Thursday, January 16, 2014

വില കൂട്ടുന്നത് കോര്‍പറേറ്റുകള്‍ക്ക് വേണ്ടി: പിണറായി

കൊച്ചി: കോര്‍പറേറ്റുകള്‍ക്കായി കോര്‍പറേറ്റുകള്‍തന്നെ ഭരിക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അവര്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കുന്ന സ്ഥിതിയാണ്. ഇത് സൃഷ്ടിക്കുന്ന വിലക്കയറ്റത്തില്‍ ജനം പൊറുതികെടുമ്പോഴും അതേക്കുറിച്ച് സര്‍ക്കാരിന് ചിന്തയില്ല. ഇത്തരം നടപടികള്‍ക്കെതിരായ സമരച്ചൂട് സര്‍ക്കാരില്‍ തട്ടുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാചകവാതക വിലവര്‍ധനയ്ക്കെതിരെ സിപിഐ എം 1400 കേന്ദ്രങ്ങളില്‍ നടത്തുന്ന നിരാഹാരസമരത്തിന്റെ ഭാഗമായി തൃക്കാക്കര മണ്ഡലത്തിലെ വൈറ്റില ജങ്ഷനിലെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

രാജ്യത്തിന് ആവശ്യമുള്ള എണ്ണയുടെ 75 ശതമാനം നേരത്തെ ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നു. ഇപ്പോഴത് 35 ശതമാനം മാത്രമാണ്.കോര്‍പറേറ്റുകളെ സഹായിക്കാനാണിത്. ഇവിടെ സംസ്കരിക്കുന്ന എണ്ണയ്ക്ക് കുറഞ്ഞ വിലയേ ആകുന്നുള്ളൂവെങ്കിലും കമ്പനികളെ സഹായിക്കാന്‍ സാര്‍വദേശീയ വിലയാണ് കണക്കാക്കുന്നത്. എണ്ണ വില വര്‍ധിപ്പിക്കുന്ന ഘട്ടത്തില്‍ നഷ്ടക്കണക്ക് പറയുന്ന കമ്പനികളുടെ ബാലന്‍സ്ഷീറ്റില്‍ കോടാനുകോടിയുടെ ലാഭമാണ്. ഒഎന്‍ജിസി പര്യവേക്ഷണം നടത്തി എണ്ണയെടുക്കാറാകുന്ന ഘട്ടത്തില്‍ ആ കിണര്‍ കോര്‍പറേറ്റുകളെ ഏല്‍പ്പിക്കുകയാണ്. കൃഷ്ണ-ഗോദാവരി നദിക്കരയിലെ വാതകം റിലയന്‍സിനെ ഏല്‍പ്പിച്ചതും അവര്‍ നിരക്ക് കൂട്ടണമെന്നു പറഞ്ഞതിന് സമ്മതം നല്‍കിയതും ഇതിന്റെ ഭാഗമാണ്.

എണ്ണ വില വര്‍ധന ഇതര മേഖലയിലും വിലക്കയറ്റം രൂക്ഷമാക്കി. എന്നാല്‍ സര്‍ക്കാരുകള്‍ അനങ്ങുന്നില്ല. അവരുടെ താല്‍പ്പര്യമെല്ലാം കുത്തകകളോടാണ്. പൊതുവിതരണസമ്പ്രദായം സര്‍ക്കാര്‍ അട്ടിമറിച്ചു. കൊട്ടിഘോഷിച്ച ഭക്ഷ്യസുരക്ഷാ പദ്ധതി നിലവിലുള്ള പൊതുവിതരണസമ്പ്രദായത്തേക്കാളും മോശമാണ്. ഒരു കുടുംബത്തിന് 35 കിലോ അരി നല്‍കിയിരുന്നത് 25 ആക്കി കുറച്ചു. നേരത്തെ ബിപിഎല്ലുകാരായിരുന്ന ഒട്ടേറെപ്പേരെ എപിഎല്ലുകാരാക്കി. ഇനിമുതല്‍ സബ്സിഡി നേരിട്ടുതരാം എന്നു പറയുന്നതും തട്ടിപ്പാണ്. പാചകവാതകത്തിന് 1300 രൂപ കൊടുക്കണം. സബ്സിഡി ബാങ്കിലെത്തിക്കുമെന്നു പറയുന്നു. അതിന് ആധാറും ബാങ്ക് അക്കൗണ്ടും വേണം. ഇതൊന്നുമില്ലാതെയും ഇവിടെ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ലേ. സീറോ ബാലന്‍സ് അക്കൗണ്ട് എന്നെല്ലാം പറയുമെങ്കിലും ബാങ്കുകള്‍ ഇടപാടിന് പണം ഈടാക്കുന്നു. ഹോട്ടലുകളും മറ്റും 2000 രൂപവരെ പാചകവാതകത്തിന് മുടക്കണം. ഹോട്ടല്‍ ഭക്ഷണത്തിനു വില കൂടുന്നതും സാധാരണക്കാരെയാണ് ബാധിക്കുന്നത്. ജനങ്ങളെ ദ്രോഹിക്കുന്നതില്‍ സര്‍ക്കാര്‍ ഗവേഷണമാണ് നടത്തുന്നത്. ഇതിന്റെ അമര്‍ഷം വലിയതോതില്‍ ജനങ്ങളിലുണ്ട്്. ഇതിന്റെ രോഷം സിപിഐ എമ്മിന്റെ സമരച്ചൂടിലുയരുമെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment