Sunday, January 19, 2014

അസ്വാഭാവികം, ദുരൂഹം

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റേത് പെട്ടെന്നുള്ള അസ്വാഭാവിക മരണമെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. താടിയില്‍ ഉള്‍പ്പെടെ ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ടായിരുന്നു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമാകാനുണ്ട്. സുനന്ദയുടെ ആന്തരികാവയവങ്ങള്‍ വിശദമായ രാസപരിശോധനയ്ക്ക് വിധേയമാക്കിയശേഷമേ മരണകാരണം ഉറപ്പിക്കാന്‍ സാധിക്കൂ. "വിഷം ഉള്ളില്‍ച്ചെന്നല്ല മരണമെന്ന് പറയാറായിട്ടില്ലെന്നും" ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങള്‍ കൂടുതല്‍ ബലപ്പെട്ടു. ""പെട്ടെന്നുണ്ടായ അസ്വാഭാവികമരണമാണ് സുനന്ദയുടേത്, അവരുടെ ശരീരത്തില്‍ മുറിവുകളും ക്ഷതവും ഉണ്ടായിരുന്നു""-പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. സുധീര്‍ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, എത്ര മുറിവുകള്‍ ഉണ്ടായിരുന്നു എന്നോ, എവിടെയെല്ലാമാണെന്നോ വ്യക്തമാക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. അന്വേഷണം പുരോഗമിക്കുന്ന കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു വിശദാംശങ്ങള്‍ തിരക്കിയ മാധ്യമപ്രവര്‍ത്തകരോട് ഡോക്ടര്‍മാരുടെ വിശദീകരണം. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിനോട് വിശദാംശങ്ങള്‍ നല്‍കാനും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്‍ക്വസ്റ്റടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി, ഏറെ വൈകി പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയത്. രാവിലെ 10ന് തുടങ്ങുമെന്നറിയിച്ച പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചത് പകല്‍ 12നാണ്്. രണ്ട് മണിക്കൂറിനുള്ളില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത ശേഷമാണ് ഡോക്ടര്‍മാര്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. പോസറ്റ്്മോര്‍ട്ടം പൂര്‍ത്തിയായശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ശശി തരൂര്‍, സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ എന്നിവരും മറ്റ് ബന്ധുക്കളും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് രണ്ടരയോടെ തരൂരിന്റെ ഡല്‍ഹി ലോധി എസ്റ്റേറ്റിലെ ഔദ്യോഗികവസതിയില്‍ എത്തിച്ചു. അവിടെ പൊതുദര്‍ശനത്തിന് വച്ചു. അടുത്ത ബന്ധുക്കള്‍ക്കും നേതാക്കള്‍ക്കും മാത്രമാണ് അന്തിമോപചാരത്തിന് അനുമതി നല്‍കിയത്. എ കെ ആന്റണിയുള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും നേതാക്കളുമാണ് വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചത്. മൃതദേഹം വൈകിട്ട് അഞ്ചരയോടെ ലോധി ശ്മശാനത്തില്‍ സംസ്കരിച്ചു. കശ്മീരി ആചാരപ്രകാരം നടന്ന ചടങ്ങുകളില്‍നിന്ന് മാധ്യമ പ്രവര്‍ത്തകരെയടക്കം മാറ്റിനിര്‍ത്തി. ചിതാഭസ്മം കന്യകുമാരിയിലും കശ്മീരിലും നിമജ്ജനം ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ദുബായിലായിരുന്ന സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ ശനിയാഴ്ച രാവിലെയാണ് ആശുപത്രിയില്‍ എത്തിയത്. ശിവ് മേനോന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. പിന്നീട് ഉച്ചയോടെ സുനന്ദയുടെ രക്ഷിതാക്കളും ആശുപത്രിയില്‍ എത്തി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നതിനിടെ പൊലീസ് ശിവ് മേനോന്റെ മൊഴിയെടുത്തു. ഇതിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ഇതിനിടെ, ശശി തരൂരിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എഐഐഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെടുന്നു എന്ന് അറിയിച്ച തരൂരിനെ അല്‍പ്പസമയം ഐസിയുവില്‍ കിടത്തിയശേഷം വിട്ടയച്ചു. സുനന്ദയുടെ മരണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി പുറത്തുവന്ന പല വാര്‍ത്തകളും വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ശനിയാഴ്ച പുറത്തുവന്നത്. സുനന്ദ അവശയായിരുന്നുവെന്നും മാരകരോഗമുണ്ടായിരുന്നുവെന്നും മറ്റുമുള്ള പ്രചാരണം സുനന്ദയെ ചികിത്സിച്ച കിംസ് ആശുപത്രി അധികൃതരുടെ വാര്‍ത്താസമ്മേളനത്തോടെ പൊളിഞ്ഞു. ഗുരുതരമായ ഒരു അസുഖവും സുനന്ദക്ക് ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
(സുജിത് ബേബി)

