കേരള 'മോചന'യാത്രയുടെ പേരില്‍ യുഡിഎഫ് നേതാക്കള്‍ കാസര്‍ഗോഡുനിന്ന് തെക്കോട്ട് യാത്രയാരംഭിച്ചിരിക്കയാണല്ലോ? തന്നോടൊപ്പം എല്ലാ യുഡിഎഫ് നേതാക്കളും യാത്രയില്‍ പങ്കെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി വീമ്പിളക്കിയെങ്കിലും മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ളീംലീഗിന്റെ നേതാവ് കുഞ്ഞാലിക്കുട്ടി ഇതുവരെ ജാഥയ്ക്ക് എത്തിയിട്ടില്ല. യാത്ര ആരംഭിക്കുന്നതിന്റെ തലേന്നാള്‍ കോണ്‍ഗ്രസ് - മുസ്ളീംലീഗ് സംഘട്ടനത്തില്‍ ഒരു മുസ്ളീംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. രണ്ടാംസ്ഥാനത്തിനുവേണ്ടിയുള്ള ലീഗ് - കേരള കോണ്‍ഗ്രസ് പോര് വേറെ. അതിനിടെ ഗൌരിയമ്മയുടെയും ജെഎസ്എസിന്റെയും ഇടച്ചില്‍. യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മിലുള്ള 'ഐക്യം' ഏതു ദിശയിലേക്കാണ് പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനകളാണിതൊക്കെ.
പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തുന്ന അവകാശവാദങ്ങള്‍ കേട്ടാല്‍ സംസ്ഥാനത്തെ രക്ഷിക്കാന്‍ സ്വര്‍ഗത്തില്‍നിന്ന് അവതരിച്ചവരാണ് അവര്‍ എന്ന് തോന്നും.
യുഡിഎഫിന്റെ കാലത്ത് അതിവേഗം ബഹുദൂരമാണ് കേരളം സഞ്ചരിച്ചിരുന്നത് എന്ന് ആണയിടുന്ന ഉമ്മന്‍ചാണ്ടി എല്‍ഡിഎഫ് ഭരണകാലത്ത് വികസനം സ്തംഭിച്ചു എന്നു പറയുന്നു. വികസന - ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് അട്ടിമറിച്ചെന്നും കേരളത്തെ പിന്നോക്കം നയിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. വിലക്കയറ്റത്തിന്റെ പാപഭാരവും ഉമ്മന്‍ചാണ്ടി, എല്‍ഡിഎഫ് സര്‍ക്കാരിനുമേല്‍ ചുമത്തുന്നുണ്ട്.
നാടിന്റെ വികസനത്തോടുള്ള യുഡിഎഫിന്റെ താല്‍പര്യത്തിന്റെയും ജനങ്ങളോടുള്ള 'പ്രതിബദ്ധത'യുടെയും തനിനിറം ബോധ്യപ്പെടാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലത്തേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതിയാകും.
അഴിമതിയും ധൂര്‍ത്തും തമ്മിലടിയും സ്വജനപക്ഷപാതവും വര്‍ഗീയ പ്രീണനവും മുഖമുദ്രയാക്കിയ ആ സര്‍ക്കാര്‍ പരിസ്ഥിതിനാശത്തിന് കൂട്ടുനിന്നു. വികസനം എന്നാല്‍ കമ്മീഷനടിക്കാനും സ്വന്തം പോക്കറ്റുകള്‍ വീര്‍പ്പിക്കാനും ഉള്ള ഉപാധിയായാണവര്‍ കൊണ്ടു നടന്നത്. ഒരു ഭാഗത്ത് വാഗ്ദാനങ്ങളും പാക്കേജുകളുടെ പ്രഖ്യാപനങ്ങളും പതിവായി നടത്തുകയും കണ്ണില്‍ ചോരയില്ലാതെ അവ പാടേ ലംഘിക്കുകയും ചെയ്യുക എന്നത് നിത്യസംഭവമായിരുന്നു. 'വയനാട് പാക്കേജ്' തന്നെ നല്ല ഉദാഹരണമാണ്. 1500ല്‍ ഏറെ കര്‍ഷകരാണ് യുഡിഎഫിന്റെ 'സുവര്‍ണ'കാലത്ത് കേരളത്തില്‍ കടക്കെണിമൂലം ആത്മഹത്യ ചെയ്തത്. വയനാട്ടില്‍ തന്നെ 500ഓളം പേര്‍. വയനാട്ടിലെ കര്‍ഷകരെ നോക്കി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത് 100 കോടി രൂപയുടെ പാക്കേജ് അനുവദിച്ചിരിക്കുന്നു എന്നാണ്. എന്നാല്‍ അത് പ്രഖ്യാപനത്തില്‍ മാത്രം ഒടുങ്ങി എന്നതാണ് അനുഭവം.
