Saturday, January 18, 2014

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രിയുടെ ഭീഷണി

ആലപ്പുഴ: പദയാത്രയ്ക്കെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി തുള്ളിമരുന്ന് വിതരണം ചെയ്തത് അനുമതിയില്ലാതെയാണെന്ന് വെളിപ്പെടുത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യമന്ത്രിയുടെ ഭീഷണി. മന്ത്രി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഡിഎംഒ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതെല്ലാം തിരുത്തി പ്രസ്താവനയിറക്കി. ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് രാഹുല്‍ഗാന്ധി തുറവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ തുള്ളിമരുന്ന് വിതരണം ചെയ്തതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ എ സഫിയാ ബീവി വെള്ളിയാഴ്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പിഎച്ച്സി മെഡിക്കല്‍ ഓഫീസറോട് വിശദീകരണം ചോദിക്കുമെന്നും അവര്‍ അറിയിച്ചു.

പദയാത്രയ്ക്കിടെ രാഹുല്‍ഗാന്ധി പിഎച്ച്സി സന്ദര്‍ശിക്കുമെന്ന് മാത്രമാണ് അറിഞ്ഞത്. തുള്ളിമരുന്ന് നല്‍കുന്ന കാര്യം ആരോഗ്യവകുപ്പ് അറിഞ്ഞിരുന്നില്ല. അനുവാദവും വാങ്ങിയില്ല. ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ ആര്‍ക്കും തുള്ളി മരുന്ന് വിതരണം ചെയ്യാനാകില്ലെന്നും സഫിയാ ബീവി പറഞ്ഞു. എന്നാല്‍ വാര്‍ത്താസമ്മേളനം വിവാദമായതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഡിഎംഒയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശം തിരുത്തി വൈകീട്ട് അവര്‍ പ്രസ്താവന ഇറക്കി.

രാഹുല്‍ഗാന്ധി തുള്ളിമരുന്ന് വിതരണത്തില്‍ പങ്കെടുത്തതുവഴി പരിപാടിക്ക് കൂടുതല്‍ ശ്രദ്ധകിട്ടുമെന്നാണ് താന്‍ പറയാന്‍ ഉദ്ദേശിച്ചതെന്ന് അവര്‍ പ്രസ്താവനയില്‍ അവകാശപ്പെട്ടു. തുറവൂരിലെ പരിപാടിയെകുറിച്ച് മറ്റെന്തെങ്കിലും പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്നാണ് പറഞ്ഞതെന്നും ഡിഎംഒ തിരുത്തി. രാഹുല്‍ ഗാന്ധി യൂത്ത്കോണ്‍ഗ്രസിന്റെ പദയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് തുറവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ തുള്ളിമരുന്ന് വിതരണം ചെയ്തത്. എംപി മാത്രമായ രാഹുല്‍ഗാന്ധി കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യത്തില്‍തുള്ളി മരുന്ന് വിതരണം ചെയ്തത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ പരിപാടിയായ തുള്ളിമരുന്ന് വിതരണം തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും അരൂര്‍ എംഎല്‍എ ആരിഫിനെയും അറിയിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് അദ്ദേഹം പരാതി നല്‍കിയിരുന്നു. നിയമസഭയിലും ഇക്കാര്യം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനവരി 19, 26 തീയതികളിലാണ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായുള്ള പോളിയോ തുള്ളിമരുന്ന് വിതരണം.

deshabhimani

No comments:

Post a Comment