Saturday, November 9, 2013

യുഎസിന് യുനെസ്കോ വോട്ടവകാശം നഷ്ടമായി

സ്വവര്‍ഗാനുരാഗ അവകാശബില്‍ യുഎസ് സെനറ്റ് അംഗീകരിച്ചു

വാഷിങ്ടണ്‍: സ്വവര്‍ഗാനുരാഗ അവകാശബില്ലിന് അമേരിക്കന്‍ സെനറ്റ് അംഗീകാരം നല്‍കി. 32നെതിരെ 64 വോട്ടിനാണ് ബില്‍ പാസായത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുള്ള ബില്‍ സ്വവര്‍ഗാനുരാഗികള്‍ക്കും ലിംഗമാറ്റംവരുത്തിയവര്‍ക്കും തൊഴില്‍രംഗത്ത് തുല്യാവകാശം ഉറപ്പിക്കുന്നു. ബില്‍ പാസാക്കിയതില്‍ പ്രസിഡന്റ് ബറാക് ഒബാമ സെനറ്റ് അംഗങ്ങളെ അഭിനന്ദിച്ചു. പ്രത്യേക താല്‍പ്പര്യങ്ങളുടെ പേരില്‍ ആര്‍ക്കും തൊഴിലവകാശങ്ങള്‍ നിഷേധിക്കപ്പെടരുതെന്ന് ഒബാമ പറഞ്ഞു.

യുഎസിന് യുനെസ്കോ വോട്ടവകാശം നഷ്ടമായി

പാരീസ്: ശാസ്ത്ര-സാംസ്കാരിക-വിദ്യാഭ്യാസമേഖലയില്‍ ലോകത്ത് അമേരിക്കന്‍ സ്വാധീനത്തിന് കനത്ത തിരിച്ചടിയേല്‍പ്പിച്ച് യുഎന്‍ എജന്‍സിയായ യുനെസ്കോയില്‍ അമേരിക്കയ്ക്ക് വോട്ടവകാശം നഷ്ടമായി. ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരികവിഭാഗമായ യുനെസ്കോക്കുള്ള സാമ്പത്തിക സഹായം അമേരിക്ക രണ്ടുവര്‍ഷമായി നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് വോട്ടവകാശം സ്വാഭാവികമായി നഷ്ടമായത്. 2011ല്‍ പലസ്തീനെ യുനെസ്കോ അംഗമാക്കിയ യുഎന്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് അമേരിക്ക പണം അടവുമുടക്കിയത്. അന്നുമുതല്‍ പണം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ഇസ്രയേലിനും വോട്ടവകാശം നഷ്ടമായി. വോട്ടവകാശം നഷ്ടപ്പെടാതിരിക്കാന്‍ പണം തിരിച്ചടയ്ക്കാനുള്ള അവസാന അവസരം വെള്ളിയാഴ്ച അവസാനിച്ചു. ഏജന്‍സിയുടെ ആകെ ബജറ്റിന്റെ 22 ശതമാനമായ എട്ടു കോടി ഡോളറാണ് പ്രതിവര്‍ഷം അമേരിക്ക യുനെസ്കോയില്‍ അടയ്ക്കേണ്ടത്. പണം അടയ്ക്കാത്തതിനാല്‍ വോട്ടവകാശം നഷ്ടപ്പെട്ട രാഷ്ട്രങ്ങളുടെ പേര് ശനിയാഴ്ച യുനെസ്കോയുടെ പൊതുസമ്മേളനത്തില്‍ വായിക്കും. വോട്ടവകാശം നഷ്ടമായതോടെ അമേരിക്ക ഇനി യുനെസ്കോയിലെ പല്ലില്ലാത്ത സിംഹമാകും.

അമേരിക്കന്‍ മുന്‍കൈയില്‍ യുനെസ്കോ ആരംഭിച്ച നിരവധി പദ്ധതികള്‍ സാമ്പത്തികപ്രതിസന്ധി മൂലം വെട്ടിച്ചുരുക്കി. വിദ്യാഭ്യാസത്തിലൂടെ ഭീകരതയെ ചെറുക്കുക, ലിംഗനീതിയും മാധ്യമസ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച അന്താരാഷ്ട്ര സാമ്പത്തിക സഹായസംരംഭങ്ങളും ദുര്‍ബലമാകും. യുനെസ്കോയിലെ അമേരിക്കന്‍ശക്തി ഇതോടെ ക്ഷയിക്കുമെന്ന് യുനെസ്കോയിലെ അമേരിക്കന്‍ പ്രതിനിധി ഫൈല്ലിസ് മാഗ്രാബ് പറഞ്ഞു. രണ്ടാംലോകയുദ്ധക്കാലത്ത് ജര്‍മനിയിലെ ജൂത കൂട്ടക്കൊലയെക്കുറിച്ച് പ്രചരിപ്പിക്കാന്‍ അമേരിക്ക വന്‍തുക യുനെസ്കോക്ക് ഫണ്ട് നല്‍കിയിരുന്നു. ഈ പദ്ധതിയും നിലച്ചു. രണ്ടുവര്‍ഷമായി അമേരിക്ക യുനെസ്കോയുടെ പരിപാടികളെ പ്രതിസന്ധിയിലാക്കിയെന്ന് ഡയറക്ടര്‍ ജനറല്‍ ഇറിന ബൊകോവാ പറഞ്ഞു. പലസ്തീന്‍ ഉള്‍പ്പെട്ട ഏത് യുഎന്‍ ഏജന്‍സിക്കും നല്‍കിവരുന്ന സാമ്പത്തികപിന്തുണ അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നിയമത്തിനെതിരെ രാജ്യത്ത് വിമര്‍ശം ശക്തമായിട്ടുണ്ട്. അമേരിക്കന്‍ ജനപ്രതിനിധിസഭയിലും ഈ വികാരം പ്രതിഫലിച്ചു. ലോകനേതൃസ്ഥാനത്തു നിന്ന് അമേരിക്ക പിന്നോട്ടുപോകുന്ന സാഹചര്യമുണ്ടാകുമെന്ന് ഡെമോക്രാറ്റ് പ്രതിനിധി പ്രതികരിച്ചു. ധനസഹായം പുനരാരംഭിക്കുന്നതിനുള്ള പരിഷ്കാരത്തിന് പ്രസിഡന്റ് ബറാക് ഒബാമ നേരത്തെ ശ്രമിച്ചിരുന്നു. അമേരിക്കന്‍ ബജറ്റ് പോലും യഥാസമയം പാസാക്കാന്‍ ബുദ്ധിമുട്ടിയ ഒബാമയ്ക്ക് ഭേദഗതി പാസാക്കുന്നത് വന്‍പ്രതിസന്ധിയാണ്.

deshabhimani

No comments:

Post a Comment