിയിലാണ് താന്‍ ബലാത്സംഗത്തിനിരയായെന്ന് സരിത വെളിപ്പെടുത്തിയത്.

ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ എസിജെഎം ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എസിജെഎമ്മിനെ പ്രധാന സാക്ഷിയാക്കി പൊലീസിന് കേസെടുക്കേണ്ടിവരും. ഹൈക്കോടതി രജിസ്ട്രാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും അന്വേഷിക്കാന്‍ നിര്‍ദേശിച്ച് പൊലീസിന് കൈമാറേണ്ടിവരുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അതേസമയം, സരിത പറഞ്ഞതൊന്നും തനിക്ക് സത്യസന്ധമായി തോന്നാത്തതിനാലാണ് രേഖപ്പെടുത്താത്തതെന്നാണ് മൊഴിയെടുത്ത മജിസ്ട്രേറ്റ് ഹൈക്കോടതി രജിസ്ട്രാര്‍ മുമ്പാകെ ന്യായീകരിച്ചത്. ചിലരുടെ പേരും ഏതാനും സാമ്പത്തിക ഇടപാടുകളും പറഞ്ഞെങ്കിലും ശ്രദ്ധിച്ചില്ല.

തട്ടിപ്പ് പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് (ജൂലൈ 20) പലരും പീഡിപ്പിച്ചുവെന്ന് സരിത മജിസ്ട്രേട്ടിന് മൊഴി നല്‍കിയത്. ആരെങ്കിലും ബലാത്സംഗം ചെയ്തിട്ടുണ്ടോ എന്ന് എസിജെഎം ചോദിച്ചപ്പോള്‍ "ഉണ്ട്"എന്നായിരുന്നു മൊഴി. എന്നാല്‍, ഇത് ആരെന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ചോദിച്ച് മജിസ്ട്രേട്ട് രേഖപ്പെടുത്തിയില്ല. എന്നാല്‍, രജിസ്ട്രാര്‍ക്ക് എസിജെഎം നല്‍കിയ മൊഴി "അവര്‍ ചിലരുടെ പേര് പറഞ്ഞു, മറ്റ് കാര്യങ്ങളും പറഞ്ഞു" എന്നാണ്. പേരുകള്‍ എസിജെഎം പൊലീസിനോട് പറയേണ്ടിയുംവരും.

മൊഴി അട്ടിമറിച്ചെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ബലാത്സംഗ-പീഡനക്കുറ്റങ്ങള്‍ ചുമത്തി പൊലീസിന് സ്വമേധയാ കേസെടുക്കാനും ബാധ്യതയുണ്ട്. എന്നാല്‍, ഇതും തേച്ച്മാച്ച് കളയാന്‍ ഇടപെടല്‍ തുടങ്ങി. ഉന്നതര്‍ക്കെതിരായുള്ള സരിതയുടെ മൊഴി പൂര്‍ണമായും ഇല്ലാതാക്കാന്‍ കേരളം ഇതേവരെ കണ്ടിട്ടില്ലാത്ത വിധമാണ് ഭരണതലത്തില്‍ ഗൂഢാലോചന നടന്നത്. മജിസ്ട്രേട്ട് മൊഴി രേഖപ്പെടുത്താതിരുന്നതും ഇതിന്റെ ഭാഗമായാണ്. എസിജെഎം നിര്‍ദേശിച്ചതനുസരിച്ച് പിന്നീട് സരിത എഴുതി നല്‍കിയ 22 പേജുള്ള മൊഴി കോടതിയിലെത്താതിരിക്കാനും ഗൂഢാലോചന നടന്നു.

