Tuesday, November 12, 2013

വേമ്പനാട് ജനകീയ കമീഷന്‍ റിപ്പോര്‍ട്ട് മാര്‍ച്ചില്‍

വേമ്പനാട് കായല്‍വ്യവസ്ഥയിലെ അനധികൃത കൈയേറ്റങ്ങളുടെ സ്വഭാവവും വ്യാപ്തിയും അന്വേഷിക്കുന്നതിനും തീരദേശ പരിസ്ഥിതിയുടെ സുസ്ഥിരവികസനംസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും കേരള ശാസ്ത്ര സാഹിത്യപരിഷത്ത് നിയോഗിച്ച വേമ്പനാട് ജനകീയ കമീഷന്റെ റിപ്പോര്‍ട്ട് മാര്‍ച്ചില്‍ തയ്യാറാകും. കൊച്ചി സര്‍വകലാശാലയില്‍ നടന്ന കമീഷന്റെ ആദ്യ യോഗമാണ് റിപ്പോര്‍ട്ട് മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. പ്രൊഫ. പ്രഭാത് പട്നായിക്കാണ് കമീഷന്റെ അധ്യക്ഷന്‍. കമീഷന്റെ പരിഗണനാവിഷയങ്ങളും പഠനരീതിയുംസംബന്ധിച്ച് അന്തിമ ധാരണയിലെത്തിയതായി പ്രഭാത് പട്നായിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വേമ്പനാട് കായല്‍വ്യവസ്ഥയെ ആശ്രയിച്ചു ജീവിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങളുമായി കമീഷന്‍ ആശയവിനിമയം നടത്തും. വേമ്പനാടിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള പഠനങ്ങളും പരിഗണിക്കും. ജനങ്ങളെ മാറ്റിനിര്‍ത്തിയുള്ള വികസന മാതൃകയുടെ ഉദാഹരണം എന്ന നിലയിലാണ് വേമ്പനാട് കായലിനെ പഠനവിധേയമാക്കുന്നതെന്ന് കമീഷന്‍ മെമ്പര്‍ സെക്രട്ടറി സി ടി എസ് നായര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളില്‍നിന്നും വിവരശേഖരണം നടത്തും. പശ്ചിമഘട്ടത്തെയും സമുദ്രതീരത്തെയും ബന്ധിപ്പിക്കുന്നതാണ് വേമ്പനാടിന്റെ പരിസ്ഥിതിവ്യവസ്ഥ എന്നതിനാല്‍ പശ്ചിമഘട്ടത്തിലെ മാറ്റങ്ങളും കമീഷന്‍ പരിഗണിക്കും. വേമ്പനാടിന്റെ ഭാഗമായ പഞ്ചായത്തുകളില്‍ ജനകീയ ചര്‍ച്ചകള്‍ നടത്തും. കൈയേറ്റങ്ങളെയും നിയമലംഘനങ്ങളെയുംസംബന്ധിച്ച് നിശ്ചിത കേന്ദ്രങ്ങളില്‍ സിറ്റിങ് നടത്തി തെളിവെടുപ്പ് നടത്തും. ശാസ്ത്ര ഗവേഷണസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്തും. ഓണ്‍ലൈനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും സംവിധാനമൊരുക്കും. കരട് റിപ്പോര്‍ട്ട് ശില്‍പ്പശാലകളില്‍ ചര്‍ച്ചചെയ്ത് അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിനെ വിപുലമായ സെമിനാറില്‍ അവതരിപ്പിച്ച് പൂര്‍ണമാക്കും.

സമീപകാലത്ത് വിവാദമായ പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത്, വെറ്റിലത്തുരുത്ത് എന്നിവിടങ്ങളിലെ കൈയേറ്റപ്രദേശം കമീഷന്‍ സന്ദര്‍ശിച്ചു. കമീഷന്റെ പ്രവര്‍ത്തനത്തിന് പരിഷത്ത് പ്രവര്‍ത്തകര്‍ 14ന് ധനസമാഹരണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കമീഷന്‍ അംഗങ്ങളായ ഡോ. കെ ജി പത്മകുമാര്‍, ഡോ. ടി വി അന്നാമേഴ്സി, എം ജി രാധാകൃഷ്ണന്‍, പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍പിള്ള എന്നിവരും പങ്കെടുത്തു. ഡോ. പി ലീലാകൃഷ്ണന്‍, ഡോ. ശ്രീകുമാര്‍ ചാറ്റര്‍ജി എന്നിവര്‍കൂടി ഉള്‍പ്പെട്ടതാണ് കമീഷന്‍.

deshabhimani

No comments:

Post a Comment