സ്ത്രീത്വത്തെ അവഹേളിച്ച് ചാനലുകളുടെ നെട്ടോട്ടം

സുനന്ദ പുഷ്കറിന്റെ മരണവിവരം പുറത്തുവന്ന നിമിഷം മുതല്‍ ഭര്‍ത്താവും കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ പ്രതിച്ഛായക്ക് പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള പ്രമുഖ മലയാളം ചാനലുകള്‍. തരൂരിന് ഈ സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ സുനന്ദയെ മോശമായി ചിത്രീകരിച്ചു. സ്ത്രീത്വത്തെത്തന്നെ അപമാനിക്കുംവിധമുള്ള അഭിപ്രായപ്രകടനങ്ങളായിരുന്നു അവതാരകരുടേത്. സുനന്ദ മദ്യപാനിയും മനോരോഗിയുമാണെന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍പോലും ഏഷ്യാനെറ്റിന്റെ വാര്‍ത്താ അവതാരക മടിച്ചില്ല. ദേശീയ വാര്‍ത്താചാനലുകള്‍ വസ്തുനിഷ്ഠമായി വാര്‍ത്ത അവതരിപ്പിക്കുമ്പോഴായിരുന്നു മലയാളം ചാനലുകളുടെ "കണ്ണുപൊത്തിക്കളി".

സംഭവത്തെ കുറിച്ചുള്ള വൈരുധ്യങ്ങളും ദുരൂഹതകളും പുറത്തുവരുമ്പോഴും കോഴ വാങ്ങി നല്‍കുന്നത് പോലെയുള്ള ഏകപക്ഷീയമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് ചാനലുകള്‍ പിന്‍വാങ്ങിയില്ല. കുടുംബസുഹൃത്തായ നയതന്ത്രജ്ഞനെ അവതരിപ്പിച്ചാണ് ഏഷ്യാനെറ്റ് തരൂരിന്റെ "സന്തുഷ്ടകുടുംബജീവിതത്തിന്" സാക്ഷ്യപത്രം നല്‍കിയത്. സുനന്ദ മാരകരോഗത്തിന് അടിമയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞുവച്ചു. അതേസമയം സുനന്ദയെ പരിശോധിച്ച തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതര്‍ അവര്‍ക്ക് മാരകരോഗമൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. ഏഷ്യാനെറ്റ് നെട്ടോട്ടം തുടര്‍ന്നു. തരൂരിന്റെ സ്റ്റാഫ് അംഗത്തെ അവതരിപ്പിച്ച് "മാഡം വീല്‍ചെയറിലാണ് വിമാനം കയറി പോയതെന്ന്" പറയിപ്പിച്ചു. എന്നാല്‍, വീല്‍ചെയറില്‍ സഞ്ചരിച്ച ഭാര്യയെ ഹോട്ടല്‍മുറിയില്‍ തരൂര്‍ തനിച്ച് വിട്ടതെന്തെന്ന സംശയം ചാനല്‍ കണ്ടില്ലെന്ന് നടിച്ചു. സുനന്ദ ആത്മഹത്യ ചെയ്തതാണെന്ന് തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ വൈകാതെ നിലപാട് മാറ്റി. പല രോഗങ്ങളും സുനന്ദയെ അലട്ടിയിരുന്നതായും അവര്‍ ആസന്നമരണാവസ്ഥയില്‍ ആയിരുന്നതായും ചാനലുകള്‍ അവകാശപ്പെട്ടു. കിംസ് ആശുപത്രി അധികൃതര്‍ ഇത് നിഷേധിച്ചെങ്കിലും ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ വിട്ടില്ല. ആശുപത്രിയിലെ മറ്റ് ചില കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് സുനന്ദ കടുത്ത രോഗിയായിരുന്നെന്ന് റിപ്പോര്‍ട്ട് ചെയ്തു. വീണ്ടും വരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് ഇതിനു തെളിവാണെന്നും അവകാശപ്പെട്ടു. മരുന്ന് കഴിക്കുന്ന ഏതൊരാളും സമയബന്ധിതമായി പരിശോധനയ്ക്ക് വിധേയനാകണമെന്ന വസ്തുത പോലും മാനിക്കാതെയാണ് ചാനല്‍ ഈ "തെളിവ്" മുന്നോട്ടുവച്ചത്.