സരിതയുടെ മൊഴിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതരുണ്ടെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇതും മുക്കിയത്. ഈ മൊഴി സ്വീകരിക്കാന്‍ തയ്യാറാകാത്ത എസിജെഎം ജയില്‍ സൂപ്രണ്ട് മുഖേന പരാതി എഴുതിനല്‍കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് സുരക്ഷാകാരണം പറഞ്ഞ് പെട്ടെന്ന് സരിതയെ പത്തനംതിട്ട ജയിലില്‍നിന്നും തിരുവനന്തപുരത്തേക്ക് മാറ്റി. ഇവിടെവച്ച് നാല് പേജ് മൊഴി തട്ടിക്കൂട്ടിയതോടെ ഉന്നതര്‍ "സുരക്ഷിതരായി".

ഇതിനിടയില്‍ ഉന്നത പൊലീസ് മേധാവികളും അജ്ഞാതനും ജയില്‍ സന്ദര്‍ശിച്ചു, പണമിടപാടുകളും പ്രലോഭനങ്ങളുമുണ്ടായി. സരിതയുടെ മൊഴിമാറ്റം നടന്ന് ദിവസങ്ങള്‍ക്കകം തന്നെ ലക്ഷങ്ങളൊഴുക്കി കേസുകളോരാന്നായി ഒത്തുതീര്‍ക്കാന്‍ തുടങ്ങി. ഈ പണം എവിടെ നിന്നെന്നുപോലും പ്രത്യേക അന്വേഷണ സംഘം തിരക്കിയില്ല. സരിതയുടെ 22 പേജുള്ള മൊഴി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ കൈപ്പറ്റിയതിന് പത്തനംതിട്ട ജയിലില്‍ രേഖയുണ്ട്. ഈ മൊഴി ഹാജരാക്കാന്‍ അഭിഭാഷകനും ബാധ്യതയുണ്ട്.

അസത്യമെന്ന് തോന്നിയതിനാല്‍ രേഖപ്പെടുത്തിയില്ല: മജിസ്ട്രേട്ട്

കൊച്ചി: ബലാത്സംഗത്തിന് ഇരയായെന്ന സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്നത് മൊഴി സത്യസന്ധമല്ലെന്ന് തോന്നിയതിനാലാണെന്ന് മജിസ്ട്രേട്ട് എന്‍ വി രാജു ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറിനു നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തി. "പലരും ലൈംഗികമായി മുതലെടുത്തുവെന്ന് സരിത പറഞ്ഞു. അരെങ്കിലും ബലാത്സംഗം ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ "ഉണ്ട്" എന്ന് പറഞ്ഞു. ഇത് ചോദ്യം മുതലെടുത്ത് സരിത പറഞ്ഞതാണെന്ന് തോന്നി. അതുകൊണ്ടാണ് ആര്‍ക്കെങ്കിലും എതിരെ പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടത്"-മജിസ്ട്രേട്ട് മൊഴിയില്‍ പറഞ്ഞു. "ഒന്നുരണ്ട് ആളുകളുടെ പേരും എന്തോ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സരിത പറഞ്ഞു. അതു ശ്രദ്ധിക്കാതെ നടപടി രേഖപ്പെടുത്തി." "പൊലീസ് കസ്റ്റഡി സംബന്ധിച്ച പരാതി കേള്‍ക്കാന്‍ മാത്രമാണ് സരിതയ്ക്ക് അവസരം നല്‍കിയത്. മറ്റാരെയെങ്കിലുംകുറിച്ചുള്ള പരാതി കേള്‍ക്കാനോ അതില്‍ തീരുമാനമെടുക്കാനോ ആയിരുന്നില്ല. പൊലീസ് പീഡനത്തെക്കുറിച്ച് സരിത പരാതി ഉന്നയിച്ചിട്ടില്ല." "കോടതിയില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് ആരോടും പറഞ്ഞിട്ടില്ല. സരിതയുടെ ഒരു മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.

