Sunday, January 19, 2014

ആധാര്‍ നിലപാടും കേന്ദ്രം തിരുത്തണം: പിണറായി

കണ്ണൂര്‍: പാചകവാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് വേണമെന്ന നിലപാടും കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആധാറുമായി ബന്ധിപ്പിക്കുക എന്നതിനര്‍ഥം സബ്സിഡി നിഷേധിക്കുക എന്നാണ്. സബ്സിഡി കുറയുന്ന പ്രശ്നവുമുണ്ട്. നേരത്തെ ഒരാനുകൂല്യത്തിനും ഇത്തരം കീറാമുട്ടികളുണ്ടായിരുന്നില്ല. ഈ നടപടി തിരുത്തിയില്ലെങ്കില്‍ തുടര്‍പ്രക്ഷോഭം ഉണ്ടാവുമെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് എഐസിസി സമ്മേളനവും കേന്ദ്രസര്‍ക്കാരും സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് പറയുന്നത്. ഇതിനെ സിപിഐ എം സമര വിജയമായി കാണാനാകുമോ എന്ന ചോദ്യത്തിന്, രാഹുല്‍ഗാന്ധി ഈ നാട്ടില്‍ നേരത്തെയും ഉണ്ടായിരുന്നല്ലോ എന്നായിരുന്നു പിണറായിയുടെ മറുപടി. നിലവിലുണ്ടായിരുന്ന ആനുകൂല്യം കോണ്‍ഗ്രസാണ് വെട്ടിക്കുറച്ചത്. ഇപ്പോള്‍ അവര്‍ക്ക് ആ നിലപാട് തിരുത്തേണ്ടിവന്നു. അത് വെറുതെയുണ്ടായതല്ല. ജനങ്ങളുടെ ശക്തമായ സമ്മര്‍ദവും പ്രതിഷേധവുമാണ് മുന്‍ നിലപാട് തിരുത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. അതില്‍ ഞങ്ങള്‍ ഞങ്ങളുടെ പങ്കുവഹിച്ചെന്നേയുള്ളൂ. മൂന്നു സിലിണ്ടറില്‍ തൃപ്തരാകാത്തവരുണ്ടാകുമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടത് മുമ്പ് ലഭിച്ചപോലെ 12 സിലിണ്ടര്‍ വേണമെന്നാണെന്നും പിണറായി മറ്റൊരു ചോദ്യത്തിന് മറുപടി നല്‍കി. സമരം നല്ല വിജയമാണെന്നും മുദ്രാവാക്യങ്ങള്‍ അംഗീകരിപ്പിക്കല്‍ നിസ്സാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സുനന്ദയുടെ മരണം നിര്‍ഭാഗ്യകരം

കണ്ണൂര്‍: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ വിയോഗത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചിച്ചു. മരണം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു പിണറായി. പ്രത്യേക തരത്തില്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടത്തിലാണ് ഈ മരണം. ശശി തരൂരിന്റെ സുഹൃത്തുക്കളും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പലരും കാണിക്കുന്ന വഴിവിട്ട വ്യഗ്രത എന്തിനെന്നു മനസിലാകുന്നില്ല. അതില്‍ മാധ്യമപ്രവര്‍ത്തകരുമുണ്ട്. മരണം സ്വാഭാവികമോ അസ്വാഭാവികമോ എന്തുമാകട്ടെ. ഒരു ദുരന്തമാണല്ലോ. അതറിഞ്ഞിട്ടും എന്തേ കോണ്‍ഗ്രസ് നേതാക്കളാരും അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. എഐസിസി സമ്മേളനമായതിനാല്‍ കേരളത്തിലെ എല്ലാ നേതാക്കളും ഡല്‍ഹിയിലുണ്ടായിരുന്നു. എന്നിട്ടും കൊടിക്കുന്നില്‍ സുരേഷ് മാത്രമേ പോയുള്ളൂ എന്നാണ് മനസ്സിലാക്കുന്നത്. പ്രധാനമന്ത്രിപോലും അനുശോചനസന്ദേശം പുറപ്പെടുവിക്കാന്‍ ഏറെ വൈകി. എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാടെന്ന് വ്യക്തമാകുന്നില്ല. ഇനിയുള്ള ദിവസങ്ങളില്‍ വ്യക്തത വരുമായിരിക്കുമെന്നും പിണറായി പറഞ്ഞു.

സിലിണ്ടര്‍ പന്ത്രണ്ടാക്കിയത് ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന്

കൊല്ലം: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കാനുള്ള കേന്ദ്രതീരുമാനം സിപിഐ എം ഉള്‍പ്പെടെയുള്ള പാര്‍ടികളും പൊതുസമൂഹവും മാധ്യമങ്ങളും ഉയര്‍ത്തിയ എതിര്‍പ്പിനെ തുടര്‍ന്നാണെന്നു സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കേന്ദ്രമന്ത്രി വീരപ്പ മൊയ്ലി ഇതുസംബന്ധിച്ചു നടത്തിയ പ്രഖ്യാപനത്തിന്റെ വെളിച്ചത്തിലാണ് സിപിഐ എം നിരാഹാരസമരം നിര്‍ത്തിയതെന്നും ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ 1400 കേന്ദ്രങ്ങളില്‍ അത്രതന്നെ നേതാക്കളെ നിരാഹാരസമരത്തിലേക്കു നയിച്ചത് കേന്ദ്രത്തിന്റെ തെറ്റായ തീരുമാനമാണ്. ഈ സമരം ദേശീയശ്രദ്ധ നേടി. സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് ആറാക്കി കുറച്ച് കേന്ദ്രം നേരത്തെ തീരുമാനമെടുത്തു. അതിനെതിരെ സിപിഐ എം നടത്തിയ അടുപ്പുകൂട്ടി സമരവും ശ്രദ്ധ നേടി. തുടര്‍ന്നു പഴയസ്ഥതി പുനഃസ്ഥാപിക്കുകയായിരുന്നു. സോളാര്‍ പ്രശ്നത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ഒമ്പത് അടിയന്തരപ്രമേയങ്ങള്‍ കൊണ്ടുവന്നു. സര്‍ക്കാര്‍ വഴങ്ങിയില്ല. സെക്രട്ടറിയറ്റ് വളയല്‍സമരം തുടങ്ങിയപ്പോള്‍ രണ്ടുദിവസം സെക്രട്ടറിയറ്റിന് അവധി നല്‍കി. ഞായറാഴ്ച ഉള്‍പ്പെടെ സമരം തുടരും എന്നു പറഞ്ഞപ്പോഴാണ് തിടുക്കത്തില്‍ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും ബേബി പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കാതിരുന്നത് സമരത്തിന്റെ പരാജയമല്ല. എന്ത് അപമാനം സഹിച്ചും മുഖ്യമന്ത്രിക്കസേരയില്‍ ഉറച്ചിരിക്കും എന്നു പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി രാജിവയ്ക്കുന്നതാണ് നല്ലതെന്ന ചിന്ത യുഡിഎഫിലും ശക്തിപ്പെടുകയാണെന്ന് ബേബി പറഞ്ഞു.

deshabhimani

No comments:

Post a Comment