സുനന്ദയുടെ രോഗാവസ്ഥയെ കുറിച്ച് വ്യക്തമായ നിലപാടെടുത്ത ഡോക്ടര്‍മാരെ കടന്നാക്രമിക്കാനും ചാനലുകള്‍ മടിച്ചില്ല. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ചികിത്സയുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് മെഡിക്കല്‍ എത്തിക്സിന് യോജിച്ചതാണോ എന്നായിരുന്നു "മാധ്യമധര്‍മ്മം" മറന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. രണ്ട് വര്‍ഷം മുമ്പ് ഓണക്കാലത്ത് തരൂരും സുനന്ദയും ചേര്‍ന്ന് നല്‍കിയ അഭിമുഖവും ഏഷ്യാനെറ്റ് പലതവണ പുനഃസംപ്രേഷണം ചെയ്തു. "വര്‍ണപ്പകിട്ടാര്‍ന്ന ദാമ്പത്യം" അവതരിപ്പിച്ചപ്പോള്‍ ഏഷ്യാനെറ്റ് മറന്നുപോയത് തരൂരിന്റെ പരസ്ത്രീബന്ധത്തെക്കുറിച്ച് കഴിഞ്ഞദിവസം സുനന്ദ തന്നെ ഉയര്‍ത്തിയ പരാതിയാണ്.

സുധാകരന്റെ സാന്നിധ്യം സംശയാസ്പദം

സുനന്ദ പുഷ്കര്‍ മരിച്ച ദിവസം സംഭവസ്ഥലത്തു വച്ച് കെ സുധാകരന്‍ എംപി നടത്തിയ പ്രഖ്യാപനം വിവാദമാകുന്നു. ഡോക്ടര്‍മാരോ പൊലീസോ എന്തെങ്കിലും നിഗമനത്തില്‍ എത്തുംമുമ്പ് മരണം സ്വാഭാവികമാണെന്ന് സുധാകരന്‍ പ്രഖ്യാപിച്ചു. ഈ സമയത്ത് ഹോട്ടലില്‍ സുധാകരന്റെ സാന്നിധ്യംതന്നെ സംശയകരമാണ്. ഇതിനുപുറമെ സുധാകരന്‍ നടത്തിയ പ്രഖ്യാപനം സംശയം ഇരട്ടിപ്പിക്കുന്നു. സുനന്ദ രോഗിയാണെന്ന പ്രചാരണം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ സുധാകരന്റെ ഈ പ്രഖ്യാപനവും അന്വേഷണവിധേയമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അസ്വാഭാവിക മരണമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ ഡല്‍ഹി പൊലീസും വെട്ടിലായി. ശരീരത്തില്‍ കണ്ട മുറിവുകളും ക്ഷതങ്ങളും ഡല്‍ഹി പൊലീസ് കണക്കിലെടുത്തിരുന്നില്ല. ക്ഷയരോഗബാധിതയായ സുനന്ദ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന പ്രചാരണവും ഇവര്‍ നടത്തി. തെളിവുകള്‍ കണ്ടിട്ടും അവഗണിച്ച ഡല്‍ഹി പൊലീസ് ഇനി എത്രത്തോളം കാര്യക്ഷമമാമായി അന്വേഷിക്കുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുനന്ദയുടെ ബന്ധുക്കള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

