Tuesday, January 14, 2014

പൊലീസ് വാഹനത്തിനുമുകളില്‍ രാഹുലിന്റെ സവാരി

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസിന്റെ പദയാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് പതിനഞ്ചുമിനിറ്റ് നടക്കാന്‍ സംസ്ഥാനപാതയില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടഞ്ഞു. നിയമം ലംഘിച്ച് പൊലീസ് വാഹനത്തിനു മുകളിലടക്കം കയറിയ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ "തുള്ളിമരുന്ന്" നല്‍കല്‍ നാടകത്തിലും പങ്കാളിയായി. തിങ്കളാഴ്ച പകല്‍ രണ്ടു മുതലാണ് കായംകുളം-പുനലൂര്‍ സംസ്ഥാന പാതയില്‍ ചാരുംമൂട് മുതല്‍ അടൂര്‍ വരെ മണിക്കൂറുകള്‍ഗതാഗതം തടസ്സപ്പെട്ടത്.

കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ തടഞ്ഞ പൊലീസ് ഇരുചക്ര വാഹനങ്ങളെപ്പോലും കടത്തിവിട്ടില്ല. ബസില്‍നിന്ന് ഇറങ്ങിയ യാത്രക്കാര്‍ കിലോമീറ്ററുകളോളം നടക്കേണ്ടിവന്നു. രാഹുല്‍ എവിടെവച്ച് ജാഥയില്‍ ചേരുമെന്ന് നേതാക്കള്‍ക്കുപോലും പിടിയില്ലായിരുന്നു. വൈകിട്ട് നാലോടെ നൂറനാട് പള്ളിമുക്ക് ജങ്ഷനില്‍ ജാഥയുടെ ഏറ്റവും പിന്നിലായി രാഹുല്‍ഗാന്ധി പദയാത്രയില്‍ ചേര്‍ന്നു. പതിനഞ്ചു മിനിറ്റ് മാത്രം നടന്നശേഷം വാഹനത്തില്‍ കയറിയ രാഹുല്‍ പിന്നീട് കാറിന്റെ മുകളില്‍ കയറിയായി യാത്ര. ജാഥ നയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും പദയാത്ര ഉപേക്ഷിച്ച് കാറിനുമുകളില്‍ കയറി.

പത്താം മൈലില്‍ എത്തിയപ്പോള്‍ സഞ്ചാരം പൊലീസ്വാഹനത്തിനു മുകളിലേക്ക് മാറ്റി. രാഹുല്‍ മുകളില്‍ ഇരിപ്പുറപ്പിച്ചതിനൊപ്പം മറ്റുചിലരും ചാടിക്കയറി സ്ഥാനംപിടിച്ചു. പദയാത്രയുടെ മുന്‍നിരയിലുണ്ടായിരുന്നവരടക്കം ബാനര്‍ ഉപേക്ഷിച്ച് ഈ വാഹനത്തിനു ചുറ്റും കൂടി ആര്‍ത്തുവിളിച്ചതോടെ പദയാത്ര അലങ്കോലമായി. 5.30ഓടെ ആശാന്‍കലുങ്ക് ജങ്ഷനില്‍ യാത്ര അവസാനിപ്പിച്ച് രാഹുല്‍ മടങ്ങി. രാഹുലിന് സുരക്ഷ ഒരുക്കുന്നതില്‍ ഗുരുതരമായ പാളിച്ചയാണ് ഉണ്ടായത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു നിയമങ്ങള്‍ കാറ്റില്‍പറത്തി രാഹുലിന്റെ റോഡ്ഷോ.

ആരോഗ്യവകുപ്പ് അധികൃതര്‍ അറിയാതെ തുറവൂര്‍ ആശുപത്രിയില്‍ നടത്തിയ "തുള്ളിമരുന്ന് വിതരണം" പ്രതിഷേധത്തിനിടയാക്കി. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ സി വേണുഗോപാല്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് തുടങ്ങിയവരും മരുന്ന് നല്‍കല്‍ ചടങ്ങിലുണ്ടായിരുന്നു. രാഹുലിന്റെ യാത്രയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 9-ാം നമ്പര്‍ ഇന്നോവ കാര്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ മങ്കൊമ്പ് തെക്കേക്കര ജങ്ഷനില്‍ കുടുങ്ങി. പിന്നീട് അടുത്ത പമ്പില്‍നിന്ന് ഡീസല്‍ നിറച്ചശേഷമാണ് യാത്ര തുടര്‍ന്നത്.

deshabhimani

No comments:

Post a Comment