Tuesday, November 12, 2013

ഇന്റര്‍വ്യൂലിസ്റ്റ് രഹസ്യം; സ്വന്തക്കാര്‍ക്ക് പരക്കെ നിയമനം

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയിലെ നിയമനങ്ങളില്‍ വന്‍ അഴിമതിക്ക് കളമൊരുക്കി ഇന്റര്‍വ്യൂ ലിസ്റ്റ് രഹസ്യമാക്കി വയ്ക്കുന്നു. ചൊവ്വാഴ്ച ആരംഭിക്കുന്ന വിവിധ വിഭാഗത്തിലേക്കുള്ള ഇന്റര്‍വ്യൂവിന് ആരെയൊക്കെയാണ് വിളിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. സര്‍വകലാശാലാ അധികൃതര്‍ തെരഞ്ഞെടുത്ത ആളുകള്‍ക്ക് ഫോണിലൂടെയോ ഇ- മെയില്‍വഴിയോ നേരിട്ടാണ് വിവരം നല്‍കുന്നത്. സംവരണ നിയമവും മെറിറ്റും പാലിക്കാതെയാണ് നിയമനം. കേന്ദ്ര സര്‍വകലാശാലകളിലെ നിയമനം പ്രത്യേക ബോര്‍ഡിനുകീഴിലാക്കണമെന്ന യുജിസി നിര്‍ദേശം സര്‍ക്കാര്‍ നിയമമാക്കുന്നതിനുമുമ്പ് തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് നിയമനം നല്‍കാനുള്ള തിരക്കിട്ട നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇന്ത്യയിലെ മറ്റ് കേന്ദ്ര സര്‍വകലാശാലയില്‍ അപേക്ഷകരുടെ ലിസ്റ്റും ഇന്റര്‍വ്യൂവിന് വിളിക്കുന്നവരുടെ ലിസ്റ്റും പരസ്യമാക്കാറുണ്ട്. സൂക്ഷ്മ പരിശോധനയില്‍ ഓരോ ആളുകള്‍ക്കും കിട്ടുന്ന മാര്‍ക്ക് എത്രയാണെന്നും അറിയാം. കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍ ഇതെല്ലാം രഹസ്യമാക്കിവയ്ക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ചോദിച്ചാല്‍മാത്രമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ഈ വിവരങ്ങള്‍ ലഭിക്കുന്നത്. മുന്‍കൂട്ടി തീരുമാനിച്ചവര്‍ക്ക് സൂക്ഷ്മ പരിശോധനാ സമയത്ത് മാര്‍ക്ക് കൂട്ടിയിട്ടും ഇന്റര്‍വ്യൂവിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കിയുമാണ് അഴിമതി.

2010ല്‍ ക്ഷണിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തിയ നിയമനത്തില്‍ സംവരണതത്വവും പരക്കെ ലംഘിച്ചു. 50 ശതമാനം വിവിധ സംവരണ വിഭാഗങ്ങള്‍ക്കും ബാക്കി ജനറല്‍ വിഭാഗത്തിനും നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, കഴിഞ്ഞ നിയമനത്തില്‍ 61 ശതമാനവും ജനറല്‍ വിഭാഗത്തിനാണ് നല്‍കിയത്. ഇപ്പോള്‍ നടക്കുന്ന നിയമനങ്ങളിലും സംവരണനിയമം ലംഘിച്ചു. തെക്കന്‍ കേരളത്തിലെ രണ്ട് ജില്ലകളിലുള്ളവരാണ് ഇവിടെ നിയനം ലഭിക്കുന്നവരില്‍ ഭൂരിപക്ഷവും. ഇവിടെ ജോലിചെയ്യുന്നവരുടെ അടുത്ത ബന്ധുക്കളെ പല തസ്തികയിലായി നിയമിക്കുന്നതും വിവാദമായിട്ടുണ്ട്. അധ്യാപക തസ്തികയില്‍ ജോലിചെയ്യുന്നവരുടെ ഭാര്യമാരെയും ഭര്‍ത്താക്കന്മാരെയും നിയമിച്ചതിലും വന്‍ ക്രമക്കേടുണ്ട്. യോഗ്യതയില്ലാത്ത സ്വന്തക്കാരെ നിയമിക്കുന്ന സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്.
(എം ഒ വര്‍ഗീസ്)

deshabhimani

No comments:

Post a Comment