Friday, January 17, 2014

സമരാഗ്നിയില്‍ കേരളം

തിരു: ജീവിക്കാന്‍ അനുവദിക്കുകയെന്ന മുദ്രാവാക്യവുമായി സിപിഐ എം നേതൃത്വത്തില്‍ ആയിരങ്ങള്‍ നടത്തുന്ന സഹനസമരം ചരിത്രം കുറിക്കുന്നു. സമാനതയില്ലാത്ത സമരാവേശത്തിനാണ് സംസ്ഥാനത്തെ 1400 നിരാഹാരസമര കേന്ദ്രങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. അടുക്കള പൂട്ടിക്കുന്ന നയങ്ങളെ ജീവന്‍ കൊടുത്തും ചെറുക്കുമെന്ന് പ്രഖ്യാപിച്ച് പതിനായിരങ്ങള്‍ സത്യഗ്രഹികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ രണ്ടു ദിനങ്ങളിലായി ഒഴുകിയെത്തി. അടുക്കളയില്‍ തീപൂട്ടാന്‍ കഴിയാത്ത തൊഴിലാളികളും കര്‍ഷകരും വീട്ടമ്മമാരും വര്‍ധിച്ച ആവേശത്തോടും പ്രതീക്ഷയോടുമാണ് സമരപ്പന്തലില്‍ എത്തുന്നത്.

മന്‍മോഹന്‍സിങ്-ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെ പകല്‍ക്കൊള്ളയ്ക്കെതിരായ അമര്‍ഷം എങ്ങും അലയടിക്കുന്നു. ഒരു സംസ്ഥാനത്തെ 1400 കേന്ദ്രത്തില്‍ ഒരേസമയം 1400 പേര്‍ നിരാഹാരമിരിക്കുക, അവര്‍ക്ക് പിന്തുണയുമായി നൂറുകണക്കിനാളുകള്‍ സഹനസമരത്തില്‍ അണിചേരുക- സമരചരിത്രത്തില്‍ത്തന്നെ ഇത് അപൂര്‍വതയാണ്. എംപിമാര്‍ അടക്കമുള്ള ജനപ്രതിനിധികളും പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് അംഗങ്ങള്‍ വരെയുള്ളവരും പ്രായഭേദമന്യേ നിരാഹാരത്തില്‍ പങ്കെടുക്കുന്നു. സിപിഐ എമ്മിന്റെയും ഇടതുപക്ഷ പാര്‍ടികളുടെയും നേതാക്കള്‍ മാത്രമല്ല മതമേലധ്യക്ഷന്‍മാരും കലാകാരന്‍മാരും സമരപ്പന്തലില്‍ എത്തി അഭിവാദ്യമര്‍പ്പിക്കുന്നത് ആവേശം പകരുന്നു.

എല്‍ഡിഎഫ് ഘടകകക്ഷികളുടെ നേതാക്കള്‍ക്കുപുറമെ യുഡിഎഫ്, ബിജെപി നേതാക്കളും സമരപ്പന്തലുകളിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് എം സംസ്ഥാനസെക്രട്ടറിയും വാഴൂര്‍ എംഎല്‍എയുമായ ഡോ. എന്‍ ജയരാജ് പൊന്‍കുന്നത്തെ സമരകേന്ദ്രം സന്ദര്‍ശിച്ചത് ശ്രദ്ധേയമായി. ഐക്യദാര്‍ഢ്യം അറിയിച്ചഅദ്ദേഹം സന്ദര്‍ശന രജിസ്റ്ററില്‍ ഒപ്പിട്ടു. എറണാകുളത്ത് വര്‍ഗ ബഹുജന സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവയും സമൂഹത്തിന്റെ നാനാതുറകളിലുള്ള വ്യക്തികളും ജില്ലയിലെ 140 സമരകേന്ദ്രത്തിലും അഭിവാദ്യം അര്‍പ്പിക്കാനെത്തി.

നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളും, തൊഴിലാളികളും, കലാകാരന്മാരും ഉള്‍പ്പെടെയുള്ളവര്‍ സമരകേന്ദ്രങ്ങളിലേക്ക് ഒഴുകി. കവിതാപാരായണം, നാടന്‍പാട്ടുകളുടെ അവതരണം, ഗാനാലാപനം തുടങ്ങിയവയും സമരത്തിന് ആവേശം പകര്‍ന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം സി ജോസഫൈന്‍, എറണാകുളം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ എം സുധാകരന്‍, എം എം ലോറന്‍സ്, പി രാജീവ് എം പി, എസ് ശര്‍മ, കെ ചന്ദ്രന്‍പിള്ള, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്‍ കളമശേരി പ്രീമിയര്‍ ജങ്ഷനിലെയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി എന്‍ പി ശങ്കരന്‍കുട്ടി എന്നിവര്‍ ഫാക്ട് ജങ്ഷനിലെയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് കൂത്താട്ടുകുളത്തെയും പ്രമുഖ ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം വൈപ്പിന്‍ പള്ളിപ്പുറത്തെയും സമരകേന്ദ്രങ്ങളില്‍ എത്തിയിരുന്നു.

പാമ്പാക്കുട അഞ്ചല്‍പ്പെട്ടിയില്‍ ഊരമന സെന്റ്മേരീസ് പള്ളി വികാരി ഫ. ജോസഫ് മലയില്‍ എത്തി. ആലപ്പുഴയില്‍ സമരത്തിന് ആവേശംപകര്‍ന്ന് വിവിധ മേഖലകളിലെ പ്രമുഖരടക്കം സമരകേന്ദ്രത്തിലെത്തി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, ക്നാനായ സഭ ബിഷപ്പിന്റെ സെക്രട്ടറി ഫാ. ജോസഫ് എബ്രഹാം പടിപ്പുരയ്ക്കല്‍, ചലച്ചിത്ര നടന്‍ അനുപ് ചന്ദ്രന്‍, പുന്നപ്ര വയലാര്‍ സമര സേനാനി ജനാര്‍ദനന്‍, കെപിസിസി അംഗം അഡ്വ. ഡി വിജയകുമാര്‍, കോണ്‍ഗ്രസ് സാംസ്കാരിക സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗവും സീരിയല്‍ തിരക്കഥാകൃത്തുമായ പ്രവീണ്‍ ഇറവങ്കര തുടങ്ങിയവര്‍ സമരകേന്ദ്രങ്ങളിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജെഎസ്സ്, ജെവൈഎസ് പ്രവര്‍ത്തകരും സമരകേന്ദ്രത്തിലെത്തി പിന്തുണ അറിയിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ നിരാഹാരവുമായി യുവജനങ്ങളും സമരത്തിനൊപ്പം ചേര്‍ന്നു.

സമരത്തിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

കല്‍പ്പറ്റ: നിരാഹാരസമര രംഗത്തുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പൊതുസ്ഥലത്ത് സമരം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍നിന്ന് ജില്ലാ പൊലീസ് മേധാവികള്‍ വഴി സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ഉത്തരവ് എത്തി. പന്തലുകെട്ടിയും മറ്റും സമരംചെയ്യുന്നവരെ നിരീക്ഷിക്കാനും കേസെടുക്കാനുമാണ് നിര്‍ദേശം. സമരം വീഡിയോയില്‍ പകര്‍ത്താനും ഉത്തരവുണ്ട്. പാചകവാതക വിലവര്‍ധനക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന നിരാഹാരസമരം വന്‍ബഹുജനമുന്നേറ്റമായി മാറുന്നതിലുള്ള അസഹിഷ്ണുതയാണ് സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍.

deshabhimani

No comments:

Post a Comment