Monday, November 11, 2013

മോഡിക്ക് വീണ്ടും പിഴവ് ജനസംഘം സ്ഥാപകനേയും മറന്നു

ഗുജറാത്ത്: ബിജെപിയുടെ പ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോഡിക്ക് പ്രസംഗത്തിനിടെ ആളുമാറിപോയി. തന്റെ പ്രസംഗത്തിനിടയില്‍ ഹൈന്ദവ ഇതിഹാസ കഥാപാത്രങ്ങളെയും ചരിത്രപുരുഷന്‍മാരേയും കൂട്ടുപിടിക്കുന്ന മോഡി ഇത്തവണ തെറ്റിച്ചുകളഞ്ഞത് ബിജെപിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയെയാണ്. ഞായറാഴ്ച ഗുജറാത്തിലെ ഖേദയില്‍ ഒരു ആശുപത്രി ഉദ്ഘാടനത്തിനിടെയാണ് മോഡിക്ക് നാക്കുപിഴച്ചത്.

ഡോ. മുഖര്‍ജി ഗുജറാത്തിന്റെ അഭിമാനപുത്രനാണെന്നും ഇന്ത്യന്‍ വിപ്ലവക്കാരികള്‍ക്ക് ഗുരുവായ അദ്ദേഹമാണ് ഇംഗ്ലണ്ടില്‍ ബ്രിട്ടീഷുക്കാരുടെ മൂക്കിന് താഴെ "ഇന്ത്യന്‍ ഹൗസ് ഓഫ് ലണ്ടന്‍" സ്ഥാപിച്ചതെന്നും അവിടെ 1930ല്‍ മരിച്ച അദ്ദേഹം തന്റെ ചിതാഭസ്മം സൂക്ഷിച്ചുവെക്കണമെന്നും സ്വതന്ത്ര ഇന്ത്യയില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നെന്നുമാണ് മോഡി പ്രസംഗിച്ചത്. എന്നാല്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി കൊല്‍കൊത്തയില്‍ലാണ് ജനിച്ചത്. 1953ല്‍ നിര്യാതനായ അദ്ദേഹത്തെ സംസ്ക്കരിച്ചതും കൊല്‍കൊത്തയിലാണ്.

എന്നാല്‍ സംസ്കൃത പണ്ഡിതനും ദേശീയവാദിയുമായിരുന്ന ശ്യാമ്ജി കൃഷ്ണവര്‍മ്മയെയാണ് മോഡി ശ്യാമപ്രസാദ് മുഖര്‍ജിയാക്കിയത്. ശ്യാമ്ജി കൃഷ്ണവര്‍മ്മ 1857ല്‍ ഗുജറാത്തിലാണ് ജനിച്ചത്. ആദ്യമായി പണ്ഡിറ്റ് ബഹുമതി ലഭിച്ച അബ്രാഹ്മണനായ ശ്യാമ്ജിയാണ് ഇന്ത്യന്‍ ഹൗസ് ഓഫ് ലണ്ടന്‍ സ്ഥാപിച്ചത്. വിപ്ലവക്കാരികളായ വി ഡി സവര്‍ക്കര്‍, ബിക്കാജി കാമ, ലാല ഹര്‍ദയാല്‍, വീരേന്ദ്രനാഥ് ചത്യോപാധ്യായ എന്നിവരുടെയെല്ലാം പ്രചോദനകേന്ദ്രമായിരുന്നു ഇന്ത്യാ ഹൗസ് ഓഫ് ലണ്ടന്‍.അദ്ദേഹത്തിന്റെ ചിതാഭസ്മം 2003ല്‍ മോഡിതന്നെ മുന്‍കൈയെടുത്ത് ഗുജറാത്തില്‍ കൊണ്ടുവന്നതായി ഗുജറാത്ത് ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിലും പറയുന്നുണ്ട്.

ഡോ. മുക്കര്‍ജി ജവഹര്‍ലാല്‍ നെഹ്രുവിന്റെ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട മുഖര്‍ജി 1951ല്‍ ഭാരതീയ ജനസംഘം രൂപീകരിച്ചു. 1953ല്‍ ജമ്മു കാശ്്മീരിലേക്ക് ഇന്ത്യന്‍ ദേശീയ നേതാക്കള്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച മുഖര്‍ജിയെ ജയിലിലടക്കുകയും ആ വര്‍ഷം ജയിലില്‍ തന്നെ മരിക്കുകയുമാണുണ്ടായത്. ബിജെപിയുടെ രക്തസാക്ഷിയായാണ് മുഖര്‍ജിയെ പരിഗണിക്കുന്നതും. ഭാരതത്തിലെ പൗരാണിക സര്‍വ്വകലാശാലയായ തക്ഷശില ബിഹാറിലാണെന്ന് കുറച്ചുദിവസം മുമ്പ് മോഡി പ്രസംഗിച്ചിരുന്നു. എന്നാല്‍ തക്ഷശില ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പ്രദേശത്തായിരുന്നു.
 
ചരിത്രത്തെയും ഇന്ത്യന്‍ ദേശീയതയേയും വളച്ചൊടിക്കാനുള്ള ബിജെപി നേതാക്കളുടെ അതിശ്രമങ്ങളാണ് ഇവയെല്ലാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഈ സംഭവങ്ങളോട് പ്രതികരിച്ചു. ഞായറാഴ്ചയിലെ പ്രസംഗത്തിലും ഇന്ത്യയുടെ വിഭജനത്തിന് കോണ്‍ഗ്രസിനെ മോഡി പഴിച്ചിരുന്നു. ബിജെപിയുടെ പാരമ്പര്യത്തെതന്നെ നിഷേധിക്കാനാണ് മോഡിയുടെ ശ്രമമെന്ന് കേന്ദ്രമന്ത്രി മനീഷ് തിവാരി പറഞ്ഞു.

എന്നാല്‍ മോഡി തെറ്റുമനസിലാക്കി ഉടനെ തിരുത്തിയെന്നും തനിക്ക് തെറ്റിപറ്റിയതാണെന്ന് സദസ്സിനോട് ഏറ്റുപറഞ്ഞതായും ബിജെപി വക്താവ് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. എന്നാല്‍ പ്രസംഗം പകര്‍ത്തിയ വീഡിയോ ടേപ്പില്‍ ആരോ മോഡിക്ക് ഒരു കുറിപ്പ് കൈമാറുന്നത് കാണാമെന്നും തുടര്‍ന്നാണ് അദ്ദേഹം തെറ്റ് തിരുത്തിയതെന്നും പറയുന്നു

deshabhimani

No comments:

Post a Comment