Sunday, November 10, 2013

"ഗോത്രസാരഥി" പൂര്‍ണമായും നിലയ്ക്കുന്നു

കല്‍പ്പറ്റ: ആദിവാസി വിദ്യാര്‍ഥികളെ സ്കൂളില്‍ എത്തിക്കുന്നതിനായി തുടങ്ങിയ ഗോത്രസാരഥി പദ്ധതി ജില്ലയില്‍ പൂര്‍ണ്ണമായും നിലയ്ക്കുന്നു. സര്‍ക്കാരില്‍ നിന്നും പണം ലഭിക്കാത്തതാണ് കാരണം. മാനന്തവാടി ഉപജില്ലയില്‍ നേരത്തെ പദ്ധതിയുടെ ചരമക്കുറിപ്പ് എഴുതിയിരുന്നു. ഇപ്പോള്‍ മറ്റ് രണ്ടു ഉപജില്ലകളിലും പദ്ധതി നിര്‍ത്തലാക്കുകയാണ്. പുതിയ സ്കൂളുകളില്‍ പദ്ധതി ആരംഭിക്കേണ്ടെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഒന്നുമുതല്‍ 10വരെ ക്ലാസുകളില്‍ പഠിക്കുന്ന ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും വാഹന സൗകര്യം നല്‍കുന്നതാണ് ഗോത്രസാരഥി പദ്ധതി. പട്ടിക വര്‍ഗവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി കഴിഞ്ഞ ജൂലൈയിലാണ് സ്കൂളുകളില്‍ തുടങ്ങിയത്. തുടക്കത്തില്‍ പണം നല്‍കിയെങ്കിലും പിന്നീട് നല്‍കാതെയായി. 15 ലക്ഷം രൂപ വീതമാണ് ഓരോ താലൂക്കിനും അനുവദിച്ചിരുന്നത്. പിന്നീട് തുക നല്‍കിയിട്ടില്ല. പണം കിട്ടുമെന്ന പ്രതീക്ഷയില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയ സ്കൂള്‍ അധികൃതരും ഇതോടെ പ്രതിസന്ധിയിലായി.

പദ്ധതി നടപ്പാക്കാനായി കര്‍ശന നിബന്ധനകളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. സ്കൂളുകളില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കണം. കമ്മിറ്റി കണ്‍വീനറുടെയും പ്രധാനാധ്യാപകരുടെയും പേരില്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് എടുത്ത് ഇതിലൂടെ ഇടപാട് നടത്തണം. വാഹനത്തിനായി ടാക്സി ഉടമകളില്‍നിന്നും ക്വട്ടേഷന്‍ വിളിക്കണം തുടങ്ങിയവയായിരുന്നു നിബന്ധനകള്‍. ഇതെല്ലാം പാലിച്ച് പദ്ധതി തുടങ്ങിയ സ്കൂളുകളാണ് ഇപ്പോള്‍ വെട്ടിലായിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ലഭിച്ചതൊഴികെ പണം ലഭിച്ചിട്ടില്ല.

പദ്ധതി നിര്‍ത്തിയതായി പട്ടികവര്‍ഗ വകുപ്പ് ഔദ്യോഗീകമായി പറയുന്നില്ല. പണത്തിനായി ട്രൈബല്‍ ഓഫീസില്‍ എത്തുന്ന പ്രധാനാധ്യാപകര്‍ നിരാശരായി മടങ്ങുകയാണ്. പണമില്ലെന്ന മറുപടിയാണ് കിട്ടുന്നത്. പണം നല്‍കുമോയെന്നുപോലും ഉറപ്പില്ല. പദ്ധതി മുമ്പോട്ട് കൊണ്ടുപോകെണ്ടെന്ന നിര്‍ദേശമാണ് അനൗദ്യോഗികമായി നല്‍കുന്നത്. ഇതേ തുടര്‍ന്ന് സ്കൂളുകള്‍ പദ്ധതി നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ അധ്യയനവര്‍ഷം ജില്ലാ പഞ്ചായത്ത് നപ്പാക്കിയ പദ്ധതിയാണ് ഗോത്രസാരഥി. ഇതാണ് ഇത്തവണ സംസ്ഥാന വ്യാപകമായി നടപ്പാക്കിയത്. എന്നാല്‍ ബജറ്റില്‍ ആവശ്യമായ തുക വകയിരുത്തിയതുമില്ല. കഴിഞ്ഞ വര്‍ഷത്തെ പണം ഇപ്പോഴും ജില്ലയിലെ സ്കൂളുകള്‍ക്ക് ലഭിക്കാനുണ്ട്.

deshabhimani

No comments:

Post a Comment