Wednesday, November 13, 2013

ആറന്മുള വിമാനത്താവളം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പ്രതിഷേധാര്‍ഹം: സിപിഐ എം

പത്തനംതിട്ട: വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട് അതോറിറ്റിയും കിറ്റ്കോയും തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ വലിയ ആശങ്കകള്‍ക്ക് ഇടനല്‍കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ആറന്മുളയുടെ മതേതര പൈതൃകത്തെയും സംസ്കാരത്തെയും പണ, ഭരണസ്വാധീനം ഉപയോഗിച്ച് ചവുട്ടിമെതിച്ചു കളയാമെന്ന് കെജിഎസ് ഗ്രൂപ്പ് കരുതുന്നുണ്ടെങ്കില്‍ അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നും പ്രസ്താവനയില്‍ തുടര്‍ന്ന് പറയുന്നു.

ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്റെയും ഗോപുരത്തിന്റെയും ഉയരം കുറയ്ക്കണമെന്നതാണ് ഒരു നിര്‍ദേശം. വിമാനത്താവളത്തിന്റെ പരിസരത്തുള്ള കുന്നുകളുടെ ഉയരം കുറയ്ക്കുക, ഐക്കര ജങ്ഷനിലെ മരങ്ങള്‍ വെട്ടിമാറ്റുക, നാലുവരി പാത നിര്‍മിക്കുക തുടങ്ങിയ 12 നിര്‍ദേശങ്ങളാണ് മുന്നോട്ട;വച്ചിട്ടുള്ളത്. ഈ നിര്‍ദേശങ്ങളെല്ലാം തങ്ങളുടെ ഭരണസ്വാധീനവും പണസ്വാധീനവും കൊണ്ട് നടപ്പാക്കികളയാം എന്ന ഹുങ്കാണ് കെജിഎസ് കമ്പനിക്കുള്ളത്. അതുകൊണ്ടാണ് 2015-ല്‍ ആറന്മുളയില്‍ വിമാനമിറങ്ങുമെന്ന് വീമ്പിളക്കുന്നത്. ക്ഷേത്ര ഗേപുരത്തിന്റെയും കൊടിമരത്തിന്റെയും ഉയരം കുറയ്ക്കുകയും കൊടിമരത്തില്‍ ചുവന്ന ലൈറ്റ് സ്ഥാപിക്കുകയും ചെയ്യണമെന്നത് അപ്രായോഗികവും അപലപനീയവുമാണ്. ഇത് ക്ഷേത്രവിശ്വാസികളെ വ്രണപ്പെടുത്തുന്നതാണ്. അവരുടെ വിശ്വാസത്തിനു നേരെയുണ്ടാകുന്ന ഏതു വെല്ലുവിളിയേയും ശക്തമായി എതിര്‍ത്തു പരാജയപ്പെടുത്തേണ്ടതുണ്ട്. ആറന്മുള ക്ഷേത്രമുറ്റത്ത് കളിച്ചുവളര്‍ന്നെന്ന് അവകാശപ്പെടുന്ന എംഎല്‍എയുടെ ഇക്കാര്യത്തിലുള്ള നിലപാട് എന്തെന്ന് അദ്ദേഹം വ്യക്തമാക്കണം.

നാലുവരി പാത നിര്‍മാണവും ഏറെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. നിലവിലുള്ള റോഡിന്റെ വീതി വന്‍തോതില്‍ വര്‍ധിപ്പിക്കുമ്പോള്‍ വീടുകളും കടകളും എല്ലാം പൊളിച്ചുമാറ്റേണ്ടിവരും. പതിനായിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കേണ്ടിവരും. വിമാനത്താവള ഭൂമിയുടെ പേരില്‍തന്നെ നിരവധി കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുകയാണ്. ആരാധനാലയങ്ങള്‍, കുരിശടികള്‍, കാണികമണ്ഡപങ്ങള്‍ എല്ലാം പൊളിച്ചു മാറ്റേണ്ടിവരും. ആറന്മുളയുടെ പൈതൃകത്തെയും സംസ്കാരത്തെയും മതസൗഹാര്‍ദത്തെയും എല്ലാം തകര്‍ക്കുന്ന ഒരു വികസനം ആറന്മുളയ്ക്ക് ആവശ്യമില്ലെന്ന ജനവികാരം ഉള്‍ക്കൊള്ളാന്‍ എന്തുകൊണ്ട് സര്‍ക്കാരും എംപിയും എംഎല്‍എയും തയ്യാറാകുന്നില്ലെന്നത് ദൂരൂഹത സൃഷ്ടിക്കുന്നു. ഭൂമിയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് എല്ലാ നിയമങ്ങളുടെയും ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളത്. ഒരു നാടിനെയും അതിന്റെ ആവാസവ്യവസ്ഥയേയും സാംസ്കാരിക പൈതൃകത്തെയും ഇല്ലാതാക്കി വികസനം വേണ്ടെന്ന ജനവികാരം മാനിക്കാന്‍ സര്‍ക്കാരും കെജിഎസ് കമ്പനിയും തയ്യാറാകണം. ധിക്കാരപരമായ നിലപാടുമായി മുന്നോട്ടു പോകാനാണ് കമ്പനി തയ്യാറാകുന്നതെങ്കില്‍ ശക്തമായ ജനരോക്ഷം നേരിടേണ്ടി വരുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വിമാനത്താവള റിപ്പോര്‍ട്ട് ആറന്മുളയുടെ സംസ്കൃതിയെ തകര്‍ക്കുന്നതെന്ന്