കോടതിയിലെ സിറ്റിങ് പകല്‍ 2.30ന് ആരംഭിക്കുംമുമ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി തന്നെ ചേംബറില്‍ വന്നുകണ്ടു. മന്ത്രിമാരുടെ പേരുകള്‍ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തിയതായി വാര്‍ത്ത വരുന്നുണ്ടെന്ന് പറഞ്ഞു." അതേസമയം, തന്നെ ലൈംഗികമായി പലരും ഉപയോഗിച്ചതായി മജിസ്ട്രേട്ട് മുമ്പാകെ മൊഴി നല്‍കിയിരുന്നുവെന്ന് സരിത ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറോട് പറഞ്ഞു. അഭിഭാഷകന്‍ മുഖേന എഴുതി നല്‍കാന്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടിരുന്നതായും സരിത രജിസ്ട്രാറോട് പറഞ്ഞു. സെപ്തംബര്‍ 24ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിയാണ് രജിസ്ട്രാര്‍ എസ് മോഹന്‍ദാസ് സരിതയുടെ മൊഴി എടുത്തത്. ജൂലൈ 20ന് സരിതയെ എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍, അഡ്വ. എ ജയശങ്കര്‍ എന്നിവര്‍ നല്‍കിയ പരാതിയിലായിരുന്നു രജിസ്ട്രാറുടെ അന്വേഷണം.

സരിതയുടെ മൊഴി വീണ്ടുമെടുത്തേക്കും

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ സരിത എസ് നായരുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് അട്ടിമറിച്ച സാഹചര്യത്തില്‍ സരിതയുടെ മൊഴി വീണ്ടുമെടുത്തേക്കും. താന്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നതടക്കം സരിത വെളിപ്പെടുത്തിയ ഗൗരവമേറിയ വിവരങ്ങളാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എന്‍ വി രാജു രേഖപ്പെടുത്താതെ വിട്ടുകളഞ്ഞത്. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് മൊഴി അട്ടിമറിച്ചുവെന്ന ഞെട്ടിക്കുന്ന വസ്തുത പുറത്തായത്. സോളാര്‍ കേസിന്റെ നേരായ ദിശയിലുള്ള തുടരന്വേഷണത്തിനും മൊഴി അട്ടിമറിച്ച മജിസ്ട്രേറ്റിനെതിരായ അന്വേഷണത്തിനും സരിതയുടെ മൊഴി വീണ്ടുമെടുക്കേണ്ടി വരുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സോളാര്‍ കേസ് പുതിയ വഴിത്തിരിവിലത്തി. റിപ്പോര്‍ട്ട് സോളാര്‍ കേസിന്റെ തന്നെ അന്വേഷണ ഗതി മാറ്റിമറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൊഴി രേഖപ്പെടുത്തുന്നതില്‍ മജിസ്ട്രേട്ടിന് വീഴ്ചപറ്റിയെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്. മജിസ്ട്രേട്ടിനോട് ഹൈക്കോടതി വിശദീകരണം തേടി. ഇന്‍ക്യാമറ നടപടിക്രമത്തിന്റെ കാര്യം കോടതിരേഖകളില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ട്? പരാതി എഴുതിത്തയ്യാറാക്കുന്നതിന് സരിതയ്ക്ക് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്റെ സഹായം നിഷേധിച്ചത് എന്തിന്? ജയിലില്‍ പോയി പരാതി എഴുതിയെടുക്കാന്‍ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ നിരസിച്ച് "മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒരുകെട്ടു നുണകള്‍" എന്ന പരാമര്‍ശം നടത്തിയത് എന്തിന്? സരിതയ്ക്ക് പരാതിയുണ്ടെന്നു പറഞ്ഞപ്പോള്‍ അത് രേഖപ്പെടുത്തുകയോ എഴുതിനല്‍കാന്‍ കടലാസ് നല്‍കാതിരിക്കുകയോ ചെയ്തത് എന്തുകൊണ്ട്? എന്നീ കാര്യങ്ങളിലാണ് വിശദീകരണം തേടിയിട്ടുള്ളത്. മജിസ്ട്രേട്ടിന്റെ മറുപടിയുടെ അടിസ്ഥാനത്തിലാകും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സമിതി തുടര്‍നടപടി സ്വീകരിക്കുക.

