Tuesday, July 28, 2009

അമേരിക്കയ്ക്ക് കീഴടങ്ങുന്നതിനെതിരെ ...

ഇന്ത്യയെ അമേരിക്കയ്ക്ക് കീഴ്പ്പെടുത്തുന്ന നയങ്ങള്‍ക്കെതിരെ ദേശാഭിമാനബോധമുള്ള പ്രതിപക്ഷം നടത്തിയ പോരാട്ടമാണ് പാര്‍ലമെന്റില്‍ കഴിഞ്ഞ ഒരാഴ്ചത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനം. ന്യായീകരിക്കാനാവാതെ നിശ്ശബ്ദമായിപ്പോയ ഗവണ്‍മെന്റ് രാജ്യതാല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എത്ര ദുര്‍ബ്ബലരാണെന്ന് അവരുടെ വാക്കുകളും തെളിയിച്ചു.

അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട എന്‍ഡ് യൂസ് മോണിട്ടറിങ് കരാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും പിടിച്ചുകുലുക്കിയ സംഭവവികാസങ്ങള്‍ക്ക് വഴിതെളിച്ചു. അമേരിക്കയുമായുള്ള ബന്ധത്തിലും ആണവ കരാര്‍ വിഷയത്തിലും ഇടതുപക്ഷം മുമ്പ് ഉയര്‍ത്തിയതും മുന്‍ യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുന്നതിലേക്ക് നയിച്ചതുമായ ആശങ്കകള്‍ ഒന്നൊന്നൊയി യാഥാര്‍ഥ്യമാണെന്ന് തെളിഞ്ഞത് ഇരു സഭകളിലും തുറന്നുകാട്ടപ്പെട്ടു. അതിന് പകരമെന്നോണം ഗവണ്‍മെന്റ് സ്വീകരിച്ച മറ്റൊരു നിലപാട് അവരുടെ രാഷ്ട്രീയ അജ്ഞതയെയും കാര്യഗൌരവമില്ലായ്മയെയും തുറന്നുകാട്ടി. ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥനക്ക് മറുപടി പറഞ്ഞ മന്ത്രി ചിദംബരം മാവോയിസ്റ്റുകളുടെ അക്രമത്തെ ന്യായീകരിക്കുകയും സിപിഐ എമ്മിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇരു സന്ദര്‍ഭങ്ങളിലും കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന കക്ഷിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് പ്രകടമായത്.

ജൂലൈ 21നായിരുന്നു ഇന്ത്യ-അമേരിക്ക കരാറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളാല്‍ പാര്‍ലമെന്റ് പ്രക്ഷുബ്ദ്ധമായത്. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന പ്രതിരോധ ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏത് കേന്ദ്രത്തിലും പരിശോധന നടത്താന്‍ അമേരിക്കയെ അനുവദിക്കുന്ന കരാര്‍ രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തലാണെന്ന് ആരോപിച്ച് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷാംഗങ്ങള്‍ ഗവണ്‍മെന്റിന്റെ വിശദീകരണം ആവശ്യപ്പെട്ടു. അമേരിക്കയുമായി ഒപ്പിട്ട കരാറിന്റെ കോപ്പി സഭയുടെ മേശപ്പുറത്ത് വെക്കണമെന്ന് ബിജെപിയിലെ യശ്വന്ത്സിന്‍ഹ ആവശ്യപ്പെട്ടു. ഫ്രാന്‍സും റഷ്യയുമായി ആയുധ ഇടപാട് നടത്തിയപ്പോഴൊന്നുമില്ലാത്ത ഒരു കരാര്‍ അമേരിക്കയുമായി ഒപ്പിട്ടതിനെ അദ്ദേഹം ചോദ്യംചെയ്തു. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികള്‍ ആണവ കരാറിന്റെ കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ അമേരിക്കക്ക് കീഴടങ്ങിയത് പല മേഖലകളിലേക്കും വ്യാപിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ് പ്രസ്താവന നടത്തിയേതീരൂ എന്ന പ്രതിപക്ഷാംഗങ്ങളുടെ ശക്തമായ ആവശ്യത്തിനു മുന്നില്‍ ഗവണ്‍മെന്റ് കീഴടങ്ങി. അന്നുതന്നെ സഭയില്‍ ഗവണ്‍മെന്റ് പ്രസ്താവന നടത്തുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അറിയിച്ചതോടെയാണ് പ്രതിഷേധം താല്‍ക്കാലികമായി അവസാനിച്ചത്.

വൈകിട്ട് നാലിന് ലോക്സഭയില്‍ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ പ്രസ്താവന നടത്തി. രാജ്യതാല്‍പര്യങ്ങള്‍ അടിയറ വെച്ചിട്ടില്ലെന്നും ഏത് ആയുധ ഇടപാടിലും ഇത്തരം കരാറുണ്ടാകുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചേര്‍ന്ന് വിദേശകാര്യമന്ത്രി നടത്തിയ സംയുക്ത പ്രസ്താവനയും മന്ത്രിയുടെ പ്രസ്താവനക്കൊപ്പം മേശപ്പുറത്തുവെച്ചു.

