Monday, February 6, 2012

യുവരാജിന് കരുത്തായി ആംസ്ട്രോങ് മുതല്‍ അബിദാല്‍വരെ

രോഗങ്ങളില്‍ നിന്ന് കളിക്കളത്തിലെ താരങ്ങള്‍ പൊരുതിക്കയറിയ ചരിത്രമാണുള്ളത്. സൈക്ലിങ് ഇതിഹാസം അമേരിക്കയുടെ ലാന്‍സ് ആംസ്ട്രോങ് മുതല്‍ എത്രയയോ പേര്‍ ... ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രത്യേകിച്ചും ഏകദിന മത്സരങ്ങളില്‍ ഒട്ടേറെ വിജയങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ താരമായ യുവരാജിനും അതിന് കഴിയുമെന്നാണ് കായിക പ്രേമികളുടെ പ്രതീക്ഷ. അര്‍ബുദത്തില്‍ നിന്ന് കരകയറാനുള്ള മനശക്തി ഈ പഞ്ചാബുകാരനുണ്ടാകുമെന്ന് തീര്‍ച്ച.

കളിക്കളത്തില്‍ അര്‍ബുദരോഗത്തിന് അടിമയാകുന്ന ആദ്യ താരമല്ല യുവരാജ്. ലാന്‍സ് ആംസ്ട്രോങ്, ഫ്രാന്‍സ് ഫുട്ബോള്‍താരം എറിക് അബിദാല്‍ , ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡേവ് കല്ലഗന്‍ തുടങ്ങിയ താരങ്ങള്‍ അര്‍ബുദബാധിതരായിരുന്നു. എന്നാല്‍ ഇതിനെ വെല്ലുവിളിച്ച് കളിക്കളത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ഇവര്‍ക്കായി. 1996ലായിരുന്നു ആംസ്ട്രോങ്ങിന് തീവ്രതയേറിയ അര്‍ബുദമുണ്ടായത്. എന്നാല്‍ രോഗത്തില്‍നിന്ന് അതിശയകരമായി തിരിച്ചുവന്ന ആംസ്ട്രോങ് പിന്നീട് സൈക്ലിങ്ങില്‍ പുതിയ ചരിത്രംകുറിച്ചു. കരളിനായിരുന്നു അബിദാലിന് അര്‍ബുദം. എന്നാല്‍ രോഗത്തെ തോല്‍പ്പിച്ച് ഈ ബാഴ്ലോണതാരം വീണ്ടും പന്ത് തട്ടാനിറങ്ങി. യുവരാജിന്റെ രോഗം ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ . കൈത്തണ്ടയില്‍ കരുത്താവാഹിച്ച് പന്തിനെ ആകാശത്തേക്കുയര്‍ത്തി, മൈതാന മധ്യത്തിലേക്കെത്തിക്കുന്ന യുവരാജിനും അര്‍ബുദത്തില്‍ നിന്ന് കരകയറാനാകുമെന്നാണ് ക്രിക്കറ്റ് ലോകം വിശ്വസിക്കുന്നത്. ഒരു പന്തിനെ ബൗണ്ടറി വരയ്ക്കപ്പുറത്തേക്കെത്തിക്കുന്ന ലാഘവത്തോടെ യുവരാജിന് അതിനുകഴിയുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

ലോകകപ്പിന് ശേഷം യുവരാജിന്റെ ടീമില്‍ നിന്നുള്ള പുറത്താകല്‍ അന്നേ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയപ്പോള്‍ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഈ ഓള്‍റൗണ്ടര്‍ക്ക് പിന്നീട് കളിക്കാനായില്ല. തുടര്‍ന്ന് ഇന്ത്യന്‍ മണ്ണിലെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര. രണ്ടു മത്സരങ്ങള്‍ക്ക് ശേഷം വീണ്ടും പുറത്ത്. ആദ്യം ഫോം നഷ്ടമാണെന്ന് പറഞ്ഞ സെലക്ടര്‍മാര്‍ പിന്നീട് പരിക്കാണെന്ന് തിരുത്തി. അതിനിടെയാണ് യുവരാജിന്റെ ബന്ധുക്കളില്‍ നിന്ന് താരത്തിന് ശ്വാസകോശത്തില്‍ മുഴയാണെന്നറിയുന്നത്. ഒടുവില്‍ എല്ലാവരെയും ഞെട്ടിച്ച് അര്‍ബുദമെന്ന വാര്‍ത്തയും പുറത്തുവരുന്നു. മാര്‍ച്ചില്‍ കീമോ തെറാപ്പി കഴിഞ്ഞാല്‍ മെയ്മാസത്തില്‍ യുവരാജിന് ഇന്ത്യന്‍ ടീമില്‍ കളിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ ഫിസിയോ തെറാപ്പിസ്റ്റ് ഡോക്ടര്‍ ജതിന്‍ ചൗധരി അറിയിച്ചിരിക്കുന്നത്.

deshabhimani 060212

2 comments:

  1. രോഗങ്ങളില്‍ നിന്ന് കളിക്കളത്തിലെ താരങ്ങള്‍ പൊരുതിക്കയറിയ ചരിത്രമാണുള്ളത്. സൈക്ലിങ് ഇതിഹാസം അമേരിക്കയുടെ ലാന്‍സ് ആംസ്ട്രോങ് മുതല്‍ എത്രയയോ പേര്‍ ... ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രത്യേകിച്ചും ഏകദിന മത്സരങ്ങളില്‍ ഒട്ടേറെ വിജയങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ താരമായ യുവരാജിനും അതിന് കഴിയുമെന്നാണ് കായിക പ്രേമികളുടെ പ്രതീക്ഷ. അര്‍ബുദത്തില്‍ നിന്ന് കരകയറാനുള്ള മനശക്തി ഈ പഞ്ചാബുകാരനുണ്ടാകുമെന്ന് തീര്‍ച്ച.

    ReplyDelete