Friday, January 17, 2014

വൈദ്യുതി നിയമഭേദഗതിക്കെതിരെ ഫെബ്രു. 13ന് ദേശീയപ്രതിഷേധം

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ഫെബ്രുവരി 13ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഇഇഎഫ്ഐ) ദേശീയ വര്‍ക്കിങ് കമ്മിറ്റി തിരുമാനിച്ചു. ഊര്‍ജം മാനവാവകാശം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രക്ഷോഭം. വൈദ്യുതി മേഖലയിലെ മറ്റു ഫെഡറേഷനുകളെയും കല്‍ക്കരി, പ്രകൃതിവാതകം, പെട്രോളിയം മേഖലകളിലെ തൊഴിലാളിസംഘടനകളെയും പ്രക്ഷോഭത്തില്‍ അണിനിരത്തും. ഇതിന്റെ ഭാഗമായി നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി 30ന് ഡല്‍ഹിയില്‍ യോഗം ചേരും. പ്രക്ഷോഭങ്ങളുടെ തുടക്കമെന്ന നിലയില്‍ എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ഊര്‍ജ സെമിനാറുകള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് ജില്ല- പ്രാദേശികതലത്തിലും പ്രചാരണം സംഘടിപ്പിക്കും.

ഊര്‍ജ സ്രോതസ്സുകളുടെ സ്വകാര്യവല്‍ക്കരണവും ഊര്‍ജ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കുന്നതും സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന് കമ്മിറ്റി വിലയിരുത്തി. വൈദ്യുതിമേഖലയില്‍ സ്വകാര്യമൂലധനശക്തികള്‍ക്ക് പിടിമുറുക്കാന്‍ കൂടുതല്‍ അവസരം നല്‍കുന്ന നിലയില്‍ വൈദ്യുതി നിയമത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത് വൈദ്യുതിമേഖലയുടെ തകര്‍ച്ചയിലേക്കാണ് വഴിവയ്ക്കുക. വൈദ്യുതി ഉപയോക്താക്കള്‍ക്ക് വില്‍ക്കുകയും വൈദ്യുതിചാര്‍ജ് ഈടാക്കുന്നതും പുതുതായി രൂപംകൊള്ളുന്ന സപ്ലൈ ലൈസന്‍സിയുടെ ചുമതലയായിരിക്കുമെന്ന് ഭേദഗതി നിര്‍ദേശിക്കുന്നു. ക്രോസ് സബ്സിഡി കുറച്ചുകൊണ്ടുവരുക, വര്‍ഷാവര്‍ഷം നിര്‍ബന്ധമായും വൈദ്യുതിചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ നിബന്ധനകളോടുകൂടിയ കേന്ദ്ര താരീഫ് നയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ബന്ധമാക്കും. സംസ്ഥാനങ്ങള്‍ക്ക് നയപരമായ നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അധികാരം കുറയ്ക്കാനും സംസ്ഥാനതല റഗുലേറ്ററികമീഷന്‍ അംഗങ്ങളെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം പരിമിതപ്പെടുത്താനും ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നു. കരാര്‍വല്‍ക്കരണം വൈദ്യുതി മേഖലയിലും വ്യാപകമാക്കുന്നു. ഇക്കാര്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ചടക്കമുള്ള പ്രക്ഷോഭം നടത്താനും കമ്മിറ്റി തീരുമാനിച്ചു.

ഫെഡറേഷന്‍ പ്രസിഡന്റ് കെ ഒ ഹബീബ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി എന്‍ ചൗധരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ ഡെപ്യൂട്ടി സെക്രട്ടറിയും ഇഇഎഫ്ഐ വര്‍ക്കിങ് പ്രസിഡന്റുമായ സ്വദേശ് ദേവ് റോയ് പ്രക്ഷോഭ പരിപാടി വിശദീകരിച്ചു. ട്രഷറര്‍ എസ് എസ് സുബ്രഹ്മണ്യം, കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി ലക്ഷ്മണന്‍, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം ജി സുരേഷ് കുമാര്‍, ഇഇഎഫ്ഐ ദേശീയ സെക്രട്ടറി കാഞ്ചന്‍ മുഖര്‍ജി എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

deshabhimani

No comments:

Post a Comment