2003ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 210 കോടി രൂപയുടെ കാര്‍ഷിക പാക്കേജിന്റെ ഗതിയും വ്യത്യസ്തമായിരുന്നില്ല. കടക്കെണിയില്‍നിന്ന് സംസ്ഥാനത്തെ രക്ഷിക്കും, കര്‍ഷകരെ രക്ഷിക്കാന്‍ പദ്ധതികള്‍കൊണ്ടുവരും എന്നൊക്കെ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയവരുടെ തനിനിറമാണിത്.
2001 മേയില്‍ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതഭാരം വര്‍ദ്ധിപ്പിക്കുന്നതില്‍ വല്ലാത്ത ഉല്‍സാഹവും ആവേശവുമാണ് കാട്ടിയത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കടക്കെണിയിലാക്കി എന്നാണ് ആന്റണിയും കൂട്ടരും ആവര്‍ത്തിച്ചു നടത്തിയ പല്ലവി.
ആറുമാസം ക്ഷമിച്ചിരിക്കണം, എല്ലാ വിഭാഗം ജനങ്ങളും ത്യാഗം സഹിക്കണം എന്ന മുന്‍കൂര്‍ ജാമ്യത്തിന്റെ അകമ്പടിയോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളുടെ ഒരു പരമ്പര തന്നെ അടിച്ചേല്‍പിച്ചത്. ഭരണത്തില്‍ കയറിയ ഉടന്‍ ബസ്ചാര്‍ജ് 20 ശതമാനത്തിലേറെ വര്‍ദ്ധിപ്പിച്ചു. സ്വകാര്യ ബസുടമകള്‍ ചാര്‍ജു വര്‍ദ്ധനവ് ആവശ്യപ്പെട്ടിരുന്നതേയില്ല. അപ്പോഴാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാണെന്നു പറഞ്ഞ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. വൈദ്യുതിചാര്‍ജും വെള്ളക്കരവും 25 ശതമാനത്തിലേറെ വര്‍ദ്ധിപ്പിച്ചു. ഇതെല്ലാം യുഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ക്ക് രൂപംനല്‍കാന്‍ എത്തിയ എഡിബിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു.
ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പിക്കാന്‍ അത്യുല്‍സാഹം കാട്ടിയ യുഡിഎഫ് ഭരണം സമ്പന്നരില്‍നിന്ന് നികുതിപിരിക്കാന്‍ താല്‍പര്യം കാട്ടിയില്ല. 10,000 കോടി രൂപയിലേറെ നികുതി കുടിശ്ശികയ്ക്കുനേരെ അക്ഷന്തവ്യമായ അലംഭാവമാണവര്‍ കാട്ടിയത്.
യുഡിഎഫ് ഭരണം അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ കടഭാരം 24000 കോടി രൂപയായിരുന്നെങ്കില്‍ അഞ്ചുവര്‍ഷംകൊണ്ട് 52000 കോടി രൂപയുടെ ഭീമമായ കടം വരുത്തിവെച്ചതിനുശേഷമാണ് അവര്‍ ഭരണമൊഴിഞ്ഞത്.
10-ാം പദ്ധതിക്കാലത്ത് 4000 കോടി രൂപയുടെ കുറവാണ് അവര്‍ പദ്ധതിവിഹിതത്തില്‍ വരുത്തിയത്.
