പോരാട്ടപ്രതിജ്ഞയുമായി പ്രൗഢതുടക്കം
ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ഇതര ഇടതുശക്തികളെയും സമാനചിന്താഗതിക്കാരെയും അണിനിരത്തുമെന്ന പ്രഖ്യാപനത്തോടെ സിപിഐ എം സംസ്ഥാന സമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം. ഹൃദയരക്തം കൊണ്ട് വീരേതിഹാസം രചിച്ച രക്തസാക്ഷികളുടെയും മണ്‍മറഞ്ഞ ആദ്യപഥികരുടെയും ദീപ്ത സ്മരണ നിറഞ്ഞുനിന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ (എ കെ ജി ഹാള്‍) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പാര്‍ടിയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
പ്രതിനിധി സമ്മേളനവേദിയായ എ കെ ജി ഹാളിനു മുന്നിലെ പ്രത്യേക പീഠത്തില്‍ സ്ഥാപിച്ച ദീപശിഖയില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ദീപം പകര്‍ന്നതോടെ സമ്മേളന നടപടിക്ക് തുടക്കമായി. പ്രതിനിധികള്‍ ഹാളിനുള്ളില്‍ ഒത്തുചേര്‍ന്നപ്പോള്‍ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണ പകര്‍ന്ന് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട തന്റെ "രക്തസാക്ഷി" എന്ന കവിത ആലപിച്ചു. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ താല്‍ക്കാലിക അധ്യക്ഷനായി.
തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കായി നേതാക്കളും പ്രതിനിധികളും പ്രകടനമായി നീങ്ങി. ബാന്റ് സംഘത്തിന്റെയും റെഡ് വളന്റിയര്‍മാരുടെയും അകമ്പടിയോടെ പാളയം ആശാന്‍സ്ക്വയറിലെ പ്രത്യേകം സജ്ജീകരിച്ച രക്തസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. പ്രതിനിധി സമ്മേളന ഹാളിനു മുന്നില്‍ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തി. വിപ്ലവഗാനവും ആയിരം കണ്ഠങ്ങളില്‍നിന്ന് ഇടിമുഴക്കമായി മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ചെമ്പട്ടണിഞ്ഞ അനന്തപുരി ആവേശത്തിമിര്‍പ്പിലായി. ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനെ സൂചിപ്പിച്ച് ബാലസംഘം കുട്ടികള്‍ പറത്തിയ 20 ചുവന്ന ബലൂണ്‍ വാനില്‍ പറന്നുയര്‍ന്നു. തുടര്‍ന്ന് പ്രതിനിധികള്‍ സമ്മേളന ഹാളില്‍ പ്രവേശിച്ചപ്പോള്‍ ഗായകര്‍ സ്വാഗതഗാനം പാടി വരവേറ്റു. പിരപ്പന്‍കോട് മുരളി രചിച്ച് കല്ലറ ഗോപന്‍ ഈണം പകര്‍ന്ന "മാര്‍ക്സാണ് ശരി, കാള്‍ മാര്‍ക്സാണ് ശരി" എന്ന ഗാനവും ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ "നില്‍ക്കൂ ചരിത്രമേ നില്‍ക്കൂ/ ഈ വര്‍ത്തമാനം സ്വീകരിക്കൂ..., എന്ന ഗാനവും മുഴങ്ങി.
തുടര്‍ന്ന് വി എസ് അച്യുതാനന്ദന്‍ സംസാരിച്ചു. കോടിയേരി ബാലകൃഷ്ണന്‍ രക്തസാക്ഷി പ്രമേയവും കേന്ദ്രക്കമ്മിറ്റിയംഗം എം എ ബേബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രസീഡിയത്തിലേക്കും വിവിധ കമ്മിറ്റികളിലേക്കും പേര് നിര്‍ദേശിച്ച് പിണറായി വിജയന്‍ അവതരിപ്പിച്ച പാനല്‍ സമ്മേളനം ഐകകണ്ഠ്യേന അംഗീകരിച്ചു. കോടിയേരി ബാലകൃഷ്ണന്‍ , എളമരം കരീം, പി കെ ബിജു, ഗിരിജ സുരേന്ദ്രന്‍ , സജി ചെറിയാന്‍ എന്നിവരടങ്ങിയതാണ് പ്രസീഡിയം. സംസ്ഥാന സെക്രട്ടറിയറ്റ് സ്റ്റിയറിങ് കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്നു. എം എ ബേബി കണ്‍വീനറായി പ്രമേയ കമ്മിറ്റിയും ജി സുധാകരന്‍ കണ്‍വീനറായി ക്രെഡന്‍ഷ്യല്‍ കമ്മിറ്റിയും കെ വരദരാജന്‍ കണ്‍വീനറായി മിനിറ്റ്സ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ പ്രതിനിധികള്‍ക്ക് സ്വാഗതം ആശംസിച്ചു.