ഇതിനിടെ സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കു നല്‍കിയ മൊഴിയുടെ വിശദാംശങ്ങളും പുറത്തുവന്നു. നിര്‍ണായക വിവരങ്ങളാണ് സരിത വെളിപ്പെടുത്തിയതെന്നും എന്നാല്‍, ഇത് പുറത്തുപറയാന്‍ പാടില്ലെന്നും ഫെനി നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഉന്നതരുടെ പേരുകള്‍ സരിതയുടെ മൊഴിയില്‍ ഉണ്ടെന്നും ഫെനി വ്യക്തമാക്കി. എന്നാല്‍ ഇതുമായി ഒരു ബന്ധവുമില്ലാത്തതാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്കു നല്‍കിയ മൊഴി. സരിത കോടതിമുറിയില്‍ പറഞ്ഞത് താന്‍ കേട്ടില്ലെന്നാണ് ഫെനി മൊഴി നല്‍കിയിരിക്കുന്നത്. "മജിസ്ട്രേട്ടിനോട് സരിത സാക്ഷിക്കൂടിന് അടുത്തുനിന്ന് പതുക്കെയാണ് സംസാരിച്ചത്. ഇത് മജിസ്ട്രേട്ട് എഴുതിയെടുത്തോ എന്നു കണ്ടില്ല. കോടതിയില്‍നിന്ന് പുറത്തേക്കു വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നെ വളഞ്ഞു. തിരക്കില്‍ തന്റെ ഗൗണ്‍ കീറി. പിന്നീട് പൊലീസ് സഹായത്തോടെയാണ് ഇവിടെനിന്നു പോയ"തെന്നും ഫെനി ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. എന്നാല്‍ മജിസ്ട്രേട്ടിനോടു പറയാന്‍ സരിതയോട് ഫെനി ആംഗ്യംകാണിക്കുന്നതു കണ്ടെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനായ മല്ലിനാഥ് നല്‍കിയ മൊഴിയില്‍ പറയുന്നു.

മജിസ്ട്രേട്ടിനെ പിരിച്ചുവിടണം: പിണറായി

തിരു: സോളാര്‍ അഴിമതി കേസിലെ പ്രതി സരിത എസ് നായരുടെ മൊഴി അട്ടിമറിച്ചതിനു പിന്നില്‍ ഉന്നതര്‍ ഉള്‍പ്പെട്ട വന്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബലാത്സംഗം ചെയ്യപ്പെട്ടതായി സരിത മജിസ്ട്രേട്ടിന് പരാതി നല്‍കിയിരുന്നുവെന്ന ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തല്‍ ഗൗരവമുള്ളതാണ്.ഈ സംഭവം കേസിന്റെ സ്വഭാവം മാറ്റിമറിക്കും. സാമ്പത്തിക കുറ്റാന്വേഷണത്തിനുള്ള എറണാകുളത്തെ മജിസ്ട്രേട്ട് എന്‍ വി രാജു മൊഴി അട്ടിമറിച്ചതിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നടപടി എടുക്കണം. മജിസ്ട്രേട്ടിനെ ജുഡീഷ്യല്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടണം.

