Monday, March 22, 2010

അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങുമ്പോള്‍

രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങളിലെ വൈമാനികനായിരുന്നു അന്തരിച്ച ഹൊവാര്‍ഡ് സിന്‍. പില്‍ക്കാലത്ത് സമാധാന പ്രവര്‍ത്തകനും യുദ്ധത്തിനെതിരെ അനുസ്യൂതം കലഹിക്കുന്നയാളുമായി ആ ജനകീയ ചരിത്രകാരന്‍ മാറി. അദ്ദേഹം ഒരഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു:

"സ്വേഛാധിപത്യത്തെയും അധിനിവേശങ്ങളെയും നിശ്ചിന്തരായി നോക്കിനില്‍ക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല. നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ യുദ്ധമല്ലാതെയുള്ള എല്ലാ മാര്‍ഗവും നമ്മള്‍ തേടും. കാരണം യുദ്ധം അനിവാര്യതയാണ്, വിവേചനരഹിതമായി പാവങ്ങളെ കൂട്ടക്കൊലചെയ്യുന്ന അനിവാര്യത. ഈ ഇരകളില്‍ നല്ലപങ്കും കുട്ടികളാണ്. ഒരോ യുദ്ധവും കുട്ടികള്‍ക്കെതിരെയുള്ള യുദ്ധമാണ്.''

അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയ മഹാനായാണ് ഹൊവാഡ് സിന്‍ അനുസ്മരിക്കപ്പെടുന്നത്. നോം ചോംസ്കി വിലയിരുത്തി:

"ഈ യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉറക്കെ, പരസ്യമായി, നിര്‍ബന്ധബുദ്ധിയോടെ ആദ്യമായി പറഞ്ഞത് ഹൊവാഡ് സിന്‍ ആയിരുന്നു. വിയത്നാമില്‍ ഒരവകാശവുമില്ലാത്ത സ്ഥിതിക്ക് ഒരുപാധിയുമില്ലാതെ നമ്മള്‍ പിന്മാറണമെന്നും ഇത് അധിനിവേശമാണെന്നും അദ്ദേഹം പറഞ്ഞു.''
ഹൊവാഡ് ആഗ്രഹിച്ച രീതിയില്‍; പ്രവചിച്ച വഴിയില്‍ അമേരിക്കന്‍ ജനത നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇറാഖ് അധിനിവേശത്തിന്റെ ഏഴാം വാര്‍ഷിക നാളില്‍ അമേരിക്കയില്‍ നടന്ന യുദ്ധവിരുദ്ധ ജനകീയ മുന്നേറ്റം ആ രാജ്യത്തിന്റെ പുതിയ അവസ്ഥയെ കുറിക്കുന്നു. 'ആന്‍സ്വര്‍' (ആക്ട് നൌ ടു സ്റ്റോപ്പ് വാര്‍ ആന്‍ഡ് എന്‍ഡ് റേസിസം) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വാഷിങ്ടണ്‍ ഡിസിയിലും ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്കോ അടക്കമുള്ള വിവിധ സ്ഥലങ്ങളിലും പ്രകടനം നടന്നത്. വൈറ്റ് ഹൌസിനുമുന്നിലെ മതിലില്‍ ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും പതാക പുതപ്പിച്ച ശവമഞ്ചങ്ങളുമായി അണിനിരന്ന പ്രകടനക്കാര്‍ മുഴക്കിയ മുദ്രാവാക്യം ഒബാമയെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നാണ്. വൈറ്റ് ഹൌസിനുമുന്നില്‍നിന്ന് പ്രകടനക്കാര്‍ നീങ്ങിയത് മൂന്നു കേന്ദ്രത്തിലേക്കാണ്. ആദ്യത്തേത് പ്രമുഖ യുദ്ധ കരാറുകാരായ ഹാലി ബര്‍ടന്റെ ആസ്ഥാനം. രണ്ടാമത്തേത് മോര്‍ട്ഗേജ് ബാങ്കേഴ്സ് അസോസിയേഷന്‍ കേന്ദ്രം. മൂന്നാമത്തേത് വാഷിങ്ടണ്‍ പോസ്റ്റിന്റെ ഓഫീസ്.

സൈനികരുടെ കുടുംബങ്ങളും വിവിധ സംഘടനകളും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമെല്ലാം അണിനിരന്ന മാര്‍ച്ച് വലിയൊരു മുന്നേറ്റത്തിന്റെ പ്രാരംഭമാണെന്ന് 'ആന്‍സ്വര്‍' സംഘടന പറയുന്നു.

1. അഫ്ഗാനിസ്ഥാനില്‍നിന്നും ഇറാഖില്‍നിന്നും എല്ലാ യുഎസ്-നാറ്റോ സൈന്യത്തെയും നിരുപാധികം ഉടന്‍ പിന്‍വലിക്കണം.
2. യുദ്ധത്തിനുപയോഗിക്കുന്ന പണം എല്ലാവര്‍ക്കും ജോലി, എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ, മെച്ചപ്പെട്ട സ്കൂള്‍, കൈ എത്താവുന്ന പാര്‍പ്പിടം- ഇവയ്ക്കായി ചെലവഴിക്കണം.

ഈ രണ്ട് പ്രധാന ആവശ്യങ്ങളാണ് 'ആന്‍സ്വറി'ന്റെ പ്രസ്താവനയില്‍ കാണുന്നത്. ഒരു ബാനറില്‍ എഴുതിവച്ചത് "ഞങ്ങള്‍ക്ക് വേണ്ടത് തൊഴിലും സ്കൂളുകളുമാണ്; യുദ്ധമല്ല'' എന്നാണ്. ബുഷിന്റേതുപോലെ ക്രിമിനല്‍ നയങ്ങളാണ് ഒബാമയുടേതെന്നും പ്രസിഡന്റ് ആരായാലും അമേരിക്കന്‍ യന്ത്രങ്ങള്‍ യുദ്ധം ഉല്‍പ്പാദിപ്പിച്ച് നിരപരാധികളെ കൊന്നൊടുക്കുന്നുവെന്നും പ്രക്ഷോഭകര്‍ വിളിച്ചു പറഞ്ഞു. ഇതാ തെരുവിലേക്കിറങ്ങാനുള്ള സമയമായി എന്ന് 'ആന്‍സ്വര്‍' അമേരിക്കക്കാരെ ആഹ്വാനംചെയ്യുന്നു.

ബുഷ് ഭരണത്തെ പിഴുതെറിഞ്ഞ് ഒബാമയെ അവരോധിക്കാന്‍ ജനങ്ങള്‍ തയ്യാറായത് വലിയ പ്രതീക്ഷകളോടെയാണ്. എന്നാല്‍, ഇന്ന് യുദ്ധക്കരാറുകാരുടെയും ബാങ്കുകളുടെയും വന്‍കിട എണ്ണക്കമ്പനികളുടെയും ഇന്‍ഷുറന്‍സ് രാക്ഷസന്മാരുടെയും കോര്‍പറേറ്റ് താല്‍പ്പര്യങ്ങളാണ് അമേരിക്കയുടെ രാഷ്ട്രീയജീവിതത്തെ അധിനിവേശിച്ചിരുക്കുന്നത്. അതിനെതിരെ പൊരുതാതെ ഇനി മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട്, ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ കൊടിയുമായി തെരുവുകളിലേക്കിറങ്ങട്ടെ എന്നാണാഹ്വാനം. പ്രക്ഷോഭകരുടെ വിമര്‍ശത്തിനും രോഷത്തിനും ശരവ്യമാകുന്നത് അമേരിക്കന്‍ ഭരണകൂടവും അതിന്റെ നെടുംതൂണുകളായ കോര്‍പറേറ്റുകളുമാണ്. ആ സമരം പ്രമുഖ അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിനെക്കൂടി ഉന്നംവച്ചിരിക്കുന്നു. ഏതു വാര്‍ഷികവും ആഘോഷമാക്കി കഥയും ഉപകഥയും കൊണ്ടാടാറുള്ള മാധ്യമങ്ങള്‍ ഇറാഖ് അധിനിവേശ വാര്‍ഷികം കാണാതെ പോയി എന്നതാണ് വാഷിങ്ടണ്‍ പോസ്റ്റിനെതിരെ മാര്‍ച്ചുചെയ്യാന്‍ ഹേതുവായതെന്ന് സമാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേവലം യുദ്ധവിരുദ്ധമുന്നേറ്റം എന്ന നിലയിലല്ല, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളുയര്‍ത്തിയ ജനകീയ പ്രക്ഷോഭമാണ് അമേരിക്കയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് എന്നതിന്റെ സൂചനകളാണ് വരുന്നത്.

