Saturday, November 9, 2013

"കാളക്കഴുത്ത് " തടാകം കാടുകയറുന്നു

ചാലക്കുടി: കാടുകുറ്റി പഞ്ചായത്തിലെ വൈന്തല ഓക്സ്ബോ തടാകം പുല്ല് കയറി നശിക്കുന്നു. കണിച്ചാംതുറ എന്നറിയപ്പെടുന്ന ഈ ജലാശയം ദക്ഷിണേന്ത്യയിലെ ഏക "ഓക്സ്ബോ" തടാകമാണ്. സംസ്ഥാന ജൈവവൈവിധ്യബോര്‍ഡിന്റെ പൈതൃക സംരക്ഷിത പ്രദേശങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തി തടാകം സംരക്ഷിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ജലരേഖയായി.

കാളയുടെ കഴുത്തിന്റെ മുകള്‍ഭാഗത്തിന്റെ ആകൃതിയിലായതുകൊണ്ടാണ് ഓക്സ്ബോ എന്ന പേര് വന്നത്. ആമസോണ്‍ നദീതടങ്ങളില്‍ അപൂര്‍വമായി "ഓക്സ്ബോ" തടാകങ്ങളുണ്ട്. ഇന്ത്യയില്‍ അത്യപൂര്‍വമാണ് ഈ പ്രതിഭാസം. കേരളത്തില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള ഏക "ഓക്സ്ബോ" തടാകമാണ് വൈന്തലയിലെ കണിചാംതുറ. ഒരു വലിയ ചിറ മാത്രമായാണ് കണിചാംതുറ കണക്കാക്കിയിരുന്നത്. 1998ല്‍ രാജ്യാന്തര നദീപഠന ഗവേഷണകേന്ദ്രമായ നിവ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞന്‍ ഡോ. സണ്ണി ജോര്‍ജാണ്. ഇത് ഓക്സ്ബോ തടാകമാണെന്ന് തിരിച്ചറിയുന്നത്. പടിഞ്ഞാറോട്ട് ഒഴുകിക്കൊണ്ടിരുന്ന ചാലക്കുടി പുഴ വൈന്തലയില്‍വച്ച് ഗതിമാറി കിഴക്കോട്ട് ഒഴുകുകയാണ്. പുഴ ഗതിമാറിയപ്പോള്‍ നേരത്തെ ഒഴുകിയിരുന്ന മാര്‍ഗം വിസ്തൃത ജലാശയമായി രൂപാന്തരപ്പെട്ടു. പുഴയേയും തടാകത്തേയും ബന്ധിപ്പിക്കുന്ന ചെറിയ നീര്‍ച്ചാലുകളുണ്ട്. അഷ്ടമിച്ചിറ, ചെറാല്‍പാടത്തിനും വൈന്തലപ്പാടത്തിനും ഇടയില്‍ ഏകദേശം മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന തടാകത്തിന്റെ വിസ്തൃതി ഏഴ് ഏക്കറോളം വരും. ഒട്ടേറെ ജൈവവൈവിധ്യങ്ങളുടെ നിറസാന്നിധ്യവും ദേശാടന പക്ഷികളുടേയും സസ്യജാലകങ്ങളുടേയും ആവാസകേന്ദ്രവുമാണ് "ഓക്സ്ബോ" തടാകം. ഏത് കൊടും വേനലിലും വറ്റാത്ത ഉറവകളുള്ള അമൂല്യമായ ജലസ്രോതസ്സുകൂടിയാണത്.

ഇരുന്നൂറ് കൊല്ലം മുമ്പ് നാട്ടിലെ ജന്മി നെല്‍കൃഷിക്കായി തടാകം വറ്റിക്കാന്‍ മ്രിച്ചു. ചെങ്കല്‍പാറകളിലൂടെ ഉണ്ടാക്കിയ തോട് വഴി വെള്ളം ഒഴുക്കി കളയാനായിരുന്നു ശ്രമം. പക്ഷേ അത് പരാജയപ്പെട്ടു. പഴയ ചെങ്കല്‍തോടിന്റെ ഭാഗങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്. പാരിസ്ഥിതിക പ്രാധാന്യമുള്ള അമൂല്യപ്രതിഭാസം. അത്യപൂര്‍വ ഭൂപ്രദേശം സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്.എന്നാല്‍ ബന്ധപ്പെട്ട വകുപ്പുകളെല്ലാം മുഖം തിരിഞ്ഞുനില്‍ക്കുകയാണ്
(ഇ സി സുരേഷ്)

deshabhimani

No comments:

Post a Comment