Saturday, May 5, 2012

കടല്‍ക്കൊല സംസ്ഥാനത്തിന്റെ പൂര്‍ണ അധികാരമേഖലയ്ക്കു പുറത്ത്: കേരളം


ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയത് സംസ്ഥാനത്തിന് പൂര്‍ണ അധികാരമുള്ള മേഖലയിലല്ലെന്ന് അറിയിച്ച് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍, നാവികര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്നും സത്യവാങ്മൂലം പറയുന്നു. സംസ്ഥാനത്തിന് പൂര്‍ണ അധികാരമുള്ള 12 നോട്ടിക്കല്‍ മൈല്‍ പരിധിക്കു പുറത്താണ് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്നതെന്നാണ് നാവികരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. കേസെടുക്കാന്‍ നിയമപരമായ അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വെടിവയ്പ് നടന്ന സ്ഥലത്തെക്കുറിച്ച് സത്യവാങ്മൂലത്തില്‍ കൃത്യമായ വിവരം നല്‍കിയിട്ടില്ല.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണ് വെടിവയ്പ് നടന്നതെന്നും ഇന്ത്യയില്‍ രജിസ്റ്റര്‍ചെയ്ത ബോട്ടിലുള്ളവരാണ് വെടിയേറ്റ് മരിച്ചതെന്നും വ്യക്തമാക്കി. ബോട്ട് ഇന്ത്യയില്‍ രജിസ്റ്റര്‍ചെയ്തതിനാല്‍ ഇന്ത്യന്‍ നിയമപ്രകാരം കേസെടുക്കാന്‍ കേരളത്തിന് അധികാരമുണ്ടെന്നും കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ രമേശ് ബാബു മുഖാന്തരം സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു. 200 നോട്ടിക്കല്‍ മൈല്‍വരെ ഇന്ത്യന്‍ നിയമം ബാധകമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെടിവയ്പ് നടന്നത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലായതിനാല്‍ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്നും നാവികരെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ കോടതി കേരളത്തിനും കേന്ദ്രത്തിനും നോട്ടീസ് നല്‍കിയിരുന്നു. കേന്ദ്രം ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. ചൊവ്വാഴ്ച ജസ്റ്റിസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കും. കേസിലുള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പലായ എന്‍റിക ലെക്സി ഉപാധികളോടെ മോചിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ആര്‍ എം ലോധ, എച്ച് എല്‍ ഗോഖലെ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിച്ചിരുന്നു.

deshabhimani 060512

1 comment:

  1. ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയത് സംസ്ഥാനത്തിന് പൂര്‍ണ അധികാരമുള്ള മേഖലയിലല്ലെന്ന് അറിയിച്ച് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍, നാവികര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്നും സത്യവാങ്മൂലം പറയുന്നു. സംസ്ഥാനത്തിന് പൂര്‍ണ അധികാരമുള്ള 12 നോട്ടിക്കല്‍ മൈല്‍ പരിധിക്കു പുറത്താണ് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്നതെന്നാണ് നാവികരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. കേസെടുക്കാന്‍ നിയമപരമായ അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വെടിവയ്പ് നടന്ന സ്ഥലത്തെക്കുറിച്ച് സത്യവാങ്മൂലത്തില്‍ കൃത്യമായ വിവരം നല്‍കിയിട്ടില്ല.

    ReplyDelete