അപ്രതിരോധ്യ മേധാവിത്വം സ്ഥാപിച്ചെടുക്കാന്‍ ലോകത്തിന്റെ സാമ്പത്തികവിഭവങ്ങള്‍ക്കുമേലുള്ള നിയന്ത്രണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാഖിലെയും ഇറാനിലെയും എണ്ണപ്പാടങ്ങളിലേക്ക് അമേരിക്കയുടെ കണ്ണുപതിഞ്ഞത്. ലോകത്തിന്റെ ഊര്‍ജസ്രോതസ്സുകള്‍ക്കുമേല്‍, പ്രത്യേകിച്ചും എണ്ണയ്ക്കുമേല്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് പശ്ചിമേഷ്യയില്‍ അധിനിവേശത്തിനൊരുങ്ങിയത്. ഇറാഖില്‍ ദേശസാല്‍ക്കൃതമായിരുന്ന എണ്ണവ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കുന്നതിലും എണ്ണകുത്തകകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലും അമേരിക്കയ്ക്ക് വിജയിക്കാനായി- പത്തുലക്ഷത്തോളം മനുഷ്യജീവന്‍ നഷ്ടപ്പെടുത്തിയതിന്റെ പ്രതിഫലം! ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് ഐഎഇഎ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ഇറാനെതിരെ ഉപരോധം; യുദ്ധ സന്നാഹം! മധ്യപൂര്‍വദേശത്തെ എണ്ണ-പ്രകൃതി വാതക സ്രോതസ്സുകളുടെ സാമ്പത്തികനിയന്ത്രണം കൈക്കലാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗംതന്നെ അഫ്ഗാനിസ്ഥാനിലെ യുദ്ധവും.

അമേരിക്കയുടെ 2000 ഡിസംബറിലെ ഊര്‍ജ വിവരവസ്തുതാ രേഖ പറയുന്നത് "ഊര്‍ജ കാഴ്ചപ്പാട് പ്രകാരമുള്ള അഫ്ഗാനിസ്ഥാന്റെ പ്രാധാന്യം സ്ഥിതി ചെയ്യുന്നത് അതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പിലാണ്; മധ്യേഷ്യയില്‍നിന്ന് അറേബ്യന്‍ സമുദ്രത്തിലേക്ക് എണ്ണയും പ്രകൃതിവാതകവും എത്തിക്കുന്നതിന് സാധ്യതയുള്ള ഒരു പാതയാണ് ഇത്'' എന്നാണ്. അമേരിക്കന്‍ എണ്ണ ഭീമന്മാര്‍ക്ക് പൈപ്പ് ലൈനുകളിലൂടെ ഏഷ്യന്‍ വിപണിയില്‍ എണ്ണ എത്തിക്കാന്‍ അഫ്ഗാനിസ്ഥാന്റെ ഭൂപ്രദേശം കൈപ്പിടിയിലുണ്ടാകണം. അമേരിക്കന്‍ വന്‍കിട എണ്ണക്കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള യുദ്ധമാണ് നടക്കുന്നത്- ഭീകരവാദ വിരോധം അതിനുള്ള മറമാത്രം.

ഭീകരവിരുദ്ധ യുദ്ധത്തിന്റെ പുതപ്പണിയിച്ച് കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങളാണ് ഒളിച്ചു കടത്തുന്നതെന്നും യുദ്ധങ്ങളോ വന്‍ കരാറുകളോ സാധാരണ അമേരിക്കക്കാരന്റെ ദൈന്യതയ്ക്ക് പരിഹാരമാകുന്നില്ലെന്നും തിരിച്ചറിയപ്പെടുന്നതിന്റെ രോഷമാണ് തെരുവിലേക്കിറങ്ങാനുള്ള ആഹ്വാനമായി ആ രാജ്യത്ത് നീറിപ്പുകയുന്നത്. അമേരിക്കയില്‍ ഒന്നും ഭദ്രമല്ല എന്നാണ് ചുവരെഴുത്ത്. ഇത് ഇന്ത്യക്കുള്ള പാഠവുമാണ്. രക്ഷയ്ക്കായി നോക്കേണ്ടത് അമേരിക്കയിലേക്കാണോ എന്ന ചോദ്യത്തിന് അമേരിക്കന്‍ ജനത നല്‍കുന്ന ഉത്തരം, "ഞങ്ങള്‍ തൊഴിലിനായും മികച്ച സ്കൂളിനായും തെരുവിലിറങ്ങുകയാണ്'' എന്നത്രേ.

ഇവിടെ, തെരുവിലിറങ്ങുന്നതും സമരം ചെയ്യുന്നതും മഹാപരാധമായി കാണുന്നവര്‍ക്ക് അമേരിക്കയിലെ സ്വര്‍ഗത്തില്‍ സമരക്കാരാകുന്ന കട്ടുറുമ്പുകള്‍ തെരുവില്‍ അണിയണിയായി നീങ്ങുന്നതു കാണുമ്പോള്‍ മനംപിരട്ടലുണ്ടാകുമോ മനംമാറ്റമുണ്ടാകുമോ?

