Sunday, September 5, 2010

ഇറാഖ് യുദ്ധം കൊണ്ട് അമേരിക്ക എന്തുനേടി?

2003 മാര്‍ച്ചിലാണ് ഇറാഖിനെതിരെ സൈനികാക്രമണംനടത്താന്‍ ബുഷ് ഭരണകൂടം തീരുമാനിച്ചത്. രണ്ടാഴ്ചകൊണ്ട് ഇറാഖിനെ പൂര്‍ണമായും കീഴ്പ്പെടുത്തി യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു ബുഷിന്റെ കണക്കുകൂട്ടല്‍. ഏഴുവര്‍ഷം കഴിഞ്ഞിട്ടും ഇറാഖിജനതയുടെ ധീരമായ ചെറുത്തുനില്‍പ്പ് തുടരുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനാണ് സദ്ദാം ഹുസൈനെ പിടികൂടി പരസ്യമായി തൂക്കികൊന്നത്. എന്നാല്‍, ജോര്‍ജ് ബുഷിന്റെ പാര്‍ടി തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു. ഡെമോക്രാറ്റുകാരനായ ബറാക് ഒബാമ ജയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരവേലയ്ക്കിടയില്‍ താന്‍ അധികാരത്തില്‍ വന്നാല്‍ ഇറാഖ് യുദ്ധം അവസാനിപ്പിക്കുമെന്നും അമേരിക്കന്‍ സൈന്യത്തെ ഇറാഖില്‍നിന്ന് പിന്‍വലിക്കുമെന്നും പ്രഖ്യാപിച്ചു. അധികാരത്തില്‍വന്ന് ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ അന്നത്തെ പ്രഖ്യാപനം നടപ്പില്‍വരുത്തുകയാണ്. 2010 സെപ്തംബര്‍ ഒന്നിനുമുമ്പ് സൈന്യത്തെ പിന്‍വലിക്കുമെന്നായിരുന്നു ഒടുവിലത്തെ പ്രഖ്യാപനം. ഒരു ലക്ഷം അമേരിക്കന്‍ സേനയെ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 50,000 അമേരിക്കന്‍ സേനാംഗങ്ങള്‍ തുടര്‍ന്നും ഇറാഖില്‍ നിലയുറപ്പിക്കും. 2011 ഒടുവില്‍ അവശേഷിക്കുന്നവരെയും പിന്‍വലിക്കുമെന്നും ഭരണം ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുമെന്നുമാണ് പറയുന്നത്. ഇറാഖിലെ എണ്ണയുടെ 60 ശതമാനം ഇപ്പോള്‍ വിദേശികളുടെ കൈകളിലാണ്. അമേരിക്കന്‍സേന 2015 വരെ തുടരണമെന്ന് വൈസ്പ്രസിഡന്റ് വാദിക്കുന്നുണ്ട്. അമേരിക്ക ഇറാഖിനെ സ്വതന്ത്രമായി തുടരാന്‍ അനുവദിക്കുമെന്ന് പറയാന്‍ കഴിയുന്നില്ല.

ഇറാഖ് ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമായിരുന്നു. 4,38,446 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. ജനസംഖ്യ 2,89,45,657 മാത്രം. ജനങ്ങളില്‍ 60 ശതമാനം സുന്നികളും 32 ശതമാനത്തിലധികം ഷിയാക്കളുമാണ്. കുര്‍ദ് വിഭാഗക്കാരുമുണ്ട്. വംശീയവിദ്വേഷം വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാനായിരുന്നു പതിവുപോലെ ഇവിടെയും സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചത്. മെസോപൊട്ടോമിയ എന്ന പേരില്‍ അറിയപ്പെട്ട പുരാതന രാജ്യമാണ് പിന്നീട് ഇറാഖായി മാറിയത്. യൂഫ്രട്ടീസ്, ട്രൈഗ്രീസ് നദീതീരത്തെ മെസോപൊട്ടോമിയന്‍ സംസ്കാരം മഹത്തായ ഒന്നായി കരുതപ്പെടുന്നു. ഈ മഹത്തായ രാജ്യത്തെയാണ് ഏഴുവര്‍ഷംകൊണ്ട് സൈനികാക്രമണത്തിലൂടെ തകര്‍ത്തുകളഞ്ഞത്. 1991ല്‍ സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടി നേരിട്ടതോടെ ഇരുധ്രുവലോകം ഏകധ്രുവലോകമായി മാറി. ഏകധ്രുവലോകത്തിന്റെ നായകസ്ഥാനം അമേരിക്കന്‍ കൈകളിലമര്‍ന്നു. ഈ പുതിയ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് സാമ്പത്തികമായും സൈനികമായും രാഷ്ട്രീയമായും ലോകാധിപത്യം ഉറപ്പിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഒരുങ്ങിപ്പുറപ്പെട്ടത്. സാമ്രാജ്യത്വ സാമ്പത്തികനയം ആവിഷ്കരിച്ച് നടപ്പാക്കി. എണ്ണയുടെ രാജ്യമായ ഇറാഖിനെ സൈനികമായി ആക്രമിച്ച് കീഴ്പ്പെടുത്താന്‍ ശ്രമം തുടങ്ങി. ഇറാഖിന്റെ കൈയില്‍ മാനവരാശിയെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള ആയുധക്കൂമ്പാരമുണ്ടെന്ന ആരോപണമുന്നയിച്ചു. ഐക്യരാഷ്ട്രസഭയുടെ അന്വേഷണസംഘം ഇറാഖ് സന്ദര്‍ശിച്ച് പരിശോധിച്ചെങ്കിലും ആയുധം കണ്ടെത്തിയില്ല. ആയുധം ഒളിപ്പിച്ചെന്നാരോപിച്ച് സൈനികാക്രമണം നടത്തുകയാണ് അമേരിക്ക ചെയ്തത്. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അനുമതികൂടാതെ ഏകപക്ഷീയമായിട്ടായിരുന്നു ആക്രമണം. ആകാശത്തുനിന്ന് ബോംബ് വര്‍ഷിച്ചു. കരസേനയും നാവികസേനയും ആക്രമണത്തില്‍ പങ്കെടുത്തു. ഇറാഖിജനത പരിമിതമായ കഴിവ് ഉപയോഗിച്ച് ചെറുത്തുനിന്നു. കീഴടങ്ങാന്‍ മനസ്സില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. 4400 അമേരിക്കന്‍ പട്ടാളക്കാരാണ് ഇറാഖിന്റെ മണ്ണില്‍ കൊല്ലപ്പെട്ടത്. ഒരുലക്ഷം ഇറാഖി പൌരന്മാരും വധിക്കപ്പെട്ടു.

