Sunday, February 20, 2011

ഇന്‍ഷുറന്‍സ്, ബാങ്കിങ് മേഖല തുറന്നിടണമെന്ന് അമേരിക്ക

ഇന്‍ഷുറന്‍സ്-ബാങ്കിങ് മേഖലയിലും ചില്ലറ വില്‍പ്പനരംഗത്തും വിദേശനിക്ഷേപ പരിധി ഉയര്‍ത്തണമെന്ന് ഇന്ത്യയോട് അമേരിക്ക. കാര്‍ഷിക, ഭക്ഷ്യസംസ്കരണമേഖലയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി എടുത്തുകളയണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ബജറ്റില്‍ ഇത്തരത്തില്‍ നയംമാറ്റപ്രഖ്യാപനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി പ്രണബ്മുഖര്‍ജിക്ക് അമേരിക്കന്‍ കോര്‍പറേറ്റ് ലോബി കത്തയച്ചു.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തുക, ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുക, എല്ലാ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിത്തീരുവ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ താല്‍പ്പര്യപട്ടികയില്‍ ഉള്‍പ്പെടുന്നു. പെപ്സി, ബോയിങ്, ജനറല്‍ ഇലക്ട്രിക്കല്‍സ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നീ കമ്പനികള്‍ ഉള്‍പ്പെട്ട യുഎസ്- ഇന്ത്യ ബിസിനസ് കൌണ്‍സിലാണ് പ്രണബിന് കത്തയച്ചത്.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്തണമെന്നാണ് അമേരിക്കന്‍ കോര്‍പറേറ്റുകളുടെ പ്രധാന ആവശ്യം. സാമ്പത്തികമാന്ദ്യത്തില്‍ തളര്‍ന്ന അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ധനസ്ഥാപനങ്ങളും പ്രതീക്ഷയോടെ കാണുന്ന വിപണിയാണ് ഇന്ത്യയുടേത്. നിക്ഷേപ പരിധി ഉയര്‍ത്തിക്കിട്ടിയാല്‍ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിക്ഷേപമിറക്കി ലാഭംകൊയ്യാമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചയിലേക്ക് ഇന്ത്യയെ നയിക്കാന്‍ കഴിയുന്ന ലോകോത്തര പശ്ചാത്തലസൌകര്യം സൃഷ്ടിക്കുന്നതില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയര്‍ത്തല്‍ സുപ്രധാനമാണെന്ന് കത്തില്‍ പറയുന്നു.

ഇന്ത്യയും അമേരിക്കയുമായുള്ള വിപണിബന്ധം ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യം. ഇതിന് ഉതകുന്ന വിധത്തിലുള്ള നയംമാറ്റമാണ് ആഗ്രഹിക്കുന്നത്- യുഎസ്ഐബിസി 12 പേജുള്ള കത്തില്‍ പറഞ്ഞു.

മോട്ടോര്‍സൈക്കിളുകള്‍, റെസ്റ്റോറന്റ് നടത്തിപ്പിന് ആവശ്യമായ ഉപകരണങ്ങള്‍, സുരക്ഷാഉപകരണങ്ങള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ തുടങ്ങി അമേരിക്കന്‍ കമ്പനികള്‍ക്ക് താല്‍പ്പര്യമുള്ള നിരവധി ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കണമെന്നും കമ്പനി മേധാവികള്‍ നിര്‍ദേശിച്ചു. ചില്ലറവില്‍പ്പനരംഗത്ത് 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അടിയന്തരമായി അനുവദിക്കണം. പിന്നീട് ഇത് നൂറുശതമാനമായി വര്‍ധിപ്പിക്കുകയും വേണം. വിദേശനിക്ഷേപ നിയന്ത്രണസംവിധാനം മാറ്റുന്നതിലൂടെ സുതാര്യമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടും. നിക്ഷേപ തീരുമാനങ്ങള്‍ എളുപ്പത്തിലെടുക്കാന്‍ ഇത് കമ്പനികളെ സഹായിക്കും. മൂലധന ഒഴുക്കിന്റെ കാര്യത്തിലുള്ള ആശങ്ക മറ്റ് മാര്‍ഗത്തിലൂടെ നിയന്ത്രിക്കാനാകും. വിദേശനിക്ഷേപകരുടെ കൂടുതല്‍ പങ്കാളിത്തം വിപണിയില്‍ കൊണ്ടുവരാന്‍ വിദേശനിക്ഷേപനിയന്ത്രണം എടുത്തുകളയുന്നതിലൂടെ സഹായിക്കും- കത്തില്‍ പറഞ്ഞു.

തങ്ങള്‍ ആവശ്യപ്പെടുന്ന നയമാറ്റങ്ങള്‍ ഇന്ത്യന്‍ സമ്പദ്-വ്യവസ്ഥയ്ക്ക് ഏറെ ഗുണംചെയ്യുമെന്ന് യുഎസ്ഐബിസി അധ്യക്ഷന്‍ റോണ്‍ സോമേഴ്സ് പറഞ്ഞു. സുസ്ഥിരമായ ദീര്‍ഘകാലനിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നയമാറ്റം വഴിയൊരുക്കുമെന്നും സോമേഴ്സ് അഭിപ്രായപ്പെട്ടു.

ദേശാ‍ഭിമാനി 200211

1 comment:

  1. ഇന്‍ഷുറന്‍സ്-ബാങ്കിങ് മേഖലയിലും ചില്ലറ വില്‍പ്പനരംഗത്തും വിദേശനിക്ഷേപ പരിധി ഉയര്‍ത്തണമെന്ന് ഇന്ത്യയോട് അമേരിക്ക. കാര്‍ഷിക, ഭക്ഷ്യസംസ്കരണമേഖലയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി എടുത്തുകളയണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ബജറ്റില്‍ ഇത്തരത്തില്‍ നയംമാറ്റപ്രഖ്യാപനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി പ്രണബ്മുഖര്‍ജിക്ക് അമേരിക്കന്‍ കോര്‍പറേറ്റ് ലോബി കത്തയച്ചു.

    ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തുക, ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുക, എല്ലാ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിത്തീരുവ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ താല്‍പ്പര്യപട്ടികയില്‍ ഉള്‍പ്പെടുന്നു. പെപ്സി, ബോയിങ്, ജനറല്‍ ഇലക്ട്രിക്കല്‍സ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നീ കമ്പനികള്‍ ഉള്‍പ്പെട്ട യുഎസ്- ഇന്ത്യ ബിസിനസ് കൌണ്‍സിലാണ് പ്രണബിന് കത്തയച്ചത്.

    ReplyDelete