Monday, March 22, 2010

അമേരിക്കയിലെ യുദ്ധവിരുദ്ധ മുന്നേറ്റം

ഇറാനെ ഉന്നംവച്ച് അമേരിക്ക നീങ്ങുന്നു. ഏഴുവര്‍ഷം മുമ്പ് ഇറാഖിലേക്ക് അതിക്രമിച്ചുകയറാനും നരമേധം നടത്താനും ഉപയോഗിച്ച അതേ തന്ത്രം ആവര്‍ത്തിക്കപ്പെടുന്നു. ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്രസമൂഹത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലരി ക്ളിന്റ റഷ്യാ സന്ദര്‍ശന മധ്യേ പറഞ്ഞിട്ടുള്ളത്. ആണവോര്‍ജത്തിന്റെ മറവില്‍ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണെന്ന് അമേരിക്ക പ്രവചിക്കുന്നു. ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നത് സമാധാനപരമായ ആവശ്യത്തിനുവേണ്ടിയാണെങ്കില്‍ എന്തിനാണ് ഇറാന്‍ രഹസ്യസംവിധാനം ഒരുക്കുന്നതെന്നാണ് ഹിലരിയുടെ ചോദ്യം. ഇറാനുമേല്‍ കടുത്ത സമ്മര്‍ദമാണ് അമേരിക്ക ചെലുത്തുന്നത്. ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യത്തില്‍ ഗണ്യമായ വര്‍ധന വരുത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ചുറ്റിയടിച്ച അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് ഊന്നിയത്, ഇറാനെതിരെ ഉപരോധം വരിഞ്ഞുമുറുക്കുന്നതിലാണ്.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക തുടരുന്ന യുദ്ധത്തിനെതിരെ വൈറ്റ് ഹൌസിനു മുന്നിലടക്കം ജനകീയ രോഷപ്രകടനം നടക്കുന്ന ഘട്ടത്തില്‍ത്തന്നെയാണ് മറ്റൊരു യുദ്ധമുഖം തുറക്കാനുള്ള അമേരിക്കയുടെ ബഹുമുഖ നീക്കമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഏഴുകൊല്ലം മുമ്പ് ഇറാഖിനെ അമേരിക്കന്‍ പട അധിനിവേശിച്ചതിന്റെ ഓര്‍മനാളില്‍, യുഎസ് പട്ടാളത്താല്‍ കൊലചെയ്യപ്പെട്ടവരെ സ്മരിച്ചുകൊണ്ടാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടന്നത്. ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും പതാക പുതപ്പിച്ച ശവപ്പെട്ടികളുമായി സ്വന്തം രാജ്യത്തിന്റെ യുദ്ധവെറിമൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രകടനക്കാര്‍ പ്രതീകാത്മകമായി അന്ത്യോപചാരമര്‍പ്പിച്ചു. ബുഷ് മാറി ഒബാമ വന്നപ്പോള്‍ ആശ്വസിച്ചിരുന്നവര്‍, ഒബാമയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍-അവരെല്ലാം നിരാശയോടെ വിളിച്ചുപറഞ്ഞത്, മാറിയത് വ്യക്തിമാത്രം; നയമല്ല എന്നാണ്.