ഒരുലക്ഷം കോടി ഡോളറാണ് അമേരിക്കയ്ക്ക് യുദ്ധത്തിനായി ചെലവഴിക്കേണ്ടിവന്നത്. അമേരിക്കയുടെ ബജറ്റ്കമ്മി പെരുകി. യുദ്ധച്ചെലവ് പതിന്മടങ്ങ് വര്‍ധിച്ചു. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ചു. ഇപ്പോള്‍ ഒബാമ പറയുന്നത് യുദ്ധത്തില്‍നിന്ന് തലയൂരുകയാണെന്നാണ്. ഇനിയുള്ള നാളുകളില്‍ അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറി പൂര്‍വസ്ഥിതിയിലെത്തിക്കാനും അമേരിക്കന്‍ ജനതയ്ക്ക് നഷ്ടപ്പെട്ട തൊഴില്‍ തിരിച്ച് നല്‍കാനും ശ്രമിക്കുമെന്നാണ്. അമേരിക്കയ്ക്ക് ഇറാഖ് യുദ്ധം നഷ്ടക്കച്ചവടമാണെന്നതില്‍ സംശയമില്ല. അമേരിക്കയ്ക്ക് മാത്രമല്ല ജോര്‍ജ് ബുഷിന്റെ വലംകൈയായി പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറിനും തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടിവന്നു. ബ്രിട്ടന്റെ സാമ്പത്തികനില തകര്‍ന്നു. വിയറ്റ്നാം യുദ്ധത്തിന്റെ അനുഭവത്തില്‍ പാഠം പഠിക്കാന്‍ കൂട്ടാക്കാത്ത അമേരിക്കന്‍ സാമ്രാജ്യത്വ അധിപന്മാര്‍ക്ക് ഇറാഖ് യുദ്ധവും ഒരു പാഠമായിരിക്കുമെന്ന് കരുതാം. ഇറാഖിലെ ധീര ദേശാഭിമാനികളെ അഭിവാദ്യംചെയ്യാം. 4400 അമേരിക്കന്‍ പട്ടാളക്കാരുടെ വിലപ്പെട്ട ജീവന്‍ എന്തിന് ഇറാഖിന്റെ മണ്ണില്‍ ഹോമിച്ചുവെന്നതിന് സാമ്രാജ്യത്വ ഭരണാധികാരികള്‍ ഉത്തരം പറയേണ്ടിവരും.

deshabhimani editorial 04092010

1 comment:

  1. വിയറ്റ്നാം യുദ്ധത്തിന്റെ അനുഭവത്തില്‍ പാഠം പഠിക്കാന്‍ കൂട്ടാക്കാത്ത അമേരിക്കന്‍ സാമ്രാജ്യത്വ അധിപന്മാര്‍ക്ക് ഇറാഖ് യുദ്ധവും ഒരു പാഠമായിരിക്കുമെന്ന് കരുതാം. ഇറാഖിലെ ധീര ദേശാഭിമാനികളെ അഭിവാദ്യംചെയ്യാം. 4400 അമേരിക്കന്‍ പട്ടാളക്കാരുടെ വിലപ്പെട്ട ജീവന്‍ എന്തിന് ഇറാഖിന്റെ മണ്ണില്‍ ഹോമിച്ചുവെന്നതിന് സാമ്രാജ്യത്വ ഭരണാധികാരികള്‍ ഉത്തരം പറയേണ്ടിവരും.

    ReplyDelete