Sunday, May 27, 2012

ഉമ്മന്‍ചാണ്ടിയുടെ ഭരണവും ചെന്നിത്തലയുടെ പ്രതീക്ഷയും


ഉമ്മന്‍ചാണ്ടിയുടെ ഒരാണ്ടുപൂര്‍ത്തിയാക്കിയ ഭരണം പോക്കണംകെട്ടതാണെന്ന് കൂടെ രാപാര്‍ത്തവര്‍വരെ വിളിച്ചുപറയുന്ന കാലമാണിത്. പെരുന്നയിലും കൊല്ലത്തും ആസ്ഥാനമുള്ള സമുദായ നേതാക്കള്‍ മാത്രമല്ല യുഡിഎഫിലെ ചില ഘടകകക്ഷി നേതാക്കള്‍ക്കും സമാന അഭിപ്രായം. അപ്പോഴാണ് ഉമ്മന്‍ചാണ്ടിക്ക് പകരക്കാരെ അണിയറയില്‍ തേടുന്നത്. ഈ അടിയൊഴുക്ക് നെയ്യാറ്റിന്‍കരയിലെ ബാലറ്റങ്കത്തില്‍ ശക്തമാണ്. വോട്ടെടുപ്പിന് ആറുനാള്‍മാത്രം ശേഷിക്കെ മണ്ഡലം കൊടുംചൂടില്‍. നിയമസഭാസീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പെങ്കിലും ഫലം ഭരണരാഷ്ട്രീയത്തെ അടിമുടി മാറ്റിമറിക്കും. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ബൂര്‍ഷ്വാ പാര്‍ടികളുടെയും മുന്നണിയുടെയും ഘടനയില്‍പ്പോലും സ്വാധീനം ചെലുത്താന്‍ തെരഞ്ഞെടുപ്പു ഫലത്തിനു കഴിയും.

ഇന്നത്തെ നെയ്യാറ്റിന്‍കരയിലെ ചില ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്ന പാറശാലയില്‍ 1979ല്‍ ഉപതെരഞ്ഞെടുപ്പുണ്ടായി. അന്ന് കോണ്‍ഗ്രസിലെ സുന്ദരംനാടാരെ തോല്‍പ്പിച്ച് സിപിഐ എമ്മിലെ എം സത്യനേശന്‍ ജയിച്ചപ്പോള്‍ സംഭവിച്ചത് സംസ്ഥാനത്തെ കോണ്‍ഗ്രസ് മുന്നണിയുടെ പൊളിച്ചെഴുത്തായിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷത്തേക്കു വന്നു. ചരിത്രം അതേ രൂപത്തില്‍ ആവര്‍ത്തിക്കില്ലെങ്കിലും യുഡിഎഫ് തോറ്റാല്‍ കോണ്‍ഗ്രസിലും യുഡിഎഫിലും വന്‍ സ്ഫോടനം ഉണ്ടാകും. 2003ലെ എറണാകുളം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രതിനിധി സെബാസ്റ്റ്യന്‍പോള്‍ ജയിച്ചപ്പോള്‍ ആന്റണിയെ താഴെയിറക്കി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി.

കോണ്‍ഗ്രസ് നെയ്യാറ്റിന്‍കരയില്‍ തോറ്റാല്‍ എന്തുസംഭവിക്കുമെന്ന് ആകാംക്ഷപൂര്‍വം നോക്കുകയാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കൂട്ടരും. എന്തെല്ലാം ആശയോടെയാണ് ഹരിപ്പാട്ട് ചെന്നിത്തല മത്സരിച്ചത്. ജയിച്ചാല്‍ രണ്ടാമനല്ല, ഒന്നാമനാകാനാണ് ആശിച്ചത്. കാരണം, ചെന്നിത്തല യൂത്ത്കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റായി വാണരുളിയ കാലത്ത് ബംഗാളില്‍ യൂത്ത്കോണ്‍ഗ്രസ് ഭാരവാഹിത്വം കൈയാളിയ മമത ബാനര്‍ജി അവിടെ മുഖ്യമന്ത്രിയായി. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ മുഖ്യനും പഴയ മുഖ്യനും ചെന്നിത്തലയുടെ അനുയായികളായിരുന്നു. മറ്റു പത്ത് അനുയായികള്‍ കേന്ദ്രമന്ത്രിമാരായി. അവര്‍ക്കെല്ലാം ഭാഗ്യജാതകം തെളിഞ്ഞിട്ടും തനിക്കുമാത്രം എന്തേ ഇങ്ങനെ എന്ന് രമേശ് ചിന്തിക്കുന്നു.

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ഒന്നാമന്‍, ഞാന്‍ സംഘടനയില്‍ ഒന്നാമന്‍ എന്ന് മേനി നടിക്കാമെങ്കിലും ചെന്നിത്തലയെ കറിവേപ്പിലയാക്കിയാണ് ഉമ്മന്‍ചാണ്ടി മുന്നോട്ടുപോകുന്നത്. മുസ്ലിംലീഗിന് അഞ്ചാംമന്ത്രി പറ്റില്ലെന്ന് കടുത്ത നിലപാടെടുത്തത് ചെന്നിത്തലയാണ്. അവസാനം ഉമ്മന്‍ചാണ്ടിയുടെ അജന്‍ഡയില്‍ ഒപ്പിട്ടുകൊടുക്കേണ്ടി വന്നു. കെപിസിസി ഇല്ലെങ്കിലും ഭരണം നടക്കുമെന്ന്, അതായത് പാളമില്ലാതെ ട്രെയിന്‍ ഓടിക്കാമെന്ന് ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ ബോധിപ്പിച്ചിരിക്കയാണ്. ആ ബോധ്യപ്പെടുത്തലിന്റെ ആവര്‍ത്തനമാണ് യഥാര്‍ഥത്തില്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്. കെപിസിസി പ്രസിഡന്റിനെ നിശ്ചലനാക്കിയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും സെല്‍വരാജിനെ ദത്തെടുത്തത്. എംഎല്‍എസ്ഥാനം രാജിവയ്പിക്കാനുള്ള കച്ചടക്കടക്കരാര്‍ ഉറപ്പിച്ചശേഷം അത് പരസ്യപ്പെടുത്തുന്നതിന് 24 മണിക്കൂര്‍മുമ്പ് മാത്രമാണ് കെപിസിസി പ്രസിഡന്റിനെ വിവരം അറിയിച്ചത്. ഈ അവഗണനകള്‍ക്ക് കണക്കുതീര്‍ക്കാനും ഉമ്മന്‍ചാണ്ടിയുടെ അവിശുദ്ധ ഭരണത്തിന് അവസാനം കുറിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കൈവന്ന അവസരമാണ് നെയ്യാറ്റിന്‍കര. യഥാര്‍ഥത്തില്‍ സെല്‍വരാജ് ചെന്നിത്തലയുടെയും കൂട്ടരുടെയും സ്ഥാനാര്‍ഥിയല്ല, ഉമ്മന്‍ചാണ്ടിയുടെമാത്രം സ്ഥാനാര്‍ഥിയാണ്. ഉമ്മന്‍ചാണ്ടി ഭരണത്തോട് അതൃപ്തിയുള്ളത് ചെന്നിത്തലയ്ക്കു മാത്രമല്ല, കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും അടക്കം വലിയൊരു വിഭാഗമുണ്ട്. അവരുടെ മുന്നിലടക്കം ഒഞ്ചിയം കൊലപാതകമല്ല, ഉമ്മന്‍ചാണ്ടിയുടെ വഴിപിഴച്ച ഭരണമാണ് പ്രശ്നം.
(ആര്‍ എസ് ബാബു)

deshabhimani 270512

No comments:

Post a Comment