ആയുധം വാങ്ങുന്നതിന്റെ പേരില്‍ രാജ്യത്തുള്ള ഏത് സൈനികകേന്ദ്രത്തിലും വിദേശരാജ്യത്തിന്റെ പ്രതിനിധികളെ കയറിയിറങ്ങാന്‍ അനുവദിക്കുന്നത് രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തലല്ലാതെ മറ്റെന്താണെന്ന ചോദ്യത്തിന് മറുപടി പറയാന്‍ വിദേശമന്ത്രിക്ക് കഴിഞ്ഞില്ല. ദുര്‍ബ്ബലമായ വാദമുഖങ്ങള്‍ നിറച്ച ഒരു പ്രസ്താവനയല്ലാതെ പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിനൊന്നും മറുപടി നല്‍കാന്‍ കഴിയാതെ മന്ത്രി എസ് എം കൃഷ്ണ കുഴങ്ങി. കൃഷ്ണയെ സഹായിക്കാന്‍ ഭരണപക്ഷത്തുനിന്ന് ആരും രംഗത്തെത്തിയില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു.

ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ വിദേശശക്തികളെ അനുവദിക്കില്ലെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. എന്നാല്‍ ആണവ കരാറിന്റെ തുടര്‍നടപടികള്‍ക്ക് അമേരിക്ക പുതിയ വ്യവസ്ഥകള്‍ വെച്ചതിനെപ്പറ്റി ബിജെപി മൌനംപാലിച്ചു. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് പൂര്‍ണ്ണമായി കീഴടങ്ങുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. ശരദ് യാദവ്, മുലായംസിങ് യാദവ് തുടങ്ങിയ അംഗങ്ങളും ഗവണ്‍മെന്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. രാജ്യതാല്‍പര്യത്തിനെതിരായി ഗവണ്‍മെന്റ് ഒന്നും ചെയ്യില്ലെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് വിദേശമന്ത്രിയില്‍ നിന്നുണ്ടായത്. ഗവണ്‍മെന്റിന്റെ നിരുത്തരവാദിത്വത്തില്‍ പ്ര്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി.

രാജ്യസഭയിലും ഇതേ പ്രസ്താവന ആവര്‍ത്തിച്ചു. ഇവിടെയും പ്രതിപക്ഷത്തിന്റെ ശക്തമായ ആക്രമണമാണ് ഗവണ്‍മെന്റിന് നേരിടേണ്ടിവന്നത്. ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ അമേരിക്കയെ അനുവദിച്ചതുവഴി രാജ്യത്തിന്റെ പരമാധികാരം അടിയറ വെച്ചിരിക്കുന്നുവെന്ന് സിപിഐ എം അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ആണവ കരാറിന്റെ കാര്യത്തിലും ഇന്ത്യയെ കാല്‍ക്കീഴില്‍ നിര്‍ത്തുന്ന നടപടിയാണ് അമേരിക്കയുടേത്. എന്‍പിടിയിലും സിടിബിടിയിലും ഒപ്പിടാതെ ആണവ സാങ്കേതികവിദ്യ ലഭിക്കില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ളിന്റന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെ ഉറപ്പായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിലും വികസിതരാജ്യങ്ങളുടെ വളര്‍ച്ചക്കുവേണ്ടി കൂടുതല്‍ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളെ നിര്‍ബ്ബന്ധിക്കുകയാണ് അമേരിക്ക. ഇറാനുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കണമെന്ന അമേരിക്കന്‍ നിര്‍ബ്ബന്ധത്തിനും ഇന്ത്യ കീഴടങ്ങുന്നു. ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളാണിവയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ധാരാളം രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ആയുധം വാങ്ങുന്നുണ്ട്. അവരെയെല്ലാം ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളില്‍ അലഞ്ഞുതിരിയാന്‍ അനുവദിച്ചിട്ടുണ്ടോ എന്ന് വൃന്ദ കാരാട്ട് ചോദിച്ചു. മുമ്പ് ഇത്തരം അനുമതി നല്‍കിയിട്ടുണ്ടോ എന്ന് ഗവണ്‍മെന്റ് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഇന്ത്യന്‍ സൈനികകേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.

