Wednesday, November 13, 2013

കല്ലുമഴക്കഥ സര്‍ക്കാര്‍ വിഴുങ്ങി

കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെ കല്ലുമഴയുണ്ടായി എന്നവാദം പ്രോസിക്യൂഷന്‍ വിഴുങ്ങി. "അഞ്ചു കല്ല് മാത്രമാണ് എറിഞ്ഞത്, കാറില്‍നിന്ന് കണ്ടെടുക്കാനായത് ഒരു കല്ലുമാത്രം"-കോടതിയുടെ തുടരെയുള്ള ചോദ്യങ്ങള്‍ക്കൊടുവില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി മറുപടി നല്‍കി. കണ്ണൂരില്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞെന്ന കേസില്‍ ജാമ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദ് കല്ലെറിഞ്ഞില്ലെന്നും കല്ലെറിയാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള ഡിജിപിയുടെ വാദം കോടതിക്കുള്ളില്‍ ചിരിപടര്‍ത്തി. കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തിട്ടുണ്ടോയെന്നും വീഡിയോ ദൃശ്യങ്ങളുണ്ടോയെന്നും കോടതി ആരാഞ്ഞു. ആരും പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് ഡിജിപി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതിനെത്തുടര്‍ന്നാണ് കുഞ്ഞുമുഹമ്മദ് കല്ലെറിയാന്‍ ശ്രമിച്ചതെന്നും ഡിജിപി വിശദീകരിച്ചു. എന്നാല്‍, കുഞ്ഞുമുഹമ്മദ് കല്ലെറിയുന്നതിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ഹര്‍ജിഭാഗം അഭിഭാഷകന്‍ പി നാരായണന്‍ കോടതിക്കു കൈമാറി. മനോരമ ചാനല്‍ സംപ്രേഷണംചെയ്ത ദൃശ്യങ്ങളാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ചാനലുകള്‍ ചിലപ്പോള്‍ ചില കുസൃതികള്‍ കാട്ടാറുണ്ടെന്നായിരുന്നു ഡിജിപിയുടെ വിശദീകരണം. സമരത്തില്‍ പങ്കെടുത്ത 300 പേര്‍ക്കെതിരെയും കേസെടുത്തോയെന്ന് കോടതി ചോദിച്ചു. 1000 പേര്‍ക്കെതിരെയാണ് കേസെന്നും ഇതില്‍ 100 പേരെ തിരിച്ചറിഞ്ഞെന്നും 75 പേരെ അറസ്റ്റ്ചെയ്തെന്നും ഡിജിപി അറിയിച്ചു. മുഖ്യമന്ത്രിയുടെ കാറിനുനേരെ കമ്പിവടിയെറിഞ്ഞതിന് തെളിവുണ്ടോയെന്നു കോടതി ചോദിച്ചു. കഴിഞ്ഞദിവസത്തെ ഡിജിപിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം. കമ്പിവടികൊണ്ട് എറിഞ്ഞിട്ട് മുഖ്യമന്ത്രിയുടെ കാറിന് ഒന്നും പറ്റിയില്ലേയെന്നും കോടതി ചോദിച്ചു. പിന്നീട് ഫോട്ടോകള്‍ പരിശോധിച്ച കോടതി കമ്പിവടിയല്ല മറിച്ച് ട്രാഫിക് പൊലീസ് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കോണാണ് എറിഞ്ഞതെന്ന് വിലയിരുത്തി. കാറിനുനേരെ അഞ്ചു കല്ലുകള്‍ എറിഞ്ഞെന്നും കമ്പിവടി എറിഞ്ഞെങ്കിലും കാറില്‍ കൊണ്ടില്ലെന്നും ഡിജിപി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്നും ഇന്നോവ കാറിന്റെ പിന്‍സീറ്റിലിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അത്യാവശ്യഘട്ടത്തിലെങ്ങനെ പുറത്തിറങ്ങുമെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയും മന്ത്രി കെ സി ജോസഫും ഇരുന്ന പിന്‍സീറ്റിനിടയിലൂടെ ആവശ്യമെങ്കില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന് പുറത്തുകടക്കാനാകുമെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ കാറിനു പുറമെ മന്ത്രി കെ സി ജോസഫിന്റെ കാറിനും മറ്റ് രണ്ടു പൊലീസ് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ ഉണ്ടായതായി ഡിജിപി ബോധിപ്പിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നും പറഞ്ഞു. രണ്ട് ചില്ല് പൊട്ടിയതിനാണോ അഞ്ചുലക്ഷം രൂപ നഷ്ടമെന്നും നഷ്ടം തിട്ടപ്പെടുത്തിയത് ആരെന്നും കോടതി വിശദീകരണം തേടി. പൊതുമരാമത്തുവകുപ്പിന്റെ കണക്കാണെന്നും രേഖകള്‍ ഇപ്പോള്‍ കൈവശമില്ലെന്നും ഡിജിപി വിശദീകരിച്ചു.

കുഞ്ഞുമുഹമ്മദിന്റെ മുന്‍കാല ചെയ്തികളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. കുഞ്ഞുമുഹമ്മദിനെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട്, കണ്ണൂര്‍ സംഭവത്തിലെ ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്, വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി റിപ്പോര്‍ട്ട് തുടങ്ങിയവ കോടതി പരിശോധിച്ചു. കണ്ണൂരില്‍ നടന്ന സംഭവങ്ങളുടെ നിയമവശം പരിശോധിക്കുന്നില്ലെന്നും ഇത് ബന്ധപ്പെട്ട കോടതികളാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതെന്നും വ്യക്തമാക്കിയാണ് കോടതി നാലു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

deshabhimani

No comments:

Post a Comment