പി എം മനോജ്

ശ്രീ പി.എം മനോജിന്റെ പോസ്റ്റ് ഇവിടെ

4 comments:

  1. "ഈ യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉറക്കെ, പരസ്യമായി, നിര്‍ബന്ധബുദ്ധിയോടെ ആദ്യമായി പറഞ്ഞത് ഹൊവാഡ് സിന്‍ ആയിരുന്നു. വിയത്നാമില്‍ ഒരവകാശവുമില്ലാത്ത സ്ഥിതിക്ക് ഒരുപാധിയുമില്ലാതെ നമ്മള്‍ പിന്മാറണമെന്നും ഇത് അധിനിവേശമാണെന്നും അദ്ദേഹം പറഞ്ഞു.''
    ഹൊവാഡ് ആഗ്രഹിച്ച രീതിയില്‍; പ്രവചിച്ച വഴിയില്‍ അമേരിക്കന്‍ ജനത നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇറാഖ് അധിനിവേശത്തിന്റെ ഏഴാം വാര്‍ഷിക നാളില്‍ അമേരിക്കയില്‍ നടന്ന യുദ്ധവിരുദ്ധ ജനകീയ മുന്നേറ്റം ആ രാജ്യത്തിന്റെ പുതിയ അവസ്ഥയെ കുറിക്കുന്നു. 'ആന്‍സ്വര്‍' (ആക്ട് നൌ ടു സ്റ്റോപ്പ് വാര്‍ ആന്‍ഡ് എന്‍ഡ് റേസിസം) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വാഷിങ്ടണ്‍ ഡിസിയിലും ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്കോ അടക്കമുള്ള വിവിധ സ്ഥലങ്ങളിലും പ്രകടനം നടന്നത്. വൈറ്റ് ഹൌസിനുമുന്നിലെ മതിലില്‍ ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും പതാക പുതപ്പിച്ച ശവമഞ്ചങ്ങളുമായി അണിനിരന്ന പ്രകടനക്കാര്‍ മുഴക്കിയ മുദ്രാവാക്യം ഒബാമയെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നാണ്.

    ReplyDelete
  2. "ഇവിടെ, തെരുവിലിറങ്ങുന്നതും സമരം ചെയ്യുന്നതും മഹാപരാധമായി കാണുന്നവര്‍ക്ക് അമേരിക്കയിലെ സ്വര്‍ഗത്തില്‍ സമരക്കാരാകുന്ന കട്ടുറുമ്പുകള്‍ തെരുവില്‍ അണിയണിയായി നീങ്ങുന്നതു കാണുമ്പോള്‍ മനംപിരട്ടലുണ്ടാകുമോ മനംമാറ്റമുണ്ടാകുമോ? "
    ചൈനക്കാരെ യാണോ സഗാവ് uddesichchathu ?

    ReplyDelete
  3. "ഇവിടെ, തെരുവിലിറങ്ങുന്നതും സമരം ചെയ്യുന്നതും മഹാപരാധമായി കാണുന്നവര്‍ക്ക്"
    പണ്ട് ഏതോ രാജ്യത്ത് തെരുവിലിറങ്ങി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുടെ ദേഹത്തുകൂടെ ടാങ്ക് കയറ്റി എന്നൊക്കെ കേട്ടിട്ടുണ്ട്. അതെവിടെയാ സഖാവെ?

    ReplyDelete
  4. ദേശാഭിമാനിക്ക് ഉളുപ്പില്ലേ, സിന്‍ പറയാത്തത് സിന്നിന്റെ വായില്‍ തിരുകിവെയ്ക്കാന്‍? യുദ്ധം അനിവാര്യതയാണെന്നു സിന്‍ പറഞ്ഞതല്ല, ദേശാഭിമാനിയിലെ ഏതോ മണ്ടന്‍ പരിഭാഷിച്ചതാണ്. അതിനെപ്പറ്റി ഞാനൊരു പോസ്റ്റ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
    തര്‍ജ്ജമ, ദേശാഭിമാനി സ്റ്റൈല്‍ (ഹൌവര്‍ഡ് സിന്നും ലാവ്ലിനും)
    തിരുത്തി മോശക്കാരാവാന്‍ ദേശാഭിമാനിക്കാവില്ല, മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കാര്‍ക്കേ ആവില്ല. എന്തോ ഒരു സാധനംകൊണ്ട് ഓട്ടയടക്കുക എന്നൊരു ചൊല്ലുണ്ട്. അതാണ് ഈ ഏര്‍പ്പാട്.

    ReplyDelete