4385 അമേരിക്കന്‍ പട്ടാളക്കാരാണ് ഏഴുകൊല്ലത്തിനകം ഇറാഖില്‍ ജീവന്‍ വെടിയേണ്ടിവന്നതെന്ന് ഒരു സ്വതന്ത്ര വെബ്സൈറ്റ് പറയുന്നു. അഫ്ഗാനിസ്ഥാനെതിരായ യുദ്ധത്തില്‍ മരണമടഞ്ഞ യുഎസ് പട്ടാളക്കാരുടെ എണ്ണം 1024 ആണ്. എന്നിട്ടും അമേരിക്ക പഠിക്കുന്നില്ല. യുദ്ധസന്നാഹങ്ങള്‍ ഇറാനുനേരെ തിരിച്ചുവച്ചിരിക്കുന്നു. ഇറാന്‍ പറയുന്നു, ഈ നീക്കം എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ടുമാത്രമെന്ന്.
ആഗോളവല്‍ക്കരണത്തെ നിലനിര്‍ത്തുന്നതിനും സ്വന്തം നിലനില്‍പ്പിനും പ്രത്യക്ഷ സൈനിക ഇടപെടലും ബലംപ്രയോഗിച്ചുള്ള സാമ്പത്തിക മാര്‍ഗങ്ങളുമാണ് അമേരിക്കന്‍ ആയുധം. ബുഷ് ഭരണകാലത്തെ ഏകപക്ഷീയമായ സമീപനം ഒബാമ ഭരണം ഉപേക്ഷിച്ചെന്ന പ്രതീതി നിലനിന്നിരുന്നു. എന്നാല്‍, ബുഷിന്റെ വഴിയേ തന്നെ ഒബാമയും എന്നാണ് യുദ്ധവിരുദ്ധ പ്രകടനത്തിനിറങ്ങിയ ശരാശരി അമേരിക്കക്കാരന്‍ പറയുന്നത്. ഇറാന്‍ പ്രശ്നത്തിലും അഫ്ഗാനിസ്ഥാന്‍ പ്രശ്നത്തിലും റഷ്യയെ നേരിടുന്നതിലും സഖ്യശക്തികളുടെ അനുമതി നേടാനുള്ള രാഷ്ട്രീയവും തന്ത്രപരവുമായ നീക്കത്തിലാണ് ഒബാമ. ബുഷിന്റെ ഏകപക്ഷീയ നിലപാടില്‍നിന്നുള്ള മാറ്റമാണത്. സമീപനത്തിന്റെയും ശൈലിയുടെയും കാര്യത്തിലേ വ്യത്യാസമുള്ളൂ; സാമ്രാജ്യത്വ തന്ത്രത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായെന്ന അര്‍ഥം വരുന്ന സൂചനയൊന്നുമില്ല.

ഒബാമ ഭരണകൂടം അഫ്ഗാനിസ്ഥാനെ പ്രധാന ശ്രദ്ധാ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ദിനേന കൂടുതല്‍ ശക്തിയാര്‍ജിക്കുന്ന താലിബാന്‍ സൈന്യത്തിനുനേരെ അമേരിക്കയ്ക്ക് പിടിച്ചുനില്‍ക്കാനാകുന്നില്ല. അഫ്ഗാനിസ്ഥാനില്‍ ഒരു ലക്ഷം നാറ്റോ സൈനികരാണ് ഉള്ളത്. അതില്‍ 62,000 പേരും അമേരിക്കക്കാരാണ്. അഫ്ഗാനിലെ യുദ്ധത്തില്‍ പാകിസ്ഥാനു നിര്‍ണായകമായ സ്ഥാനമാണ് അമേരിക്ക കല്‍പ്പിക്കുന്നത്. അതിര്‍ത്തി പ്രവിശ്യകളില്‍ താലിബാനെ നേരിടുന്നതിന് പാകിസ്ഥാന്‍ അനിവാര്യമാണെന്ന് ഒബാമ തിരിച്ചറിയുന്നു. എന്നാല്‍, പാകിസ്ഥാനില്‍ യുദ്ധത്തിന്റെ കെടുതികള്‍കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ അമേരിക്കാ വിരുദ്ധ വികാരമാണ് ഉയര്‍ത്തുന്നത്. നിരപരാധികള്‍ നാറ്റോ സൈന്യത്താല്‍ കൊല്ലപ്പെടുന്നത് അവര്‍ക്ക് പൊറുക്കാനാകുന്നില്ല. നേതൃനിരയിലെ ഇരുപതോളം പേരെ വധിക്കാന്‍ കഴിഞ്ഞത് താലിബാന്റെ വീര്യം കുറച്ചെന്നാണ് അമേരിക്ക ഒടുവില്‍ ആശ്വസിക്കുന്നത്. എന്നാല്‍, അഫ്ഗാന്‍ യുദ്ധവും അഫ്ഗാനിസ്ഥാനോടും പാകിസ്ഥാനോടും സ്വീകരിക്കുന്ന തെറ്റായ നയങ്ങളും തിരിച്ചടിച്ചുതുടങ്ങി എന്നുതന്നെ തെളിയിക്കുന്നതാണ് അമേരിക്കന്‍ ജനത യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ അനുഭവം.