പ്രകാശ് കാരാട്ടിന്റെ ഉദ്ഘാടന പ്രസംഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിന്നീട് ഗ്രൂപ്പ് ചര്‍ച്ചയ്ക്കായി സമ്മേളനം പിരിഞ്ഞു. റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച ബുധനാഴ്ച രാവിലെ പത്തിന് ആരംഭിക്കും. പൊതുചര്‍ച്ച വ്യാഴാഴ്ചയും തുടരും. ഒമ്പതര മണിക്കൂര്‍ നീളുന്ന ചര്‍ച്ചയ്ക്ക് വ്യാഴാഴ്ച മറുപടി പറയും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, കെ വരദരാജന്‍ , വൃന്ദാ കാരാട്ട് എന്നിവരും സമ്മേളനത്തില്‍ സംബന്ധിക്കുന്നു. സംസ്ഥാനത്തെ 3.7 ലക്ഷം അംഗങ്ങളെ പ്രതിനിധാനംചെയ്ത് സംസ്ഥാന കമ്മിറ്റി അംഗങ്ങളും നിരീക്ഷകരും ഉള്‍പ്പെടെ 565 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. തലസ്ഥാന ജില്ലയില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന സമ്മേളനം വന്‍ റാലിയോടെ വെള്ളിയാഴ്ച സമാപിക്കും.
(കെ ശ്രീകണ്ഠന്‍)
ഏകബദല്‍ ഇടതുപക്ഷം: കാരാട്ട്
ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗര്‍(തിരു): വിനാശകാരിയായ നവഉദാരനയങ്ങള്‍ക്കുള്ള ബദല്‍ മുന്നോട്ടുവെക്കുന്ന ഏകരാഷ്ട്രീയശക്തി ഇടതുപക്ഷം മാത്രമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. എതിര്‍പ്പുകള്‍ അതിജീവിച്ച് പാര്‍ടി കൂടുതല്‍ കരുത്താര്‍ജ്ജിക്കും. പാര്‍ടിക്ക് കൂടുതല്‍ കരുത്തേകാനും ഇടതുപക്ഷ-ജനാധിപത്യ ഐക്യം ശക്തിപ്പെടുത്താനുമുള്ള തീരുമാനങ്ങള്‍ കോഴിക്കോട്ട് ചേരുന്ന 20-ാം പാര്‍ടികോണ്‍ഗ്രസ് കൈക്കൊള്ളും. ഉദാരനയത്തിനും അഴിമതിക്കും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങുന്ന കേന്ദ്രനയങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിപിഐ എം കടുത്ത ആക്രമണമാണ് നേരിടുന്നത്. എന്നാല്‍ , ഇത്തരം നടപടികളിലൂടെ പാര്‍ടിയെ പിന്തിരിപ്പിക്കാനാവില്ലെന്നും എ കെ ജി ഹാളില്‍ സിപിഐ എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് കാരാട്ട് പറഞ്ഞു.
നവഉദാരവല്‍കരണത്തിന്റെ രണ്ടു ദശകം രാജ്യത്ത് അസമത്വം പലമടങ്ങ് വര്‍ധിപ്പിച്ചു. ജനജീവിതം ദുരിതപൂര്‍ണമാക്കിയ നയങ്ങള്‍ സമ്പദ്ഘടനയെ ഗുരുതര പ്രതിസന്ധിയിലാക്കി. സാമ്പത്തിക വളര്‍ച്ചയുണ്ടെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ കൃഷിക്കാര്‍ കൂട്ടത്തോടെ ജീവനൊടുക്കുന്നു. തൊഴില്‍രഹിതരുടെ എണ്ണവും വര്‍ധിക്കുന്നു. വിലക്കയറ്റം അതിരൂക്ഷമായി. അയ്യായിരം കോടി രൂപയിലേറെ സ്വത്തുള്ള 55 ശതകോടീശ്വരന്മാരെയാണ് മൂന്നുവര്‍ഷം കൊണ്ട് യുപിഎ സര്‍ക്കാര്‍ സൃഷ്ടിച്ചത്. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്ന 2ജി സ്പെക്ട്രം ഇടപാട് ഉന്നതങ്ങളിലെ അതിഭീമമായ അഴിമതിക്കഥകളിലൊന്നു മാത്രം.
