Saturday, November 16, 2013

ഹാന്‍വീവ് പൂട്ടുന്നു

സംസ്ഥാന കൈത്തറി വികസന കോര്‍പറേഷനെ (ഹാന്‍വീവ്) തകര്‍ക്കാന്‍ സര്‍ക്കാര്‍തന്നെ രംഗത്ത്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന മേഖലാ ഓഫീസും ഷോറൂമുകളും പൂട്ടിയാണ് ഹാന്‍വീവിനെ ഇല്ലാതാക്കുന്നത്. 55 ഷോറൂമുകളില്‍ 11 എണ്ണം പൂട്ടാന്‍ തീരുമാനമായി. ഇതില്‍ അഞ്ചെണ്ണം എറണാകുളത്താണ്. കണ്ണൂരില്‍ രണ്ടു ഷോറൂം പൂട്ടിക്കഴിഞ്ഞു. ഓഫീസും ഷോറൂമും അടയ്ക്കുന്നതോടെ ജീവനക്കാരും പരമ്പരാഗത നെയ്ത്തുതൊഴിലാളികളും ദുരിതത്തിലാകും. 120 കോടിയുടെ സ്കൂള്‍ യൂണിഫോം പദ്ധതിയില്‍നിന്ന് ഹാന്‍വീവ് മാനേജ്മെന്റ് പിന്മാറിയത് വിവാദമുയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അടച്ചുപൂട്ടല്‍.

ഏറ്റവും കൂടുതല്‍ വരുമാനമുള്ള പാലക്കാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന എറണാകുളം മേഖലാ ഓഫീസിനു കീഴില്‍ 24 ഷോറൂമുണ്ട്. ഈസാമ്പത്തികവര്‍ഷം ഏഴുമാസം പിന്നിട്ടപ്പോള്‍ അഞ്ചുകോടിയുടെ വിറ്റുവരവുണ്ട് ഈ മേഖലയില്‍. ഒരുകോടിയോളം വിറ്റുവരവുള്ള അഞ്ചു ഷോറൂമുകളും പൂട്ടാനാണ് മാനേജ്മെന്റ് നീക്കം. ചെലവു കൂടുന്നുവെന്നാണ് വാദം. 1985 വരെ ഇവിടെ മേഖലാ ഓഫീസ് ഇല്ലായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. സ്കൂള്‍ യൂണിഫോം പദ്ധതിയില്‍നിന്ന് ഹാന്‍വീവ് പിന്മാറിയതിനു പിന്നില്‍ കോടികളുടെ അഴിമതി ഉണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യൂണിഫോം ഓര്‍ഡര്‍ സ്വീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ല. ആരോഗ്യ, വിനോദസഞ്ചാര വകുപ്പുകള്‍ ഓര്‍ഡര്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടും അധികൃതര്‍ക്ക് താല്‍പ്പര്യമില്ല. സ്വകാര്യകമ്പനികള്‍ക്കായി ഖാദി, ഹാന്‍ടെക്സ് സ്ഥാപനങ്ങളെ ഒഴിവാക്കാനാണ് വ്യവസായവകുപ്പിന്റെ നീക്കം.

എറണാകുളം മേഖലാ ഓഫീസിന് സ്വന്തമായി 15 സെന്റ് സ്ഥലം ഉണ്ട്. ഇവിടെ കെട്ടിടം നിര്‍മിച്ച് ഓഫീസ് പ്രവര്‍ത്തനം അങ്ങോട്ട് മാറ്റാന്‍ നടപടിയില്ല. ജിസിഡിഎയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയതാണ് ഭൂമി. മാസം 60,000 രൂപ വാടക നല്‍കിയാണ് ഓഫീസ് പ്രവര്‍ത്തനം. കുറഞ്ഞ വാടകയുള്ള കെട്ടിടത്തിലേക്ക് ഓഫീസും ഷോറൂമും മാറ്റാനും നടപടിയില്ല. തിരുവനന്തപുരം, കണ്ണൂര്‍ മേഖലാ ഓഫീസുകള്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചെലവ് കുറവാണ്. ഓണം, വിഷു സീസണുകളില്‍ ആവശ്യത്തിന് തുണിത്തരങ്ങള്‍ ഉല്‍പ്പാദിപ്പിക്കാതെ അന്യസംസ്ഥാനങ്ങളിലെ സ്വകാര്യമില്ലുകളില്‍നിന്ന് വാങ്ങുകയാണ്. ഇതിനു പിന്നില്‍ വന്‍ അഴിമതിയുള്ളതായി ആരോപണമുണ്ട്. മേഖലാ ഓഫീസില്‍ 25 ജീവനക്കാരെ തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും മാറ്റാനാണ് നീക്കം. ഹാന്‍വീവിനു കീഴില്‍ ആറായിരത്തോളം നെയ്ത്തുകാര്‍ ഉണ്ടായിരുന്നെങ്കിലും മാനേജ്മെന്റിന്റെ പിടിപ്പുകേടുമൂലം 1200 പേരായി. അവരും ദുരിതത്തിലാണ്. ഓഫീസുകളും ഷോറൂമുകളും പൂട്ടുന്നതിനെതിരെ ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

deshabhimani

No comments:

Post a Comment