ഈ പരിതഃസ്ഥിതിയില്‍ ഇന്ത്യയുടെ അവസ്ഥയാണ് പരിതാപകരമാകുന്നത്. ഇന്ന് ഇന്ത്യ, അമേരിക്കയുടെ ഏഷ്യന്‍ തന്ത്രത്തില്‍ സുപ്രധാന കൂട്ടാളിയായാണ് കണക്കാക്കപ്പെടുന്നത്. ആഗോളതലത്തില്‍ പ്രധാന പ്രതിയോഗി ചൈനയായിരിക്കുമെന്നും ചൈനയ്ക്കെതിരായ പ്രതിശക്തി എന്ന നിലയിലാണ് ഇന്ത്യയെ കാണുന്നതെന്നും അമേരിക്ക പറഞ്ഞുകഴിഞ്ഞു. അമേരിക്കയുടെ സങ്കുചിതമായ താല്‍പ്പര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയെ യുപിഎ ഗവര്‍മെന്റ് സാമ്രാജ്യത്വത്തിന് അടിയറവയ്ക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ തന്ത്രപരമായ സഖ്യം അമേരിക്കയില്‍പ്പോലും ജനങ്ങള്‍ തിരസ്കരിക്കുന്ന കാടന്‍ സമീപനമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അമേരിക്കന്‍ താല്‍പ്പര്യാനുസരണം നിയമനിര്‍മാണത്തിനും അന്താരാഷ്ട്ര ഇടപെടലുകള്‍ക്കും താല്‍പ്പര്യം കാണിക്കുന്ന യുപിഎ സര്‍ക്കാര്‍ നാശത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ആവര്‍ത്തിച്ചുതെളിയുകയാണ് ഇവിടെ. ഇറാഖിലും ഇറാനിലും അഫ്ഗാനിസ്ഥാനിലും ലോകത്തിന്റെ ഇതര കോണുകളിലും സാമ്രാജ്യത്വത്തിന്റെ യുദ്ധവെറിക്കിരയായി മരിച്ചുവീഴുന്നവരോടുള്ള ആദരവും കൊലയാളികള്‍ക്കെതിരായ രോഷവുമാണ് അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രകടനങ്ങളില്‍ മുഴങ്ങിയത്. ആ വികാരം തീര്‍ച്ചയായും ഇന്ത്യക്കാരന്റേതുമാണ്. ഇന്നാട്ടിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് അതു കരുത്തുപകരുക തന്നെ ചെയ്യും.

ദേശാഭിമാനി മുഖപ്രസംഗം 220310

1 comment:

  1. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക തുടരുന്ന യുദ്ധത്തിനെതിരെ വൈറ്റ് ഹൌസിനു മുന്നിലടക്കം ജനകീയ രോഷപ്രകടനം നടക്കുന്ന ഘട്ടത്തില്‍ത്തന്നെയാണ് മറ്റൊരു യുദ്ധമുഖം തുറക്കാനുള്ള അമേരിക്കയുടെ ബഹുമുഖ നീക്കമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഏഴുകൊല്ലം മുമ്പ് ഇറാഖിനെ അമേരിക്കന്‍ പട അധിനിവേശിച്ചതിന്റെ ഓര്‍മനാളില്‍, യുഎസ് പട്ടാളത്താല്‍ കൊലചെയ്യപ്പെട്ടവരെ സ്മരിച്ചുകൊണ്ടാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടന്നത്. ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും പതാക പുതപ്പിച്ച ശവപ്പെട്ടികളുമായി സ്വന്തം രാജ്യത്തിന്റെ യുദ്ധവെറിമൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രകടനക്കാര്‍ പ്രതീകാത്മകമായി അന്ത്യോപചാരമര്‍പ്പിച്ചു. ബുഷ് മാറി ഒബാമ വന്നപ്പോള്‍ ആശ്വസിച്ചിരുന്നവര്‍, ഒബാമയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍-അവരെല്ലാം നിരാശയോടെ വിളിച്ചുപറഞ്ഞത്, മാറിയത് വ്യക്തിമാത്രം; നയമല്ല എന്നാണ്.

    ReplyDelete