Wednesday, January 1, 2014

പാചകവാതകത്തിന് വന്‍ വില വര്‍ധനവ്

പാചകവാതക സിലിണ്ടറിന് വന്‍ വിലവര്‍ധനവ്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 230 രൂപ 16 പൈസയാണ് ഒറ്റയടിയ്ക്ക് കൂട്ടിയത്. 1,293.50 രൂപയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് 714 രൂപ സബ്സിഡി ലഭിക്കും.

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനും വന്‍ വിലവര്‍ധനവാണ് ഉണ്ടായത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 385.95 രൂപയാണ് കൂട്ടിയത്. 2,184.50 രൂപയാണ് പുതുക്കിയ നിരക്ക്. ചരിത്രത്തിലാദ്യമായാണ് പാചകവാതക വില രണ്ടായിരത്തിന് മുകളിലെത്തുന്നത്.

പാചകവാതക വിലവര്‍ധക്കെതിരെ ശക്തമായ ജനരോഷമുയരണം: വി എസ്

തിരു: പാചകവാതക സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയും, പാചകവാതകത്തിന് അതിഭീകരമായി വില വര്‍ദ്ധിപ്പിക്കുകയും ചെയ്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അതിശക്തമായ ജനരോഷം ഉയരണമെന്നും ആധാര്‍ നിര്‍ബന്ധമാക്കിയ പെട്രോളിയം കമ്പനികളെയും, ഏജന്‍സികളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വില വര്‍ദ്ധനവ് പൂര്‍ണമായി പിന്‍വലിക്കുകയും, ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ തീരുമാനം റദ്ദാക്കുകയും ചെയ്യുന്നതുവരെ പെട്രോളിയം കമ്പനികള്‍ക്ക് മുന്നിലും ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നിലും ജനങ്ങള്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നും വി എസ് പറഞ്ഞു.

ഇടിവെട്ടുകൊണ്ടവനെ പാമ്പുകടിച്ചു എന്നുപറയുന്നത് പോലെയാണ് പെട്രോളിയം കമ്പനികള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനു പുറമേ, താങ്ങാനാവാത്ത തരത്തില്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം പോലും മറികടന്ന് ഒരുതരത്തിലുമുള്ള നിയമ പ്രാബല്യമില്ലാതെയാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. പെട്രോളിയം മന്ത്രാലയത്തിന്റെയും കേന്ദ്രഗവണ്‍മെന്റിന്റെയും ഒത്താശയോടെയാണ് പെട്രോളിയം കമ്പനികള്‍ സാധാരണ മനുഷ്യരുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടിരിക്കുന്നത്. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 230 രൂപയിലേറെയാണ് വില വര്‍ധിപ്പിച്ചതെങ്കില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 385 രൂപയിലധികമാണ് കൂട്ടിയിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതേവരെ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ഭീകരമായ വിലവര്‍ധനയാണ് ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണിതുമൂലം ഉണ്ടാവുക. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ രാജ്യത്തെ പകുതിയിലേറെ വരുന്ന കോടിക്കണക്കിനാളുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നിഷേധിച്ചിരിക്കുകയാണ്. ഇതിനു പുറമെയാണ് ഭാരിച്ച വില വര്‍ധനവിന്റെ ഇരുട്ടടിയും. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും അടക്കമുളള കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ക്ക് ഇതുസംബന്ധിച്ച് എന്താണ് പറയാനുള്ളത്?. ആധാര്‍ നിര്‍ബന്ധമാക്കിയതും, പാചകവാതക വില കുത്തനെ കൂട്ടിയതും ശരിയായില്ലെന്ന് ചാനലുകളില്‍ സാരോപദേശം വിളമ്പുന്ന കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഈ കൊടിയ ജനദ്രോഹ നടപടിക്കെതിരെ പരസ്യമായി സമരരംഗത്തുവരാന്‍ തയ്യാറുണ്ടോ എന്നും വി എസ് ചോദിച്ചു.

deshabhimani

No comments:

Post a Comment