Saturday, November 9, 2013

സിബിഐയ്ക്കെതിരായ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐ രൂപീകരിച്ചത് നിയമവിരുദ്ധമായാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്രസര്‍ക്കാറിന്റെ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ. കേസ് ഡിസംബര്‍ 6ന് വിശദമായി പരിഗണിക്കും. ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണമെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ ശനിയാഴ്ച വൈകിട്ട് 4.30നാണ് ഹര്‍ജി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് പി സദാശിവവും ജസ്റ്റിസ് രഞ്ജനാ ദേശായിയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്.

ആഭ്യന്തരമന്ത്രാലയം 1963 ഏപ്രില്‍ ഒന്നിന് പുറപ്പെടുവിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ രൂപീകരിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണെന്നുമായിരുന്നു ഗുവാഹത്തി ഹൈക്കോടതിയുടെ വിധി. അന്നത്തെ ആഭ്യന്തര സെക്രട്ടറി വി വിശ്വനാഥനാണ് പ്രമേയത്തില്‍ ഒപ്പുവച്ചത്. സെക്രട്ടറിയുടെ അധികാരപരിധിക്കുപുറത്തുള്ള കാര്യമാണിതെന്നാണ് ജസ്റ്റിസുമാരായ ഇഖ്ബാല്‍ അഹമ്മദ് അന്‍സാരിയും ഇന്ദിര ഷായും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ബുധനാഴ്ച വിധിച്ചത്. സിബിഐ രൂപീകരിക്കാന്‍ ഹേതുവായ പ്രമേയം ഹൈക്കോടതി തള്ളിയിരുനനു. സിബിഐയുടെ പരിഗണനയിലുള്ള എല്ലാ കേസിന്റെയും ഭാവി ഹൈക്കോടതി വിധിയോടെ ആശങ്കയിലായിരുന്നു. വെറും

എക്സിക്യൂട്ടീവ് ഉത്തരവിലൂടെയല്ല കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുള്ള സുപ്രധാന പൊലീസ് സേനയെ രൂപീകരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, അതിനായി നിയമനിര്‍മാണസഭയില്‍ നിയമം പാസാക്കേണ്ടതുണ്ടെന്ന് നിര്‍ദേശിച്ചു. ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1946ന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സിബിഐയെ ഈ ആക്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സേനയായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആക്ടിന്റെ ഭാഗമായിപ്പോലും സിബിഐയെ കാണാനാകില്ല.

അസമിലെ ബിഎസ്എന്‍എല്‍ ജീവനക്കാരനായ നവേന്ദ്രകുമാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് നിര്‍ണായകവിധിയുണ്ടായത്. ഇയാള്‍ക്കെതിരെ സിബിഐ 2001ല്‍ വഞ്ചനക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്നാണ് കേസെടുക്കാനുള്ള സിബിഐയുടെ ഭരണഘടനാപരമായ അധികാരം ചോദ്യംചെയ്ത് നവേന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

deshabhimani

No comments:

Post a Comment