ആരെങ്കിലും ബലാത്സംഗംചെയ്തു എന്ന പരാതിയുണ്ടോ എന്ന് മജിസ്ട്രേട്ട് ചോദിച്ചപ്പോള്‍ ഉണ്ട് എന്നായിരുന്നു സരിതയുടെ മറുപടി. വിജിലന്‍സ് രജിസ്ട്രാര്‍ക്ക് നല്‍കിയ മൊഴിയില്‍ മജിസ്ട്രേട്ട് രാജു ഇത് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഈ വിധത്തില്‍ ഒരു സ്ത്രീ കോടതിയില്‍ പരാതിപ്പെട്ടാല്‍ അത് രേഖപ്പെടുത്തി അന്വേഷണത്തിന് പൊലീസിനെ അധികാരപ്പെടുത്താനുള്ള പ്രാഥമിക ചുമതല മജിസ്ട്രേട്ടിനുണ്ട്. സരിത ഉള്‍പ്പെട്ട തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസും സ്റ്റാഫും മുഖ്യമന്ത്രിയുടെ ഉറ്റവരും ഉന്നതന്മാരുമെല്ലാം ഉണ്ട്. ഇവരെല്ലാം ഉള്‍പ്പെടുന്ന പരാതിയാണ് സരിത മജിസ്ട്രേട്ടിന് നല്‍കിയതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, വാര്‍ത്തകള്‍ നുണയാണെന്നാണ് മജിസ്ട്രേട്ട് തുറന്നകോടതിയില്‍ അഭിപ്രായപ്പെട്ടത്. ഈ പരാമര്‍ശത്തിനുള്ള സാഹചര്യം 15 ദിവസത്തിനകം വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. മൊഴി അട്ടിമറിച്ചതിന് പിന്നിലുള്ളവര്‍ ഉന്നതന്മാരാണെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. ഇവര്‍ ആരെന്ന് തെളിയിക്കാന്‍ മജിസ്ട്രേട്ട് രഹസ്യമൊഴി കേട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന വനിതാ ശിരസ്തദാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് തെളിവ് ശേഖരിക്കണം. ജയിലില്‍ സരിതയുടെ മൊഴി മുഖ്യമന്ത്രിയുടെ താല്‍പ്പര്യപ്രകാരം മാറ്റിമറിച്ചു എന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ഹൈക്കോടതി റിപ്പോര്‍ട്ടെന്നും പിണറായി പറഞ്ഞു.

സോളാര്‍ കേസ് അട്ടിമറി: ഗൂഢാലോചന തെളിഞ്ഞു- വി എസ്

മജിസ്ട്രേട്ടിന്റെ മൊഴിയിലൂടെ സോളാര്‍ കേസ് അട്ടിമറിക്കാന്‍ ഭരണതലത്തില്‍ നടന്ന ഗൂഢാലോചന പൂര്‍ണമായും തെളിഞ്ഞിരിക്കയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന മുന്‍ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ബലാത്സംഗത്തിന് ഇരയായ സ്ത്രീ വാക്കാല്‍ പരാതിപ്പെട്ടാല്‍ കേസെടുക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. നിയമ-നീതിനിര്‍വഹണം കുറ്റമറ്റരീതിയില്‍ നടപ്പാക്കാന്‍ ബാധ്യതയുള്ള മജിസ്ട്രേട്ട് അപ്പോള്‍ത്തന്നെ അത് രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍, അവരുടെ മൊഴിപോലും രേഖപ്പെടുത്താതെ കൃത്യവിലോപം കാട്ടി. കേസ്അട്ടിമറിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ സ്വാധീനമുണ്ട്. നീതിപീഠത്തിലെ ഉന്നതര്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണം. ഭരണാധികാരിയും ന്യായാധിപനുമടക്കം തട്ടിപ്പ് കേസ് അട്ടിമറിക്കാനും പീഡിപ്പിക്കപ്പെട്ട സ്ത്രീയെ രക്ഷിക്കാതിരിക്കാനും ശ്രമിച്ചതായി ബോധ്യപ്പെട്ട അപൂര്‍വ സാഹചര്യത്തില്‍ ഉന്നത നീതിപീഠംനേരിട്ട് ഉചിതമായ അന്വേഷണം നടത്തണം. മജിസ്ട്രേട്ടിന്റെ മൊഴിയില്‍ രേഖപ്പെടുത്താത്ത കാര്യങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കണം. ഗുരുതര കൃത്യവിലോപം കാണിച്ച മജിസ്ട്രേട്ടിനെതിരെ കേസെടുക്കണം. ഇതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ ലിസ്റ്റ് കണ്ടെടുത്ത് അന്വേഷിക്കേണ്ടതും അനിവാര്യമാണ്- വി എസ് പറഞ്ഞു.

deshabhimani

No comments:

Post a Comment