കോഴഞ്ചേരി: വിമാനത്താവളത്തിന്റെ പേരില്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ ഉയരം കുറയ്ക്കണമെന്നും ക്ഷേത്രത്തിന്റെ ഗോപുരവും കവാടവും മാറ്റണമെന്നും നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് പള്ളിയോടസേവാസംഘം ആവശ്യപ്പെട്ടു. പൗരാണിക കാലം മുതല്‍ നിലനില്‍ക്കുന്ന ആറന്മുള സംസ്കൃതിയുടെ അടിത്തറയാണ് ക്ഷേത്രം. ആറന്മുളയിലേത് ഏറ്റവും ഉയരം കൂടിയ ക്ഷേത്ര കൊടിമരങ്ങളിലൊന്നാണ്. ഇതിന്റെ ഉയരം കുറയ്ക്കണമെന്ന് പറയുന്നത് ആക്ഷേപകരമാണ്. ആറന്മുള ക്ഷേത്രത്തിനും ദേശസംസ്കൃതിയ്ക്കും തുരങ്കം വയ്ക്കുന്നതാണ് വിമാനത്താവള പദ്ധതിയെന്ന് പൊതുജനത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ നിര്‍മാണ പദ്ധതിയില്‍ നിന്ന് കമ്പനി പിന്‍മാറണമെന്നും റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് പ്രദേശവാസികളോട് മാപ്പ് പറയണമെന്നും പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു.

മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ അസത്യമാണെന്ന് കമ്പനിയുടെ വാദം പച്ചക്കള്ളമാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് മുന്നൂറോളം പേജുകള്‍ അടങ്ങുന്നതാണ്. റിപ്പോര്‍ട്ടില്‍ വിമാന ഗതാഗതത്തിന് തടസ്സമായി നില്‍ക്കുന്നവയുടെ കൂട്ടത്തില്‍ ആദ്യത്തേതാണ് ക്ഷേത്രക്കൊടിമരം. കിറ്റ്കോയുടെ റിപ്പോര്‍ട്ട് ഏകദേശം ഇരുനൂറോളം പേജുകള്‍ അടങ്ങുന്നതാണ്. ഇതിന്റെ 34-ാമത്തെ പേജിലാണ് കൊടിമരത്തിന്റെ ഉയരം കുറയ്ക്കണമെന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്. രണ്ട് റിപ്പോര്‍ട്ടുകളും വിമാന ഗതാഗതത്തിന് ക്ഷേത്രകവാടം 285 മീറ്റര്‍ നീക്കുന്നത് ഗുണം ചെയ്യുമെന്ന് പരാമര്‍ശിക്കുന്നു. ക്ഷേത്ര കൊടിമരത്തില്‍ സൂചനാ ലൈറ്റ് സ്ഥാപിക്കുമെന്നും മറ്റുമുള്ള കിറ്റ്കോ റിപ്പോര്‍ട്ട് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് പള്ളിയോടസേവാസംഘം പ്രസിഡന്റ് പ്രൊഫ. ശങ്കരനാരായണ പിള്ള, സെക്രട്ടറി രതീഷ് ആര്‍ മോഹന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന് ദോഷകരമായി ബാധിക്കുന്ന മുഴുവന്‍ നിര്‍മാണവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള ജനപക്ഷം സംസ്ഥാന ചെയര്‍മാന്‍ കെ രാമന്‍പിള്ളയും വൈസ് പ്രസിഡന്റ് ആറന്മുള അപ്പുക്കുട്ടന്‍ നായരും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment