Friday, January 17, 2014

രാഹുലിനായി പ്രവര്‍ത്തകര്‍; തീരുമാനം അന്തിമമെന്ന് സോണിയ

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെന്ന പ്രവര്‍ത്തക സമിതി തീരുമാനം അന്തിമമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് എഐസിസി സമ്മേളന വേദിയില്‍ ആവശ്യമുയര്‍ന്നപ്പോഴാണ് സോണിയ നിലപാട് വ്യക്തമാക്കിയത്. പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയം തീര്‍ച്ചയായ സാഹചര്യത്തില്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മതേതരത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നും അതേസമയം ജനങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക അന്തരം കുറയ്ക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയേറ്റത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. മുന്‍പും ഇത്തരം തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും പാര്‍ട്ടി അതിനെയെല്ലാം അതീജീവിച്ച് മുന്നോട്ട് പോയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ലോക്പാല്‍ ബില്ല് നടപ്പാക്കാനായത് യുപിഎ സര്‍ക്കാരിന്റെ നേട്ടമാണ്. അഴിമതി തടയാന്‍ കൂടുതല്‍ അഴിമതി വിരുദ്ധ ബില്ലുകള്‍ കൊണ്ടുവരുമെന്ന് പറഞ്ഞ സോണിയ യുപിഎ ഭരണകാലത്തുണ്ടായ വമ്പന്‍ അഴിമതികളെക്കുറിച്ച് പരാമര്‍ശിച്ചില്ല. വിവരാവകാശ നിയമവും ഭൂമിയേറ്റെടുക്കല്‍ നിയമവും നടപ്പാക്കാനായി. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ലോകായുക്ത നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ ഏകാധിപതികള്‍ക്ക് സ്ഥാനമില്ല: രാഹുല്‍

ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ ഏകാധിപതികള്‍ക്ക് സ്ഥാനമില്ലെന്ന് രാഹുല്‍ഗാന്ധി. എഐസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ .പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന എം പിമാരാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാറില്ലെന്നും നരേന്ദ്ര മോഡിയെ പേരെടുത്ത് പറയാതെ രാഹുല്‍ വിമര്‍ശിച്ചു.

മന്‍മോഹന്‍ സിങിന്റെ ഭരണത്തില്‍ രാജ്യം സമ്പുഷ്ടമായി. ആധാര്‍,വിവരാവകാശ നിയമം, തൊഴിലയുറപ്പ് എന്നിവ ഭരണനേട്ടങ്ങളാണ്. അഴിമതി ഇല്ലാതാക്കാനാണ് സബ്സിഡി നേരിട്ട് നല്‍കുന്നത്. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കണം. വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അഴിമതിക്കെതിരായ ആറ് നിയമങ്ങള്‍ കൂടി പാസാക്കും. തെരഞ്ഞെടുപ്പ് പത്രിക തീരുമാനിക്കുന്നത് ജനങ്ങളുടെ കൂടി അഭിപ്രായം പരിഗണിച്ചാകും. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് വലിയവഴിത്തിരിവാകുമെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ലെന്ന് സോണിയ ഗാന്ധി രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുക രാഹുലായിരിക്കും.

deshabhimani

No comments:

Post a Comment