ട്വിറ്റര്‍ വിവാദം തുടങ്ങി 48 മണിക്കൂര്‍ തികയുംമുമ്പാണ് സുനന്ദയുടെ മരണം. വിവാദത്തില്‍ പരാമര്‍ശിക്കപ്പെട്ട പാക് മാധ്യമപ്രവര്‍ത്തകയെ ഐഎസ്ഐ ഏജന്റ് എന്ന് സുനന്ദ ട്വിറ്ററില്‍ വിശേഷിപ്പിച്ചു. ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന പരാമര്‍ശവും സുനന്ദയുടെ ഭാഗത്തു നിന്നുണ്ടായി. വെള്ളിയാഴ്ച പുലര്‍ച്ചെവരെ സജീവമായി ട്വിറ്ററിലും മറ്റുമുണ്ടായിരുന്ന സുനന്ദ കുറെ ദിവസങ്ങളായി അവശയായിരുന്നു എന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍. എന്നാല്‍, മൂന്ന് ദേശീയമാധ്യമങ്ങള്‍ക്ക് സുനന്ദ അഭിമുഖം അനുവദിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അത് നടക്കുന്നതിനുമുമ്പാണ് മരണം ഉണ്ടായത്. സുനന്ദയെ നിശ്ശബ്ദയാക്കാന്‍ ആരൊക്കെയോ ആഗ്രഹിച്ചിരുന്നെന്ന് വ്യക്തം.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരണം സംഭവിച്ചത് പകല്‍ ഒന്നിനും രാത്രി ഏഴിനും ഇടയില്‍. രാത്രി എട്ടിന് "ഭാര്യക്ക് സുഖമില്ലെന്ന്" തരൂര്‍ ട്വീറ്റ് ചെയ്തത് ഇതറിയാതെയാണോ എന്ന കാര്യത്തിലും ദുരൂഹതയുണ്ട്. തരൂര്‍ മരണവിവരം അറിഞ്ഞ് ഹോട്ടലിലേക്ക് വന്നു എന്നായിരുന്നു ആദ്യ പ്രചാരണം. പിന്നീട് ഇത് തിരുത്തി, ഹോട്ടലില്‍ ഉറങ്ങുന്ന സുനന്ദയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരണവിവരം അറിയുന്നത് എന്നായി വിശദീകരണം. ഇതിനിടെ പുറത്തുവന്ന ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയും സംശയത്തിന്റെ നിഴലിലാണ്. "ഏഴ് മണിക്ക് വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല, മാസ്റ്റര്‍ സൈ്വപ്പ് കാര്‍ഡുപയോഗിച്ച് വാതില്‍ തുറന്ന് മുറി വൃത്തിയാക്കി" എന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. വാതില്‍ തുറന്ന് അകത്തുകയറി വിശദമായ പരിശോധന നടത്തിയെന്നും ഡയറിക്കുറിപ്പുകളോ മറ്റോ ഉണ്ടോയെന്ന് തെരഞ്ഞോ എന്ന സംശയവും സുനന്ദയുടെ സുഹൃത്തുക്കള്‍ക്കുണ്ട്. ട്വിറ്ററില്‍ നടത്തിയ തര്‍ക്കത്തില്‍ പാക് മാധ്യമപ്രവര്‍ത്തകയെ ഐഎസ്ഐ ചാരയെന്ന് വരെ വിശേഷിപ്പിച്ച സുനന്ദ പെട്ടെന്ന് നിലപാട് മാറ്റിയിരുന്നു. തങ്ങള്‍ സന്തുഷ്ടജീവിതമാണ് നയിക്കുന്നതെന്ന് തരൂരും സുനന്ദയും ചേര്‍ന്ന് ഫെയ്സ് ബുക്കില്‍ സംയുക്തപ്രസ്താവനയും ഇറക്കി. പ്രസ്താവനയുടെ വിശ്വാസ്യതയും ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്.

പൊരുത്തക്കേടുകള്‍ ചൂണ്ടുന്നത്...

സുനന്ദ പുഷ്കര്‍ ഭര്‍ത്താവും കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ കടുത്ത അവഗണനയുടെയും പീഡനത്തിന്റെയും ഇര. അവസാന നാളുകളില്‍ സുനന്ദ വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് കൈവിടുമെന്ന് അവര്‍ ഭയന്നു. ഈ ഭീതി ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ സംഭവിച്ചത്. തരൂരിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ലായിരുന്നു. സുനന്ദ രോഗിയാണെന്ന് ട്വിറ്ററും ഫെയ്സ്ബുക്കും വഴി പലതവണ ലോകത്തോട് പറഞ്ഞ തരൂര്‍ പക്ഷേ, വേണ്ട പരിചരണവും സാന്ത്വനവും നല്‍കിയില്ല. സുനന്ദയുമായുള്ള ദാമ്പത്യം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു തരൂരെന്ന് വിദേശമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, വീണ്ടും മത്സരിക്കാന്‍ ആഗ്രഹമുള്ള തരൂരിന് മൂന്നാം വിവാഹമോചനം ദോഷംചെയ്യുമെന്ന് സുഹൃത്തുക്കള്‍ ഉപദേശിച്ചു. തരൂരിന്റെ വഴിവിട്ട ബന്ധത്തിനെതിരെ ട്വിറ്ററില്‍ ആഞ്ഞടിച്ച സുനന്ദയുടെ ആകസ്മികമരണത്തിനു പിന്നില്‍ ദുരൂഹതകള്‍ ഏറെയാണ്. ഭാര്യ രോഗിയാണെന്ന് തരൂര്‍ കഴിഞ്ഞ വ്യാഴാഴ്ച ഫെയ്സ്ബുക്കില്‍ പ്രസ്താവിച്ചിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് മടങ്ങുമ്പോള്‍ സുനന്ദ തീരെ അവശയായിരുന്നെന്നാണ് തരൂരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ബാത്ത്റൂമില്‍പോകാന്‍ പോലും വീല്‍ചെയര്‍ വേണമെന്ന നിലയിലായിരുന്നു സുനന്ദയെന്ന് ചില കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. എന്നാല്‍,സുനന്ദയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇത് നിഷേധിച്ചിട്ടുണ്ട്. സുനന്ദ അവശയായിരുന്നെന്ന വാദം അംഗീകരിച്ചാല്‍ ഇവരെ ദീര്‍ഘസമയം ഹോട്ടല്‍മുറിയില്‍ തനിച്ചുവിട്ടതെന്തിനെന്ന ചോദ്യം അവശേഷിക്കുന്നു.

ബുധനാഴ്ചതന്നെ സുനന്ദ ഹോട്ടല്‍ ലീലയില്‍ എത്തിയിരുന്നു. ചില മാധ്യമപ്രവര്‍ത്തകര്‍ അന്ന് ഇവിടെവച്ച് സുനന്ദയെ കണ്ടിരുന്നു. തരൂര്‍ വ്യാഴാഴ്ചയാണ് ഹോട്ടലില്‍ വന്നത്. 340, 345 എന്നീ രണ്ട് മുറികള്‍ ഇവര്‍ എടുത്തിരുന്നു. ഒരു മുറി തരൂരിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്കുവേണ്ടിയായിരുന്നു എന്നാണ് ഇപ്പോള്‍ വിശദീകരിക്കുന്നത്. സ്റ്റാഫ് അംഗങ്ങള്‍ ഇവിടെ പലപ്പോഴും വന്നുപോയതായും പറയുന്നു. സുനന്ദ ക്ഷീണിതയായിരുന്നെന്ന് അവകാശപ്പെടുന്ന ഇവരും മന്ത്രിപത്നിക്ക് വൈദ്യസഹായം ലഭിക്കാതിരുന്നതിനെക്കുറിച്ച് ഉരിയാടുന്നില്ല. വെള്ളിയാഴ്ച പകല്‍ മുഴുവന്‍ തരൂര്‍ എഐസിസി സമ്മേളനവേദിയിലായിരുന്നു. സുനന്ദയ്ക്ക് രോഗമാണെന്നും അതുകൊണ്ട് ജയ്പുര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും 3.30ന് തരൂര്‍ ട്വീറ്റ് ചെയ്തു. 3.30ന് സുനന്ദയെ ഹോട്ടല്‍ ലോബിയില്‍ കണ്ട ജീവനക്കാരുണ്ട്. താന്‍ രാത്രി 7.30ന് മടങ്ങിയെത്തിയപ്പോള്‍ അനക്കം ഇല്ലായിരുന്നെന്നും 8.30ന് മരണം സ്ഥിരീകരിച്ചെന്നും തരൂര്‍ പറയുന്നു. 3.30നും 7.30നും ഇടയിലാണ് മരണം സംഭവിച്ചത്. എന്നാല്‍, രാത്രി എട്ടിന് തരൂര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തി. ഇടയ്ക്ക് ഇനി കുറച്ചുദിവസം താന്‍ കാണില്ലെന്ന് അറിയിച്ചശേഷം തരൂര്‍ ചാനല്‍ സ്റ്റുഡിയോയില്‍നിന്ന് മടങ്ങുകയായിരുന്നു. മരണവിവരം തരൂര്‍ അറിഞ്ഞിരുന്നെന്ന് വ്യക്തം. "രോഗിയായ ഭാര്യ" ബോധം കെട്ട് ഉറങ്ങുന്നതു കണ്ടിട്ടും കാര്യമായി എടുക്കാതെ തരൂര്‍ ചാനല്‍ ചര്‍ച്ചയ്ക്ക് എത്തുകയായിരുന്നു. ശാരീരികമായും മാനസികവുമായി തകര്‍ന്ന സുനന്ദ ഹോട്ടല്‍ മുറിയില്‍ പൂര്‍ണമായും തനിച്ചായിരുന്നു. ഫോണ്‍ വിളിച്ചിട്ടും ഇവര്‍ എടുത്തിരുന്നില്ലെന്ന് പറയുന്നു. എന്നിട്ടും ആരും അന്വേഷിച്ചില്ല. അതേസമയം സുനന്ദ മാധ്യമപ്രവര്‍ത്തക ബര്‍ഖദത്തിനെ വിളിച്ച് നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബര്‍ഖ തിരക്കിലായിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നില്ല.

അപമാനിച്ചവരെ അടിച്ചൊതുക്കിയ തന്റേടം

അഭിമാനത്തിനുനേരെ ഉയരുന്ന വെല്ലുവിളികളെ അടിച്ചൊതുക്കാനും മടിക്കില്ലെന്ന സന്ദേശമാണ് സുനന്ദ പുഷ്കര്‍ എന്ന സ്ത്രീയില്‍നിന്ന് ശശി തരൂരിന്റെ പാര്‍ടിക്കാര്‍ക്ക് ലഭിച്ചത്. 2012 ഒക്ടോബര്‍ 29ന് തിരുവനന്തപുരം വിമാനത്താവളത്തില്‍, തന്നെ അപമാനിച്ച കോണ്‍ഗ്രസുകാര്‍ക്ക് കൈകൊണ്ടായിരുന്നു സുനന്ദയുടെ മറുപടി. കൈപ്പത്തിയാല്‍ അന്ന് കരണത്തേറ്റ അടിയുടെ വേദന അത്രപെട്ടെന്നൊന്നും കോണ്‍ഗ്രസിലെ കുഴപ്പക്കാരായ അനുയായികള്‍ക്ക് മറക്കാനാകില്ല. കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ കഴിഞ്ഞെത്തിയ തരൂരിനെ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസുകാരാണ് സുനന്ദയെ അപമാനിച്ചത്. വൃത്തികെട്ട പെരുമാറ്റത്തില്‍ രോഷാകുലയായ സുനന്ദയുടെ കൈ കോണ്‍ഗ്രസുകാരുടെ കരണത്ത് പതിച്ചു.

തരൂരും ഭാര്യയും തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോഴാണ് നേതാക്കളോടൊപ്പം സ്വീകരിക്കാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു അനുയായികള്‍ തിരക്കിനിടയില്‍ സുനന്ദയ്ക്കുനേരെ "കൈ" നീട്ടിയത്. അപമാനിക്കുന്നവരെ സുനന്ദ ഒച്ചവച്ച് അകറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിലവിളിക്കുന്ന സ്ഥിതിയില്‍ എത്തിയിട്ടും അനുയായികള്‍ "വിടാന്‍" ഭാവമില്ലായിരുന്നു. സഹിക്കാനാകാതെവന്നപ്പോള്‍ സുനന്ദയുടെ "കൈ അടയാളം" ചിലരുടെ മുഖത്ത് പതിഞ്ഞു. ഡിസിസി തരൂരിന് ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കാതെ സുനന്ദ വീട്ടിലേക്ക് തിരിച്ചു. പല നേതാക്കളും നിര്‍ബന്ധിച്ചെങ്കിലും സുനന്ദ വഴങ്ങിയില്ല. അപമാനിച്ചവര്‍ക്കെതിരെ നിയമനടപടി എടുക്കുമെന്ന നിലപാടിലായിരുന്നു സുനന്ദ. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിലുള്ളവരും സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടെ സമ്മര്‍ദവുമായി സുനന്ദയെ സമീപിച്ചു. അപമാനിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന പത്തൊമ്പതുകാരന്റെ രക്ഷിതാക്കള്‍ വീട്ടിലെത്തി കരഞ്ഞ് മാപ്പുപറഞ്ഞതോടെയാണ് സുനന്ദ പരാതി നല്‍കുന്നതില്‍നിന്ന് പിന്മാറിയത്. പ്രതി മാപ്പ് പറഞ്ഞതിനാല്‍ പരാതി നല്‍കുന്നില്ലെന്ന് ദേശീയമാധ്യമങ്ങള്‍ വഴി ലോകത്തെ അറിയിക്കാനും സുനന്ദ മടിച്ചില്ല. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ അവര്‍ കേരളത്തില്‍ വരുമ്പോഴെല്ലാം പലരോടും രോഷാകുലയായി സംസാരിച്ചിരുന്നു.

deshabhimani

No comments:

Post a Comment