Wednesday, January 15, 2014

സിബിഐക്ക് സാമ്പത്തിക സ്വയംഭരണത്തിന് അനുമതി

സിബിഐക്ക് സാമ്പത്തിക സ്വയം ഭരണത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രസെക്രട്ടറിക്ക് തുല്യമായ പദവി സിബിഐ ഡയറക്ടര്‍ക്ക് നല്‍കും. സിബിഐക്ക് കൂടതല്‍ സ്വാതന്ത്രം നല്‍കുന്നതിന്റെ ഭാഗമായാണിത്. സര്‍ക്കാര്‍ തീരുമാനം സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ സുപ്രീംകോടതിയെ അറിയിക്കും. എന്നാല്‍ കേന്ദ്ര സെക്രട്ടറിയുടെ പൂര്‍ണ അധികാരം ഡയറക്ടര്‍ക്ക് ഉണ്ടായിരിക്കുകയില്ല. 15 കോടി വരെ രൂപ ചെലവിടാനും കേസുകളുടെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവില്ലാതെ 10ലക്ഷം രൂപ ചെലവഴിക്കാനും സിബിഐയെ അനുവദിക്കും.

സ്വതന്ത്ര അന്വേഷണ ഏജന്‍സി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്വയം ഭരണാവാകാശമില്ലാത്തത് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സിബിഐ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കല്‍ക്കരി കുംഭകോണകേസുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തില്‍ സിബിഐ കൂട്ടിലടച്ച തത്തയാണെന്നും സിബിഐ ഡയറക്ടര്‍ പറഞ്ഞിരുന്നു. പേഴ്സണല്‍ മന്ത്രാലയത്തിലെ ഒരു സംഘം ഉദ്യോഗസ്ഥരുടെ കൈയില്‍ സിബിഐ ശ്വാസം മുട്ടുകയാണ്. കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ സ്വയം ഭരണാവകാശം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സ്വയം ഭരണാവകാശം നല്‍കാനോ കേന്ദ്ര സെക്രട്ടറിക്ക് തുല്യമായ പദവി അനുവദിക്കാനോ കേന്ദ്ര സര്‍ക്കാര്‍ അന്ന് തയ്യാറായിരുന്നില്ല. ഇരയായി ഭാവിച്ച് കൂടുതല്‍ അധികാരങ്ങള്‍ നേടിയെടുക്കാന്‍ സിബിഐ ശ്രമിക്കുകയാണെന്ന് വരെ കേന്ദ്രമന്ത്രിമാര്‍ ആരോപിച്ചിരുന്നു. സിബിഐയുടെ രൂപീകരണം ഭരണഘടനാ വിരുദ്ധമാണ് എന്ന് ഗുവാഹട്ടി ഹൈക്കോടതി അഭിപ്രായപ്പെട്ടതും സിബിഐക്ക് തിരിച്ചടിയായിരുന്നു. ഈ തീരുമാനമാണ് കേന്ദ്രം പുന:പരിശോധിച്ചത്.

deshabhimani

No comments:

Post a Comment