2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ജീവനക്കാരുടെയും അധ്യാപകരുടെയും എണ്ണം 5.25 ലക്ഷമായിരുന്നു. അവര്‍ ഭരണം ഒഴിഞ്ഞപ്പോള്‍ 4.75 ലക്ഷമായി അത് കുറഞ്ഞു. 50,000 പേരുടെ ഒഴിവ് നികത്തിയില്ലെന്നര്‍ത്ഥം. അതേസമയം 2006ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ 1,40,000ല്‍ ഏറെപ്പേര്‍ക്ക് പിഎസ്സി വഴി നിയമനം നല്‍കി എന്നോര്‍ക്കുക.
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പലതും കവര്‍ന്നെടുത്ത യുഡിഎഫ് സര്‍ക്കാര്‍ ശമ്പളപരിഷ്കരണത്തെയും അട്ടിമറിച്ചു.
50,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം കൊണ്ടുവരും, 2.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും എന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന യുഡിഎഫിന് ഒരു രൂപയുടെപോലും നിക്ഷേപം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ജിം പോലെയുള്ള മാമാങ്കങ്ങളിലൂടെ സംസ്ഥാനത്തിന്റെ പണം ധൂര്‍ത്തടിച്ചത് മിച്ചം. കരിമണല്‍ ഖനനത്തിന്റെയും മറ്റും പേരില്‍ പരിസ്ഥിതിക്കൊള്ളയ്ക്കാണ് അവര്‍ ശ്രമിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനും അടച്ചുപൂട്ടാനുമാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനായി പൊതുമേഖലാ നവീകരണ കമ്മിറ്റി രൂപീകരിച്ചു. ചൌധരി കമ്മിറ്റി എന്ന പേരിലറിയപ്പെട്ട ആ കമ്മിറ്റി പല പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കയും സ്വകാര്യവല്‍ക്കരിക്കേണ്ടവയുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു. 15 പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും 24 എണ്ണം സ്വകാര്യവല്‍കരിക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കി. എല്‍ഡിഎഫിന്റെയും ജീവനക്കാരുടെയും ശക്തമായ പ്രതിഷേധത്തിനുമുന്നില്‍ സര്‍ക്കാരിന് പിന്‍തിരിയേണ്ടിവന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവര്‍ത്തിച്ച ഭാവനാപൂര്‍ണമായ നിലപാടുകളിലൂടെ നഷ്ടത്തിലോടിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി.
യുഡിഎഫ് സര്‍ക്കാര്‍ ഭരണമൊഴിയുമ്പോള്‍ പൊതുമേഖലകളുടെ ആകെ നഷ്ടം 69 കോടി രൂപയായിരുന്നു. ആ സ്ഥാനത്ത് 2006-07ല്‍ നഷ്ടത്തില്‍നിന്ന് കരകയറി എന്നു മാത്രമല്ല 91 കോടി രൂപയുടെ ലാഭമുണ്ടാക്കി. 2007-08ല്‍ മൊത്തം ലാഭം 80 കോടി രൂപയായിരുന്നു. 2008-09ല്‍ 169 കോടി രൂപയും 2009-10ല്‍ 240 കോടി രൂപയുടെയും ലാഭമുണ്ടാക്കി. ഇരുസര്‍ക്കാരുകളുടെയും സമീപനത്തിലെ അന്തരം വെളിവാക്കുന്നതാണ് ഇത്.
സാമ്പത്തിക പ്രതിസന്ധിമൂലം ട്രഷറി പൂട്ടല്‍ യുഡിഎഫ് ഭരണകാലത്ത് നിത്യസംഭവമായിരുന്നല്ലോ? എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അങ്ങനെ ഒരു സംഭവം കേട്ടുകേഴ്വിയായി മാറി. നികുതിപിരിവില്‍ ഓരോ വര്‍ഷവും 20 ശതമാനംവീതം വര്‍ദ്ധിച്ച് ഇപ്പോള്‍ വരുമാനം 2006ലേതിന്റെ ഇരട്ടിയായി. പദ്ധതി നടത്തിപ്പും ക്ഷേമപ്രവര്‍ത്തനങ്ങളും നടത്താന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കുന്നത് സാമ്പത്തിക മാനേജ്മെന്റ് രംഗത്തെ ഈ മികവും കയ്യടക്കവുമാണ്.
അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും തൊഴില്‍രഹിതര്‍ക്കും നല്‍കിവന്നിരുന്ന 100-110 രൂപ നിരക്കിലുള്ള പെന്‍ഷനും വേതനവും 27 മാസം കുടിശികയാക്കിയാണ് ഉമ്മന്‍ചാണ്ടി ഭരണം ഒഴിഞ്ഞത്. ഈ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ആ കുടിശ്ശിക തീര്‍ത്തു. സാമൂഹികക്ഷേമ പെന്‍ഷന്‍ ഇപ്പോള്‍ 300 രൂപയാണ്. അത് കൃത്യമായി വിതരണം ചെയ്യുന്നു.നെല്‍ കര്‍ഷകര്‍ക്ക് യുഡിഎഫ് അധികാരമൊഴിയുമ്പോള്‍ 7 രൂപയില്‍ താഴെയായിരുന്നു താങ്ങുവില. അത് ഇപ്പോള്‍ 14 രൂപയാക്കി. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഇന്ന് ക്ഷേമനിധിയുടെ പരിധിയില്‍ വരാത്ത ജനവിഭാഗങ്ങളില്ല.
ഭരണം ലഭിച്ചപ്പോള്‍ ജനജീവിതം ദുസ്സഹമാക്കാന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം മത്സരിച്ച് ചെയ്ത യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ മോചനയാത്രയുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ ചരിത്രം അവരെ നോക്കി കൊഞ്ഞനം കുത്തുന്നു.
ഗിരീഷ് ചേനപ്പാടി ചിന്ത വാരിക 280111
ഭരണം ലഭിച്ചപ്പോള്‍ ജനജീവിതം ദുസ്സഹമാക്കാന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം മത്സരിച്ച് ചെയ്ത യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ മോചനയാത്രയുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ ചരിത്രം അവരെ നോക്കി കൊഞ്ഞനം കുത്തുന്നു.
ReplyDeleteഅവര്‍ തെണ്ടിതരങ്ങള്‍ മാത്രമേ ചെയ്തുള്ളൂ എന്നുള്ളത് സീരി തന്നെ ...പക്ഷെ ഇപ്പോഴത്തെ സര്‍ക്കാര്‍ ചില തെണ്ടിതരങ്ങള്‍ക്ക് കൂട്ട് നിന്നത് എന്തിനു ?? നല്ല മനുഷ്യസ്നേഹിയും ജന സേവന തല്പരനുമായ മുഖ്യ മന്ത്രിയുടെ മേല്‍ കുതിര കയറുന്നത് എന്തിനു ?? അഴിമതിക്കാരെയും , തീവ്രവാദികളെയും സംരക്ഷിക്കുന്നത് എന്തിനു ?? ജനഗ്ല്ക്ക് ബുദ്ടിമുട്ടുണ്ടാക്കാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാത്തത് എന്ത് കൊണ്ട് ?? ബുദ്ടിയില്ലാത്ത രീതിയില്‍ ഭരണം നടത്തിയത് എന്തിനു ?? അതോ ശെരിക്കും ബുദ്ദി ഇല്ലേ ?? കിലവന്മാരെ മാറ്റി 50 വയസ്സിനു താഴെ ഉള്ളവര്‍ക്ക് ഭരണം കൈമാരതത് എന്ത് കൊണ്ട് ?? ഇതൊക്കെ ചെയ്‌താല്‍ ഇനിയും അവസരമുണ്ട് അടുത്ത ഭരണം കിട്ടാന്‍ .... അതാണ് ഞങ്ങള്‍ സാധാരണക്കാര്‍ ആഗ്രഹിക്കുന്നതും .....
ReplyDeleteപോടാ മോനേ സുരേഷേ! ഞമ്മന്റെ പാര്‍ട്ടി ഇഷ്ടമുള്ളത് ചെയ്യും അതാരും ചോദ്യം ചെയ്യാന്‍ പാടില്ല.. ഞങ്ങള്‍ ചെയ്യുന്നതല്ലാതെ മറ്റെല്ലാം തെറ്റാണു.. ഇല്ലേല്‍ നീ കണ്ടോ, ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞോട്ടേ.. ദിവസത്തില്‍ രണ്ടു വീതം യാത്രകളും, ചങ്ങലയും കല്ലേറും അരങ്ങേറ്റും :)
ReplyDelete