Monday, January 13, 2014

കണ്ടള ലഹള മഹത്തായ ചെറുത്തുനില്‍പ്പ്: വി എസ്

കണ്ടള ലഹള സ്മൃതിസന്ധ്യ ഉദ്ഘാടനംചെയ്തു

കാട്ടാക്കട: "കണ്ടള ലഹള നവോത്ഥാനത്തിന്റെ കാഹളനാദം നൂറ്റാണ്ടിനപ്പുറം" സ്മൃതിസന്ധ്യ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. തെക്കന്‍ തിരുവിതാംകൂറിന്റെ സാമൂഹ്യമുന്നേറ്റത്തിന് വഴിത്തിരിവായ കണ്ടള ലഹളയുടെയും കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരത്തിന്റെയും നൂറാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനമാണ് കണ്ടള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്നത്. കെഎസ്കെടിയു, പികെഎസ്, ഡിവൈഎഫ്ഐ, എസ്എഫ്ഐ, പുരോഗമനകലാസാഹിത്യസംഘം എന്നിവയുടെ ആഭിമുഖ്യത്തിലാണ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചത്.

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ആയിരം വീട്ടുകൂട്ടായ്മകള്‍, നവോത്ഥാന സ്മൃതിസായാഹ്നങ്ങള്‍, ഊരൂട്ടമ്പലം സ്കൂളിന് മുന്നില്‍നിന്ന് ആരംഭിച്ച് ജില്ലയിലെ സ്കൂളുകളിലും കോളേജുകളിലും സഞ്ചരിക്കുന്ന നവോത്ഥാന സ്മൃതിജാഥകള്‍, അയ്യന്‍കാളി പുസ്തകശിഖായാത്ര, കവിതാസംഗമം, കാര്‍ഷിക സാംസ്കാരിക പുസ്തകപ്രദര്‍ശനം, സംവാദങ്ങള്‍, സ്മൃതിയാത്രകള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കും. സ്മൃതിസന്ധ്യയില്‍ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ അധ്യക്ഷനായി. ഐ ബി സതീഷ് സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ നവോത്ഥാനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആനാവൂര്‍ നാഗപ്പന്‍, എന്‍ രതീന്ദ്രന്‍, കാട്ടാക്കട ശശി, എ സമ്പത്ത് എംപി, ശശാങ്കന്‍, അന്‍സാരി, വണ്ടിത്തടം മധു, വിനോദ് വൈശാഖി എന്നിവര്‍ സംസാരിച്ചു. എ സുരേഷ്കുമാര്‍ നന്ദി പറഞ്ഞു. സ്മൃതിസന്ധ്യയോട് അനുബന്ധിച്ച് ജോയ് നന്ദാവനവും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടുകളും അയ്യന്‍കാളിയുടെ പോരാട്ടവുമായി ബന്ധപ്പെട്ട് പ്രഭാവര്‍മ രചിച്ച ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും അരങ്ങേറി.

കണ്ടള ലഹള മഹത്തായ ചെറുത്തുനില്‍പ്പ്: വി എസ്

കാട്ടാക്കട: ചരിത്രത്തിലെ മഹത്തായ ചെറുത്തുനില്‍പാണ് കണ്ടള ലഹളയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. "കണ്ടള ലഹള നവോത്ഥാനത്തിന്റെ കാഹളനാദം നൂറ്റാണ്ടിനപ്പുറം" സ്മൃതിസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മിത്തത്തിന്റെ സവര്‍ണാധിപത്യത്തിനെതിരെ പാവപ്പെട്ടവരും സാധാരണക്കാരുമായ തൊഴിലാളികള്‍ ഉയര്‍ത്തിയ വെല്ലുവിളിയും ശക്തമായ ചെറുത്തുനില്‍പ്പുമാണ് കണ്ടള ലഹള. അധഃസ്ഥിത ജനവിഭാഗങ്ങളില്‍പെട്ട കുട്ടികള്‍ക്ക് പഠിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനു നടന്ന കര്‍ഷകത്തൊഴിലാളികളുടെ ആദ്യമുന്നേറ്റമാണിത്. സാധാരണക്കാരും പാവപ്പെട്ടവരും തൊഴിലാളികളുമായ ആളുകളുടെ മക്കള്‍ക്ക് പഠിക്കാനുള്ള സാര്‍വത്രികമായ അവകാശം ലഭിക്കുന്നതിന് പിന്നെയും ഏറെനാള്‍ കാത്തിരിക്കേണ്ടിവന്നു.

ഐക്യകേരളപിറവിക്കുശേഷം 1957ല്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ് ഗവണ്‍മെന്റാണ് വിദ്യാഭ്യാസം സൗജന്യവും സാര്‍വത്രികവുമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. കണ്ടള ലഹളയുടെ നൂറാംവാര്‍ഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തില്‍ നമ്മുടെ വിദ്യാഭ്യാസമേഖലയില്‍നിന്ന് സാധാരണക്കാരും പാവപ്പെട്ടവരുമായ കുട്ടികളെ പരമാവധി അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കും ചൂഷകര്‍ക്കും ഈ മേഖലയെ കൈകാര്യംചെയ്യാന്‍ അവസരമൊരുക്കുന്ന നടപടികളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ അഭിമാനസ്ഥാപനങ്ങളായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലുമടക്കം സ്വാശ്രയ കോഴ്സുകള്‍ ലക്കുംലഗാനുമില്ലാതെ അനുവദിച്ച് പൊതുവിദ്യാഭ്യാസരംഗത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണ്. ഇതിനെതിരെ ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകള്‍ സമരരംഗത്താണ്. അയ്യന്‍കാളി അടക്കമുള്ള നവോത്ഥാനനായകര്‍ തുടങ്ങിവയ്ക്കുകയും പിന്നീട് കമ്യൂണിസ്റ്റ്-ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്ത് പുരോഗതിയിലേക്ക് കൊണ്ടുപോയ വിദ്യാഭ്യാസരംഗത്തെയും സാമൂഹ്യരംഗത്തെയും പിന്നോട്ടടിപ്പിക്കാനുള്ള കുടിലശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കാനും നമ്മുടെ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരികമേഖലകളെ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment