Tuesday, November 12, 2013

സുരക്ഷാക്രമീകരണങ്ങളില്‍ വന്‍വീഴ്ച; ജീവനക്കാര്‍ ആശങ്കയില്‍

മൂലമറ്റം: സുരക്ഷാക്രമീകരണങ്ങളൊരുക്കുന്നതില്‍ മൂലമറ്റം പവര്‍ഹൗസില്‍ മാനേജ്മെന്റിന് വീഴ്ചപറ്റിയെന്ന് ബോര്‍ഡ് മെമ്പര്‍. കടുത്ത മാനസിക സംഘര്‍ഷത്തിലും ആശങ്കയിലുമാണ് പവര്‍ഹൗസിലും സ്വിച്ച്യാര്‍ഡിലും ജോലി നോക്കുന്നതെന്ന് ജീവനക്കാര്‍. മൂലമറ്റം സ്വിച്ച്യാര്‍ഡില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായുള്ള പൊട്ടിത്തെറിയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ബോര്‍ഡ് മെമ്പറും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത ജീവനക്കാരുടെ യോഗമാണ് കുറ്റപ്പെടുത്തലിന്റെയും ആശങ്കയുടെയും വേദിയായത്. തീപിടിത്തമുണ്ടായപ്പോള്‍ സ്വിച്ച്യാര്‍ഡിലെ അഗ്നിശമനയന്ത്രം രണ്ടെണ്ണം പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് വാഹനവുമായി പവര്‍ഹൗസില്‍ പോയി യന്ത്രം കൊണ്ടുവന്നാണ് തീയണച്ചത്. ജീവനക്കാര്‍ക്ക് കൊടുത്ത മൊബൈല്‍ സംവിധാനം ജാമായതിനാല്‍ ആശയവിനിമയം സാധിക്കാതെ വന്നു.

പവര്‍ഹൗസിലെ സര്‍ക്യൂട്ട് ബ്രേക്കറുള്‍പ്പെടെയുള്ള യന്ത്രങ്ങളുടെ അപാകതയും കാലപ്പഴക്കവും ചര്‍ച്ചയായി. ദൂരസ്ഥലങ്ങളില്‍ നിന്നും മൂലമറ്റത്ത് ജോലിചെയ്യുന്ന ജീവനക്കാര്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളില്‍ ഭയന്ന് തിരികെ പോകാന്‍ തിടുക്കം കൂട്ടുകയാണ്. ജീവനക്കാരുടെ വീടുകളില്‍ സ്ഥലംമാറ്റത്തിനായി ശക്തമായ സമ്മര്‍ദമുയരുന്നു. പവര്‍ഹൗസില്‍ നിയമിച്ചവര്‍ ചുമതലയേല്‍ക്കാത്ത അവസ്ഥയുമുണ്ട്. അടിയന്തരഘട്ടത്തില്‍ ജോലിചെയ്യാന്‍ ജീവനക്കാരുടെ കുറവുണ്ട്. ഇപ്പോള്‍ രണ്ട് അസിസ്റ്റന്റ് എന്‍ജിനയര്‍ ചുമതലയേല്‍ക്കാതെ അവധി എടുത്ത് മാറിനില്‍ക്കുന്ന കാര്യവും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. കടുത്ത സമ്മര്‍ദത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് കൗണ്‍സലിങ്ങ് നല്‍കണം. വാര്‍ഷിക അറ്റകുറ്റപണിയ്ക്കുശേഷം വിദഗ്ധസംഘം വിലയിരുത്തല്‍ നടത്തണമെന്നും പവര്‍ഹൗസിലും സ്വിച്ച്യാര്‍ഡിലും ജോലിചെയ്യുന്നതിനും റിസ്ക്ക് അലവന്‍സ് നല്‍കണമെന്നും അടക്കമുള്ള നിര്‍ദേശങ്ങളും പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ചര്‍ച്ചയ്ക്ക് മറുപടി പറയുന്നതിനിടയിലാണ് ബോര്‍ഡ് മെമ്പര്‍മുഹമ്മദാലി റാവുത്തര്‍ മാനേജ്മെന്റ് സംവിധാനത്തില്‍ വീഴ്ചയുള്ളതായി സമ്മതിച്ചത്.

അഗ്നിശമനയന്ത്രം പ്രവര്‍ത്തനരഹിതമായി കിടന്നതും മൊബൈല്‍ സംവിധാനം തകരാറിലായതും ഗുരുതരമായ വീഴ്ചയാണ്. അപകടമുണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള സുരക്ഷാസമിതി 2011ല്‍ നിയമിച്ചതാണ്. അന്ന് പവര്‍ഹൗസിലെ പൊട്ടിത്തെറിയില്‍ സബ് എന്‍ജിനിയറും ഓവര്‍സീയറും മരിച്ചിരുന്നു. എന്നാല്‍ ഒരുവര്‍ഷമായി സുരക്ഷാസമിതി ചേരാത്തതും വീഴ്ചയാണ്. വിദേശരാജ്യങ്ങളുള്‍പ്പെടെയുള്ള പവര്‍ ഹൗസുകളില്‍ തീപിടിത്തമുണ്ടായാല്‍ ജനറേറ്റര്‍ ഓഫ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പുചെയ്യുന്ന സംവിധാനം ഇവിടെ ഇല്ലെന്നും മുഹമ്മദാലിറാവുത്തര്‍ പറഞ്ഞു. വൈദഗ്ധ്യമില്ലാത്ത ജീവനക്കാര്‍ക്ക് ആവശ്യത്തിന് പരിശീലനം നല്‍കാത്തതും വീഴ്ചയാണ്. സ്വിച്ച്യാര്‍ഡില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതില്‍ ശ്രദ്ധക്കുറവ് ഉണ്ടായെന്നും ഇത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
(കെ വി സണ്ണി)

deshabhimani

No comments:

Post a Comment