Wednesday, January 15, 2014

ആര്‍എംപി അഴിഞ്ഞാട്ടത്തിന് പൊലീസ് ഒത്താശ

ഒഞ്ചിയം: മേഖലയിലെ സമാധാനാന്തരീക്ഷത്തിന് ഭീഷണി ഉയര്‍ത്തുന്ന ആര്‍എംപി അക്രമ പരമ്പരകള്‍ക്ക് അറുതിയില്ല. പ്രദേശത്ത് അശാന്തി പരത്തി മുതലെടുപ്പ് നടത്താനുള്ള സംഘത്തിന്റെ നീക്കത്തിന് എല്ലാവിധ ഒത്താശയും പകരുകയാണ് പൊലീസ്. യുഡിഎഫ് ഭരണ നയത്തിന്റെ ഭാഗമായാണിത്. ചോമ്പാല, എടച്ചേരി, വടകര പൊലീസ് സ്റ്റേഷനുകളില്‍ ആര്‍എംപിക്കാര്‍ പ്രതികളായ നൂറിലേറെ കേസുകള്‍ നിലവിലുണ്ട്. സിപിഐ എം പ്രവര്‍ത്തകരെ അക്രമിക്കുന്നതിനാല്‍ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനാലാണ് അക്രമങ്ങള്‍ തുടരുന്നത്.

കഴിഞ്ഞ ദിവസം ഗൃഹപ്രവേശം കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന സിപിഐ എം പ്രവര്‍ത്തകരെ അക്രമിച്ചു. ഗൃഹനാഥനടക്കം സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തെയും മറ്റ് മൂന്ന് ബ്രാഞ്ചംഗങ്ങളെയും അക്രമിച്ചു. നാദാപുരം റോഡിലെ സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസ്, ഓര്‍ക്കാട്ടേരി മണ്ടോടി കണ്ണന്‍ സ്മാരക മന്ദിരം, ഒഞ്ചിയം രക്തസാക്ഷി മന്ദിരം, കുന്നുമ്മക്കര കേളു ഏട്ടന്‍ സ്മാരക മന്ദിരം എന്നിവ നിരന്തരമായി അക്രമിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ചിന്റെ പ്രചാരണാര്‍ഥമുള്ള ചുമരെഴുത്തുകളും വ്യാപകമായി നശിപ്പിക്കുകയും കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. ഓര്‍ക്കാട്ടേരിയിലെ ഓട്ടോറിക്ഷ ഡ്രൈവറും സിഐടിയു പ്രവര്‍ത്തകനുമായ ആദിയൂരിലെ സുരേഷിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചു. ഒഞ്ചിയം സ്കൂള്‍ പരിസരത്ത് മാനോളി സത്യേന്ദ്രനെയും സഹോദരന്‍ സജിയെയും വെള്ളികുളങ്ങരയില്‍ അക്രമിച്ചു. മടപ്പള്ളി ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ രാഹുലിനെ മൃഗീയമായി അക്രമിച്ചു.

മേഖലയില്‍ നിരന്തമായ അക്രമം നടത്തിയിട്ടും പൊലീസ് തികഞ്ഞ അനാസ്ഥയാണ് പുലര്‍ത്തുന്നത്. പ്രദേശത്ത് സമാധാനം സംരക്ഷിക്കാന്‍ ബാധ്യതയുള്ള പ്രസ്ഥാനം എന്ന നിലയില്‍ സിപിഐ എം ആത്മസംയമനമാണ് പുലര്‍ത്തുന്നത്. ഇത് ദൗര്‍ബല്യമായി തെറ്റിദ്ധരിച്ചാണ് ആര്‍എംപി സംഘത്തിന്റെ ഒഞ്ചിയം മേഖലയിലെ അഴിഞ്ഞാട്ടം.

deshabhimani

No comments:

Post a Comment