Thursday, January 16, 2014

കോടതി റിപ്പോര്‍ട്ടാവശ്യപ്പെട്ടു; നടപടിക്ക് ഡിജിപിയുടെ നിര്‍ദേശം

യൂത്ത് കോണ്‍ഗ്രസ് പദയാത്രയ്ക്കിടെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി പൊലീസ് വാഹനത്തിനു മുകളില്‍ കയറി യാത്രചെയ്ത സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. എന്‍സിപി നേതാവ് അഡ്വ. മുജീബ് റഹ്മാന്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (രണ്ട്)എ ജുബിയ ആണ് ഉത്തരവിട്ടത്. ബുധനാഴ്ച രാവിലെ സമര്‍പ്പിച്ച അന്യായം ഫയലില്‍ സ്വീകരിച്ച കോടതി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നൂറനാട് എസ്ഐയ്ക്ക് നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന് അനന്തരനടപടിക്ക് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം നിര്‍ദേശിച്ചു. ആലപ്പുഴ എസ്പിക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്.

ഡിജിപിക്ക് കിട്ടിയ പരാതി ആലപ്പുഴ പൊലീസ് സൂപ്രണ്ടിന് കൈമാറി. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്യില്ലെന്നാണ് സൂചന. നിയമപ്രകാരം പെറ്റി കേസ് എടുക്കാനേ സാധിക്കുകയുള്ളൂവെന്നും പിഴ ചുമത്തുന്നത് സംബന്ധിച്ച് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഡിജിപി അറിയിച്ചു. രാഹുല്‍ഗാന്ധി പൊലീസ് വാഹനത്തിനു മുകളില്‍ കയറിയതില്‍ പൊലീസിന് പങ്കില്ലെന്നാണ് ആഭ്യന്തരവകുപ്പ് വിശദീകരണം. ഇതു സംബന്ധിച്ച് ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നകുമാര്‍ ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എസ്പിജിയുടെ (സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) നിര്‍ദേശപ്രകാരമാണ് രാഹുല്‍ പൊലീസ് വാഹനത്തിന് മുകളില്‍ കയറിയതെന്ന് ഡിവൈഎസ്പി പ്രസന്നന്‍നായര്‍ "ദേശാഭിമാനിയോട്" പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം കയറിയതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തരവകുപ്പ് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇതേ വാദം ഉന്നയിച്ചിരുന്നു. അതേസമയം രാഹുല്‍ഗാന്ധിയുടെ സവാരി നേരില്‍ കണ്ടിട്ടില്ലെന്ന വിചിത്രവാദവുമായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ രംഗത്തെത്തി. 500 രൂപവരെ പിഴ ചുമത്താനല്ലാതെ മറ്റൊന്നിനും അധികാരമില്ലെന്നാണ് വകുപ്പിന്റെ നിലപാട്. രാഹുലിന്റെ സന്ദര്‍ശനം മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് ആലപ്പുഴ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സുരേഷ് പറഞ്ഞു. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്ന് മാവേലിക്കര ജോയിന്റ് ആര്‍ടിഒ പറഞ്ഞു.

deshabhimani

No comments:

Post a Comment