ലോക്പാല്‍ നിയമം മാത്രമാണ് അഴിമതി തടയാനുള്ള ഏകപോംവഴിയെന്ന് ചിലര്‍ പറയുന്നു. അത് അഴിമതി തടയാന്‍ സഹായിക്കുമെങ്കിലും പൂര്‍ണമായി അവസാനിപ്പിക്കാന്‍ പര്യാപ്തമല്ല. നവഉദാരവല്‍കരണനയങ്ങള്‍ അവസാനിപ്പിക്കുക മാത്രമാണ് വിഭവങ്ങളുടെ കൊള്ള തടയാനുള്ള ഏകമാര്‍ഗം. അഴിമതിയില്‍ ബിജെപി കോണ്‍ഗ്രസുമായി മത്സരിക്കുകയാണ്. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലും മധ്യപ്രദേശിലും വന്‍ അഴിമതിയാണ്. അഴിമതിരഹിത ഭരണത്തിന്റെ റെക്കോഡ് സിപിഐ എമ്മിനും ഇടതുപക്ഷത്തിനും മാത്രം അവകാശപ്പെട്ടതാണ്.
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള പ്രധാനഉത്തരവാദിത്തം പാര്‍ടിക്കുണ്ട്. അങ്ങിങ്ങ് കാണുന്ന അപസ്വരങ്ങള്‍ ഐക്യത്തിന് വിഘാതമാവില്ല. കോട്ടയം സംസ്ഥാന സമ്മേളനത്തിനു ശേഷമുള്ള നാലുവര്‍ഷം ജനങ്ങളെ അണിനിരത്തി കേന്ദ്രനയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങളാണ് പാര്‍ടി സംഘടിപ്പിച്ചത്. ആസിയാന്‍ കരാറിനെതിരെ 40 ലക്ഷം പേര്‍ അണിനിരന്ന മനുഷ്യച്ചങ്ങല അവകാശസമരപരമ്പരകളില്‍ ഒന്നാണ്. ദളിതര്‍ , ആദിവാസികള്‍ , മതന്യൂനപക്ഷങ്ങള്‍ , സ്ത്രീകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പാര്‍ടി ഏറ്റെടുത്തു. ജാതി-വര്‍ഗീയ സാമുദായിക ശക്തികള്‍ക്കെതിരെ ചെറുത്തുനില്‍പ് സംഘടിപ്പിച്ചു. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ സാമൂഹ്യക്ഷേമ നടപടികളില്‍ റെക്കോഡ് സൃഷ്ടിച്ചു. തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടെങ്കിലും അത് സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ല. ജാതി-മതശക്തികളുടെ സഹായത്തോടെ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ ജനവിരുദ്ധനടപടികള്‍ അടിച്ചേല്‍പിക്കുന്നു.
അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസും യുഡിഎഫ് സര്‍ക്കാരും ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഐ എം നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നത്. എസ്എന്‍സി ലാവ്ലിന്റെ പേരില്‍ പിണറായി വിജയനെതിരെ കള്ളക്കേസുണ്ടാക്കിയവര്‍ ഇപ്പോള്‍ വി എസ് അച്യുതാന്ദനെതിരെ ഭൂമികൈമാറ്റത്തിന്റെ പേരില്‍ കേസെടുത്തു. ഇത് പാര്‍ടി ഒറ്റക്കെട്ടായി നേരിടും. നേതാക്കളെ താറടിക്കാന്‍ അനുവദിക്കില്ല. രാഷ്ട്രീയപ്രതിയോഗികള്‍ക്കെതിരെ സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. സാമ്രാജ്യവിധേയത്വത്തിനും തെറ്റായ നയങ്ങള്‍ക്കുമെതിരെ പാര്‍ടി നടത്തുന്ന ചെറുത്തുനില്‍പ് അഴിമതി ആരോപിച്ചു തളര്‍ത്താമെന്നു കരുതുന്ന കോണ്‍ഗ്രസ് സ്വപ്നലോകത്താണ്-കാരാട്ട് പറഞ്ഞു. പശ്ചിമബംഗാളില്‍ പാര്‍ടിക്കെതിരെ കടുത്ത ആക്രമണം നടക്കുന്നു. ഈ അതിക്രമങ്ങള്‍ അതിജീവിച്ച് പാര്‍ടി മുന്നേറും. കേന്ദ്രനയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി മുമ്പെങ്ങുമില്ലാത്ത വിധം യോജിച്ച ചെറുത്തുനില്‍പ്പ് ഉയരുകയാണ്. എല്ലാ ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത ഫെബ്രുവരി 28ന്റെ പൊതുപണിമുടക്ക് യോജിച്ച പോരാട്ടങ്ങളുടെ നാന്ദിയാണെന്ന് കാരാട്ട് പറഞ്ഞു.
എതിര്‍ക്കുന്നത് വര്‍ഗീയതയെ
ഏതെങ്കിലും മതത്തിനെതിരായ പോരാട്ടത്തില്‍ വിശ്വസിക്കുന്ന പാര്‍ടിയല്ല സിപിഐ എമ്മെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അതേസമയം ഏതുവിധത്തിലുള്ള വര്‍ഗീയതയെയും മതമൗലികവാദത്തെയും പാര്‍ടി എതിര്‍ക്കുമെന്നും കാരാട്ട് പറഞ്ഞു. ഇടതുപക്ഷത്തെതപ്പോലെ മതനിരപേക്ഷമായ മറ്റൊരു രാഷ്ട്രീയശക്തില്ലെന്നത് വിസ്മരിക്കരുതെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി. ക്രിസ്തീയതയ്ക്ക് മുതലാളിത്തത്തിനുള്ളതിനെക്കാള്‍ പതിനായിരം ഇരട്ടി യോജിപ്പ് കമ്മ്യൂണിസ്റ്റുകാരുമായി ഉണ്ടെന്ന ഫിദല്‍ കാസ്ട്രോയുടെ വാക്കുകള്‍ കാരാട്ട് ഓര്‍മ്മിപ്പിച്ചു.
ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസികളെയും സിപിഐ എമ്മിനെയും ബന്ധപ്പെടുത്തി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളും വിവാദങ്ങളും രാഷ്ട്രീയപ്രേരിതവും അനാവശ്യവുമാണ്. 1971ലാണ് ക്രൈസ്തവ പുരോഹിതരോട് കാസ്ട്രോ ഇങ്ങിനെ പറഞ്ഞത്. 41 വര്‍ഷംമുമ്പ് കാസ്ട്രോ പറഞ്ഞതുതന്നെയാണ് ഇപ്പോഴും തങ്ങള്‍ പറയുന്നത്. കമ്യൂണിസ്റ്റുകാര്‍ക്കും ക്രൈസ്തവര്‍ക്കും യോജിക്കാവുന്ന മേഖലകള്‍ ഏറെയാണ്. മതമൗലികവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിരന്തരം പോരാടുന്നതില്‍ സിപിഐ എമ്മിനെപ്പോലെ നിശ്ചയദാര്‍ഢ്യവും ആശയവ്യക്തയും മറ്റാര്‍ക്കുണ്ടെന്ന് കാരാട്ട് ചോദിച്ചു.
deshabhimani 080212
ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ഇതര ഇടതുശക്തികളെയും സമാനചിന്താഗതിക്കാരെയും അണിനിരത്തുമെന്ന പ്രഖ്യാപനത്തോടെ സിപിഐ എം സംസ്ഥാന സമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം. ഹൃദയരക്തം കൊണ്ട് വീരേതിഹാസം രചിച്ച രക്തസാക്ഷികളുടെയും മണ്‍മറഞ്ഞ ആദ്യപഥികരുടെയും ദീപ്ത സ്മരണ നിറഞ്ഞുനിന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ (എ കെ ജി ഹാള്‍) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പാര്‍ടിയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു
ReplyDelete