Wednesday, November 13, 2013

"ഭുരഹിതരില്ലാത്ത കേരളം" പദ്ധതിയും തട്ടിപ്പ്

ജില്ലകള്‍ തോറും ജനസമ്പര്‍ക്ക പരിപാടി നടത്തി മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നതിനിടെ ഭൂരഹിതരില്ലാത്ത കേരള പദ്ധതിയും തട്ടിപ്പെന്ന് വ്യക്തമായി. പാവങ്ങള്‍ക്ക് തലചായ്ക്കാനുള്ള ഭവനപദ്ധതി നിര്‍ത്തിയതിനു പുറമെയാണ് കൊട്ടിഘോഷിച്ച് തുടങ്ങിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. സോണിയ ഗാന്ധി ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഉദ്ഘാടനംചെയ്ത് ആഴ്ചകള്‍ക്കകമാണ് കണ്ണൂരിനെ സമ്പൂര്‍ണ ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി ജയറാം രമേഷിനെ എത്തിച്ചായിരുന്നു റവന്യൂവകുപ്പ് ഉദ്ഘാടന മാമാങ്കം നടത്തിയത്. എന്നാല്‍, കണ്ണൂരിലെ മുഴുവന്‍ ആദിവാസി കോളനികളിലും തുണ്ടു ഭൂമിപോലുമില്ലാത്ത നൂറുകണക്കിന് കുടുംബങ്ങളുടെ കണ്ണീര്‍ക്കഥകളാണ് ഓരോ ദിവസവും മാധ്യമങ്ങള്‍ പുറത്തു വിടുന്നത്. പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലും ഭൂമിയില്ലാത്ത നിരവധി കുടുംബങ്ങളുണ്ട്. ഭുരഹിത കര്‍ഷക തൊഴിലാളികള്‍ ഇതിനു പുറമെ.

സോണിയ ഗാന്ധി ഉദ്ഘാടനംചെയ്ത ദിവസം തിരുവനന്തപുരം ജില്ലയില്‍ നല്‍കിയ പട്ടയങ്ങളേറെയും വ്യാജമായിരുന്നു. ആറ്റിങ്ങലില്‍ ഗ്രാമപഞ്ചായത്തുകളുടെ കൈവശമുള്ള ശ്മശാന ഭൂമിയാണ് നല്‍കിയതെങ്കില്‍ അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റി ഡാംസൈറ്റ് സ്ഥലമാണ് "കൈയേറിയത്". ജില്ലയില്‍ മറ്റ് പ്രദേശങ്ങളില്‍ നല്‍കിയ സ്ഥലമാകട്ടെ മുട്ടന്‍ പാറകളും. ഭൂമി അനുവദിച്ചതില്‍ അഞ്ച് ശതമാനത്തിനുപോലും യഥാര്‍ഥ ഭൂമിയുടെ അവകാശികളാകാനായില്ല. കൂടുതല്‍ ആദിവാസികളുള്ള വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലും ഭൂവിതരണം പ്രഹസനമായി. സ്വന്തം ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ച് മാധ്യമശ്രദ്ധ നേടാന്‍ ശ്രമിച്ച വകുപ്പുമന്ത്രി അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന വാര്‍ത്തകള്‍ വന്നതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി.

എല്‍ഡിഎഫ് ഭരണകാലത്ത് മികച്ച നിലയില്‍ മുന്നേറിയ ഇ എം എസ് ഭവനപദ്ധതി അട്ടിമറിച്ചാണ് യുഡിഎഫ് അധികാരത്തില്‍ വന്ന ഉടനെ ഇന്ദിരാ ആവാസ് യോജന പ്രഖ്യാപിച്ചത്. സാമ്പത്തിക സഹായം രണ്ടു ലക്ഷം രൂപയായി വര്‍ധിപ്പിച്ചുവെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചുവെങ്കിലും ബാധ്യത മുഴുവന്‍ ത്രിതല പഞ്ചായത്തുകളെ അടിച്ചേല്‍പ്പിക്കുകയായിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക നിയന്ത്രണംമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും അവതാളത്തിലായ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഉള്‍പ്പെടെ ഇത് ഇരുട്ടടിയായി.

deshabhimani

No comments:

Post a Comment