Thursday, January 16, 2014

എല്‍എന്‍ജി ടെര്‍മിനലിനും പൂട്ടുവീഴുന്നു

പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ച് രണ്ടാഴ്ച തികയുംമുമ്പേ കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനല്‍ പൂട്ടേണ്ട സ്ഥിതിയായി. വില താങ്ങാനാകാത്തതിനെതുടര്‍ന്ന് ബിപിസിഎല്ലിന് പുറമെ ഫാക്ടും എല്‍എന്‍ജി വാങ്ങേണ്ടെന്ന് തീരുമാനിച്ചതിനെതുടര്‍ന്നാണിത്. എല്‍എന്‍ജി വാങ്ങല്‍ നഷ്ടക്കച്ചവടമായതിനാല്‍ അതുപയോഗിച്ചുള്ള അമോണിയ പ്ലാന്റ് നിര്‍ത്താന്‍ ചൊവ്വാഴ്ച ഫാക്ട് തീരുമാനിച്ചിരുന്നു. അമ്പതു ലക്ഷം ടണ്‍ ശേഷിയുള്ള എല്‍എന്‍ജി സംഭരണിയുടെ എട്ട് ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അതിനുപോലും ഉപയോക്താക്കളില്ലാത്ത സാഹചര്യത്തിലാണ് എല്‍എന്‍ജി ടെര്‍മിനല്‍ അടച്ചിടേണ്ട അവസ്ഥയുള്ളത്. നാഫ്ത ഉപയോഗം ഉപേക്ഷിച്ച ഫാക്ടിന് എല്‍എന്‍ജി ലഭ്യമാക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

തുടക്കത്തില്‍ ഒരു യൂണിറ്റ്(10 ലക്ഷം മെട്രിക് ബ്രിട്ടീഷ് യൂണിറ്റ്) എല്‍എന്‍ജിക്ക് 19.5 ഡോളറാണ് ഫാക്ടിന് മുടക്കേണ്ടിവന്നത്. കേവലം 1.9 ഡോളര്‍ വില പ്രതീക്ഷിച്ച സ്ഥാനത്താണ് പത്തിരട്ടി കൂടുതലായത്. പിന്നീട് അത് 21.5 ഡോളറായി. ഇനി 24.5 ഡോളര്‍ നല്‍കണമെന്നാണ് ചൊവ്വാഴ്ച പെട്രോനെറ്റ് എല്‍എന്‍ജി കമ്പനി ആവശ്യപ്പെട്ടത്. എല്‍എന്‍ജി ഉപയോഗം വേണ്ടെന്നുവച്ചത് ഫാക്ടിന്റെ ഭാഗികമായ അടച്ചുപൂട്ടലിനിടയാക്കും. അമോണിയ ഉല്‍പ്പാദിപ്പിക്കുന്നതിന് നാഫ്തയ്ക്ക് പകരമായാണ് ഫാക്ട് എല്‍എന്‍ജിയെ ആശ്രയിച്ചത്. നാഫ്തയ്ക്കുണ്ടായിരുന്ന കേന്ദ്ര സബ്സിഡി നിര്‍ത്തിയതും എല്‍എന്‍ജിക്ക് സംസ്ഥാനം വാറ്റ് ചുമത്തിയതും ഫാക്ടിന് അധികച്ചെലവുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് അമോണിയ പ്ലാന്റ് നിര്‍ത്താന്‍ ഫാക്ട് തീരുമാനിച്ചത്. തല്‍ക്കാലത്തേക്ക് അമോണിയ ഇറക്കുമതിചെയ്യാനാണ് തീരുമാനം. അമോണിയ ഇറക്കുമതിയാണ് ലാഭമെങ്കിലും വേണ്ടത്ര സംഭരിക്കാനുള്ള ശേഷിയില്ല. ഐലന്‍ഡിലുള്ള സംഭരണിയുടെ ശേഷി 10,000 ടണ്ണാണ്്. 12 ദിവസം വളം ഉണ്ടാക്കാനേ ഇത് തികയൂ. മുടങ്ങാതെ കപ്പല്‍ എത്തുക പ്രായോഗികമല്ലാത്തതിനാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും. ബന്‍സീന്‍ വില ഉയര്‍ന്നതിനെതുടര്‍ന്ന് കാപ്രോലാക്ടം പ്ലാന്റ് 2012 ഒക്ടോബറില്‍ നിര്‍ത്തി. ഇതിനു പിന്നാലെയാണ് അമോണിയ പ്ലാന്റും അടച്ചിടുന്നത്. 2003ല്‍ ഉല്‍പ്പാദനം നിര്‍ത്തിയ യൂറിയ പ്ലാന്റ് ഇരുമ്പുവിലയ്ക്ക് വില്‍ക്കേണ്ടിവന്നു. എല്‍എന്‍ജിക്ക് ഉത്തരേന്ത്യയില്‍ 1.9 മുതല്‍ അഞ്ചു ഡോളര്‍വരെ മാത്രം വിലയുള്ളപ്പോള്‍ കേരളത്തില്‍ നാലിരട്ടിയിലേറെ നല്‍കേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ വൈദ്യുതിക്ക് എന്നപോലെ എല്‍എന്‍ജിക്കും പൂള്‍ സംവിധാനത്തില്‍ വില നിര്‍ണയിക്കുന്ന രീതി അവലംബിക്കണമെന്നാണ് ഫാക്ടിന്റെ പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദേശങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നത്.

ഏഷ്യക്ക് പുറത്തുനിന്ന് ഇറക്കുമതിചെയ്യുന്ന എല്‍എന്‍ജിക്ക് ന്യായവില നിര്‍ണയസംവിധാനം നടപ്പാക്കാന്‍ ഉപഭോക്തൃരാഷ്ട്രങ്ങള്‍ ആവശ്യപ്പെടണമെന്നാണ് ഈ മാസം നാലിന് ടെര്‍മിനല്‍ ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി പറഞ്ഞത്. ഇത്തരത്തില്‍ രാജ്യത്ത് എല്‍എന്‍ജിക്ക് ന്യായവില നടപ്പാക്കാനുള്ള ബാധ്യത നിറവേറ്റാന്‍ പ്രധാനമന്ത്രി മുന്‍കൈ എടുക്കണമെന്ന ആവശ്യവും ശക്തമാണ്. ആഭ്യന്തര വാതക ഉല്‍പ്പാദനത്തില്‍ കേരളത്തിന് അവകാശപ്പെട്ട 3.3 ശതമാനം വാതകം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതിന്റെ വിഹിതമായി കൊച്ചിയിലെ സംഭരണിയിലെത്തുന്ന വാതകം കണക്കിലെടുക്കണമെന്നും പകരം ഗുജറാത്തിലെ ദഹേജില്‍നിന്നുള്ള വാതകമോ വിലയോ സര്‍ക്കാര്‍ നല്‍കണമെന്നാണ് ആവശ്യം.
(ഷഫീഖ് അമരാവതി)

deshabhimani

No comments:

Post a Comment