Thursday, January 16, 2014

നവമാധ്യമം: രാഷ്ട്രീയബോധ്യത്തോടെ ഇടപെടണം- ദക്ഷിണാമൂര്‍ത്തി

കോഴിക്കോട്: നവമാധ്യമങ്ങള്‍ തികഞ്ഞ രാഷ്ട്രീയധാരണയോടെയും കാഴ്ചപ്പാടോടെയും ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. അരാഷ്ട്രീയപ്രചാരണത്തിനുള്ള വേദികളാണിന്നിവ. മറ്റൊട്ടേറെ ആശയങ്ങളുടെ പ്രചാരണത്തിനും ഉപയോഗിക്കുന്നു. ഇവയെ രാഷ്ട്രീയബോധ്യത്തോടെ ഉപയോഗിക്കാന്‍ സാധിക്കണം-നവമാധ്യമങ്ങളില്‍ ഇടപെടുന്നവരുടെ ശില്‍പശാല ഉദ്ഘാടനം ചെയ്ത് ദക്ഷിണാമൂര്‍ത്തി പറഞ്ഞു. അരാഷ്ട്രീയവാദം ചെറുപ്പക്കാരില്‍ ശക്തമാണ്. ടെലിവിഷന്‍ ചാനലുകളും പുതിയ മാധ്യമങ്ങളുമെല്ലാം അതിന് പ്രോത്സാഹനമേകുന്നു. ചാനലുകളില്‍ ഇടപെടാനാകില്ല. അതേസമയം നവമാധ്യമങ്ങളില്‍ അതിന് സാധ്യതയുണ്ട്. അത് ഫലപ്രദമായി വിനിയോഗിക്കാനാകണം.

വരുന്ന തെരഞ്ഞെടുപ്പില്‍ കോര്‍പറേറ്റുകളെല്ലാം ബിജെപിക്കും കോണ്‍ഗ്രസിനുമൊപ്പമാണ്. അതിനാല്‍ പണമൊഴുക്കിയുള്ള പ്രചാരണമാണുണ്ടാവുക. കോണ്‍ഗ്രസ് ഒന്നാംഘട്ടത്തിലേക്ക് 600 കോടിയാണ് ചെലവഴിക്കുന്നത്. ബിജെപി 400 കോടി നീക്കിവച്ചു. ആം ആദ്മി പാര്‍ടി 150 കോടിയും. തെരഞ്ഞെടുപ്പില്‍ സാമ്പത്തികമായി ഇത്തരം പാര്‍ടികളോട് ഏറ്റുമുട്ടാന്‍ നമുക്കാവില്ല. എന്നാല്‍ ആശയപരമായി നേരിടാനുള്ള എല്ലാ സാധ്യതകളും ജാഗ്രതയോടെ പ്രയോഗിക്കണം. ഫണ്ടിന്റെ കാര്യത്തില്‍ സിപിഐ എമ്മാണ് ആം ആദ്മി പാര്‍ടി. കോര്‍പറേറ്റുകളുടെ പണം വാങ്ങാത്ത പാര്‍ടിയാണിത്. അത്തരക്കാരുടെ ഫണ്ട് തിരിച്ചുകൊടുത്ത ചരിത്രമാണ് സിപിഐ എമ്മിനുള്ളതെന്നും ദക്ഷിണാമൂര്‍ത്തി പറഞ്ഞു.

കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. പ്രൊഫ. സി പി അബൂബക്കര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി എ മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment