Monday, January 13, 2014

കാടകം ബാങ്ക് തെരഞ്ഞെടുപ്പ്: വാര്‍ത്തകള്‍ സത്യവിരുദ്ധം- സിപിഐ എം

മുള്ളേരിയ: കാടകം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരെ വന്ന വാര്‍ത്തകള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്ന് സിപിഐ എം കാറഡുക്ക ഏരിയാകമ്മിറ്റി അറിയിച്ചു. അഞ്ചുവര്‍ഷമായി ഭരണസാരഥ്യത്തിലുള്ള എല്‍ഡിഎഫ് ബാങ്കിന്റെ എല്ലാവിധ വളര്‍ച്ചയ്ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. നിക്ഷേപം ഉയര്‍ത്തുന്നതോടൊപ്പം വായ്പ നല്‍കുന്ന കാര്യത്തിലും ബാങ്ക് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മുമ്പ് ഭരിച്ച കോണ്‍ഗ്രസ് ഭരണസമിതിയേക്കാള്‍ ജനങ്ങളുടെ അംഗീകാരം നേടിയ എല്‍ഡിഎഫിന്റെ ജനപിന്തുണ ഇല്ലാതാക്കാനാണ് സിപിഐ എമ്മിനെതിരെ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ഭരണസമിതിയിലേക്ക് 25ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഭരണസ്വാധീനമുപയോഗിച്ച് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുന്നതിന് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പരാജയഭീതി പൂണ്ട കോണ്‍ഗ്രസ്, സിപിഐ എമ്മിനെതിരെ ആരോപണമുന്നയിക്കുന്നത്.

വര്‍ഗീയതയ്ക്കെതിരെ എക്കാലത്തും വ്യക്തമായ നിലപാട് സ്വീകരിച്ച പാര്‍ടിയാണ് സിപിഐ എം. കാടകം ബാങ്ക് ഭരണസമിതിയിലേക്ക് മുള്ളേരിയ ടൗണിലെ വ്യാപാരസമൂഹത്തെ പ്രതിനിധീകരിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഗണേശ് വത്സയ്ക്കാണ് എല്‍ഡിഎഫ് പിന്തുണ നല്‍കുന്നത്. ബാങ്കിന്റെ സമഗ്ര വികസനം മുന്‍നിര്‍ത്തിയും ജനതാല്‍പര്യം സംരക്ഷിക്കാനുമാണ് എല്‍ഡിഎഫ് 11 സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. ഇത് മനസിലാക്കാതെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ബിജെപിയുമായി സംഖ്യമുണ്ടെന്ന് കള്ളവാര്‍ത്ത പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജ പ്രചരണം തള്ളിക്കളയണമെന്ന് ഏരിയാകമ്മിറ്റി അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment