Wednesday, November 13, 2013

മലനിരകളില്‍ പുതുവസന്തം ദേശാടനക്കിളികള്‍ വരവായി

തെന്മല: ദേശാടനകാലത്തിന്റെ ഉണര്‍വുമായി കിഴക്കന്‍ പ്രദേശങ്ങളിലേക്ക് കാട്ടുപക്ഷികളുടെ വരവു തുടങ്ങി. കുളത്തൂപ്പുഴ, അരിപ്പ, അമ്മയമ്പലം പച്ച എന്നിവിടങ്ങളിലെ കാടുകളില്‍ ദേശാടകരായ കാട്ടുപക്ഷികളായ ഇളംപച്ച പൊടിക്കുരുവി, പെരുച്ചുണ്ടന്‍ ഇലക്കുരുവി, നീലക്കുരിവി എന്നിവയെ പക്ഷിനീരിക്ഷകര്‍ കണ്ടെത്തി. ഹിമാലയസാനുക്കളില്‍നിന്ന് കിലോമീറ്റര്‍ താണ്ടിയെത്തുന്ന നാകമോഹന്‍ പക്ഷികളെയും ഇവിടെ കണ്ടെത്തി. കാക്കത്തമ്പുരാട്ടി പഞ്ചവര്‍ണമണിഞ്ഞ് സുന്ദരനായ കാവിക്കിളിയും അരിപ്പയിലെ കാട്ടുപൊന്തകളെ കളകൂജനത്താല്‍ സജീവമാക്കുന്നു. നീലമേനി പാറ്റപിടിയന്‍ മുത്തുപ്പിള്ളകിളി, ചെമ്പുവാലന്‍ പാറ്റപിടയന്‍, തവിട്ടുപാറ്റ പിടിയന്‍ എന്നീ പക്ഷികളും അമ്മയമ്പലം പച്ച വനപ്രദേശത്തേക്ക് ധാരാളം എത്തി കൂടുകൂട്ടിത്തുടങ്ങിയിട്ടുണ്ട്. വിവിധതരം വിദേശി ദേശാടനപക്ഷികളും കിഴക്കന്‍ മേഖലയുടെ സുരക്ഷിത ആവാസകേന്ദ്രം തേടി എത്തുന്നു.

അടിക്കാടുകള്‍ സംരക്ഷിക്കുന്നതിനാലാണ് അരിപ്പ പ്രദേശങ്ങളില്‍ പക്ഷിസാന്നിധ്യം വര്‍ധിക്കാന്‍ സഹായകാകുന്നതെന്ന് ഇരുപത്തിയേഴ് വര്‍ഷമായി പക്ഷിനിരീക്ഷണപഠന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സി സുശാന്ത് പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന ഏറ്റവും വലിയ മരങ്കൊത്തിയായ കാക്കമരങ്കൊത്തിയുടെ സാന്നിധ്യവുമുണ്ടിവിടെ. വനാന്തരത്തില്‍ ചെറുനീരൊഴുക്കുകള്‍ക്കരികില്‍ ഒളിഞ്ഞു കൂടുകൂട്ടിക്കഴിയുന്ന ഏറ്റവും ചെറിയ മീന്‍കൊത്തിയായ മേനിപ്പൊന്മാന്മാരെ ധാരാളമായി ഇവിടെ കാണുന്നുണ്ടെന്നും സുശാന്ത് പറഞ്ഞു. കേരളത്തില്‍ കാണുന്ന 270 ഇനം പക്ഷികളെ അരിപ്പ അമ്മയമ്പലംപച്ചയെന്ന പച്ചതുരുത്തില്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ പക്ഷിനിരീക്ഷകസംഘങ്ങളുടെയും ഗവേഷകരുടെയും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെയും ഇഷ്ടസങ്കേതമായി ഈ വനമേഖല മാറിയിരിക്കുന്നു.

deshabhimani

No comments:

Post a Comment