സംസ്ഥാനത്തെ കരാറുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക 2100 കോടി രൂപ. ടെന്‍ഡറില്‍ പങ്കെടുത്തവര്‍ കെട്ടിവച്ച തുകയില്‍ 100 കോടിയിലേറെ മടക്കിനല്‍കിയിട്ടില്ല. ചെറുകിട കരാറുകാരടക്കം എല്ലാ വിഭാഗത്തിലുമുള്ളവരുടെ ബില്‍തുക ഒരു വര്‍ഷംവരെ കുടിശ്ശികയായതോടെ നിര്‍മാണമേഖലയാകെ സ്തംഭിച്ചു. കുടിശ്ശിക നല്‍കാതെ പുതിയ ജോലിയൊന്നും എടുക്കില്ലെന്നാണ് കരാറുകാരുടെ തീരുമാനം. ഇതോടെ ചെറുതും വലുതുമായ പ്രവൃത്തികള്‍ക്ക് കരാറുകാരെ കിട്ടാത്ത സ്ഥിതിയായി. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുമാത്രം 1200 കോടി രൂപവരെ കരാറുകാര്‍ക്ക് നല്‍കാനുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള കണക്കാണ് ഇത്. കെട്ടിടനിര്‍മാണമേഖലയില്‍ 400 കോടിയും കുടിശ്ശികയുണ്ട്. ജലസേചനവുമായി ബന്ധപ്പെട്ട പുറംബണ്ട് കെട്ടല്‍, വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണികള്‍, വിവിധ മെക്കാനിക്കല്‍-ഇലക്ട്രിക്കല്‍ ജോലികള്‍, വെള്ളപ്പൊക്കനിവാരണപദ്ധതികള്‍, നബാര്‍ഡ് ധനസഹായത്തോടെയുള്ള വികസനപദ്ധതികള്‍ തുടങ്ങിയവയുടെ ബില്ലുകളാണ് ശേഷിക്കുന്നത്. നൂറുശതമാനം കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ലഭിക്കുന്ന പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസനപദ്ധതിയിലെ ബില്‍തുകയും മാറിനല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. നിരതദ്രവ്യമായി ബാങ്കുവഴി സര്‍ക്കാരിലേക്ക് അടയ്ക്കുന്ന തുക തിരികെ നല്‍കാതായിട്ട് ഒരു വര്‍ഷമാകുന്നു. ടെന്‍ഡര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും മടക്കിനല്‍കേണ്ട തുകയാണ് ഇത്. ടെന്‍ഡര്‍ തുകയുടെ 2.5 ശതമാനം കരാറുകാരില്‍നിന്ന് പിടിച്ചുവച്ചിരിക്കുന്നു. കുടിശ്ശിക ലഭിക്കാതെ ജോലികള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന കരാറുകാരുടെ തീരുമാനത്തോടെ സര്‍ക്കാര്‍ നിര്‍മാണപദ്ധതിയെല്ലാം അവതാളത്തിലായി. ടെന്‍ഡര്‍ നടപടിയെല്ലാം ബഹിഷ്കരിക്കുകയോ, സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയാത്ത അധിക തുക ആവശ്യപ്പെട്ടുള്ള ടെന്‍ഡര്‍ നല്‍കുകയോ ആണ് കരാറുകാര്‍. പൊതുമരാമത്തുവകുപ്പ് കോഴിക്കോട് മേഖലയില്‍ 40 കോടി രൂപയുടെ ജോലികളുടെ ടെന്‍ഡറില്‍ ആരും പങ്കെടുത്തില്ല. കുട്ടനാട് പാക്കേജില്‍ 758 കോടി രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചു. 35 കോടിയോളം രൂപയുടെ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്.
അടങ്കല്‍ തുകയുടെ 40 മുതല്‍ 50 ശതമാനംവരെ വര്‍ധിച്ച തുകയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതൊന്നും അംഗീകരിക്കപ്പെടില്ല. ഇതോടെ കുട്ടനാട് പാക്കേജ് ജോലികള്‍ പൂര്‍ണമായും സ്തംഭിക്കും. കിടപ്പാടം വരെ പണയപ്പെടുത്തിയാണ് മിക്ക കരാറുകാരും ജോലികള്‍ ഏറ്റെടുത്തുപൂര്‍ത്തിയാക്കിയത്. ഇവരുടെ കടങ്ങളുടെ പലിശബാധ്യത ദിനംപ്രതി കുതിച്ചുയരുന്നു. ഓരോ ജോലിക്കും പത്തു ശതമാനം ബാങ്ക് ഗ്യാരന്റിയും നല്‍കിയിട്ടുണ്ട്. അടങ്കലിന്റെ 2.5 ശതമാനമാണ് നിരതദ്രവ്യം. ഇതിന്റെ പരിധി പരമാവധി 50,000 രൂപയായും നിശ്ചയിച്ചിരുന്നു. ഈ പരിധി ഉപേക്ഷിച്ചതോടെ നിരതദ്രവ്യമായി അടങ്കലിന്റെ 2.5 ശതമാനം കെട്ടിവയ്ക്കണം. ഇതിലൂടെ കൂടുതല്‍ ബാധ്യത സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന്കരാറുകാര്‍ ആക്ഷേപിക്കുന്നു. ധനകാര്യ അച്ചടക്കമില്ലായ്മയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. എല്ലാ വകുപ്പിലും കുടിശ്ശിക കുന്നുകൂടുന്നു. നിര്‍മാണമേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലാണ്.
(ജി രാജേഷ്കുമാര്‍)
deshabhimani
No comments:
Post a Comment