രണ്ട് രാജ്യങ്ങള്‍ തമ്മില്‍ കരാറുണ്ടാക്കുന്നതിന് ചില 'വിലപേശലുകള്‍' നടത്തേണ്ടിവരുമെന്ന വിദേശമന്ത്രിയുടെ പരാമര്‍ശം രാജ്യസഭയെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുകുലുക്കി. വിലപേശല്‍ എന്ന പ്രയോഗം കൊണ്ടുതന്നെ ഇന്ത്യയുടെ പരമാധികാരം വച്ച് വിലപേശിയെന്ന പ്രതിപക്ഷാരോപണം ശരിയാണെന്ന് ഗവണ്‍മെന്റ് സമ്മതിക്കുന്നതിന് തുല്യമായി. ഇന്ത്യയുടെ പരമാധികാരം വച്ച് വിലപേശുമെന്നാണോ ഗവണ്‍മെന്റ് അര്‍ഥമാക്കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷാംഗങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. ഇന്ത്യയുടെ പരമാധികാരത്തില്‍ തൊട്ടുകളിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറുണ്ടോ എന്ന് പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചപ്പോഴും വിദേശമന്ത്രി മൌനം പാലിച്ചു. സുപ്രധാനമായ ഒരു വിഷയത്തില്‍ ഗവണ്‍മെന്റ് നടത്തുന്ന ഒളിച്ചുകളിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി.

മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാമിനെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കന്‍ വിമാനക്കമ്പനിയായ കോണ്ടിനെന്റലിന്റെ ഉദ്യോഗസ്ഥര്‍ ദേഹപരിശോധനയ്ക്ക് വിധേയമാക്കുകയും അപമാനിക്കുകയും ചെയ്ത സംഭവം രാജ്യസഭയില്‍ പ്രക്ഷുബ്ധമായ രംഗങ്ങള്‍ സൃഷ്ടിച്ചു. കോണ്ടിനെന്റല്‍ വിമാനക്കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കണമെന്ന് ഇടതുപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. മറ്റ് പ്രതിപക്ഷ പാര്‍ടികളും ബിജെപിയും ഇതേ ആവശ്യമുന്നയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി പ്രഭുല്‍ പട്ടേല്‍ അറിയിച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന കടുത്ത വരള്‍ച്ച മൂലം കാര്‍ഷികരംഗം വലിയ തകര്‍ച്ച നേരിടുകയാണെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ ചര്‍ച്ചയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടികളെടുത്തില്ലെങ്കില്‍ ദരിദ്ര കര്‍ഷകര്‍ പട്ടിണിയിലാകും. പല സ്ഥലങ്ങളിലും കുടിവെള്ളമില്ല. ഗ്രാമങ്ങളില്‍ ഇതുമൂലം പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. വരള്‍ച്ച ഗ്രാമങ്ങളെയും ദരിദ്രരെയുമാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. കടുത്ത വിലക്കയറ്റത്തിനും ഇതിടയാക്കും. വരള്‍ച്ച നേരിടാന്‍ ഹ്രസ്വകാല, ദീര്‍ഘകാല പരിഹാര നടപടികള്‍ വേണം. ഇതുസംബന്ധിച്ച് ശാസ്ത്രജ്ഞരും രാഷ്ട്രീയനേതാക്കളും കൂട്ടായി ആലോചിക്കണം. മുഖ്യമന്ത്രിമാരുടെ സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശരദ് യാദവ്, മുലായംസിങ് യാദവ്, ഗോപിനാഥ് മുണ്ടെ, ഭര്‍തൃഹരി മെഹ്ത്താബ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ കൃഷിമന്ത്രി ശരദ് പവാറോ സഹമന്ത്രിമാരോ ഉണ്ടായിരുന്നില്ല.

വിദ്യാഭ്യാസ അവകാശബില്‍ രാജ്യസഭ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. പ്രീ-സ്കൂള്‍ മുതല്‍ പ്ളസ്ടു വരെയുള്ള പഠനത്തെ വിദ്യാഭ്യാസ അവകാശ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പി രാജീവ് ആവശ്യപ്പെട്ടു. നിലവില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ളാസുകളാണ് ബില്ലിന്റെ പരിധിയില്‍ വരുന്നത്. പതിന്നാലുവയസ്സു വരെ വിദ്യാഭ്യാസം കുട്ടികളുടെ മൌലികാവകാശമായിരിക്കണമെന്നാണ് 1993 ല്‍ ഉണ്ണികൃഷ്ണന്‍ കേസില്‍ സുപ്രീംകോടതി വിധിച്ചത്. ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും സൌജന്യവിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന് വിധിയില്‍ പറയുന്നു. എന്നാല്‍ ഭരണഘടനയുടെ 21 എ അനുച്ഛേദമായി ഉള്‍പ്പെടുത്തിയ 86-ാം ഭരണഘടനാ ഭേദഗതി വിദ്യാഭ്യാസം മൌലികാവകാശമെന്നത് ആറു മുതല്‍ പതിന്നാല് വയസ്സുവരെയാക്കി ഒതുക്കി. പതിനെട്ട് വയസ്സുവരെ വിദ്യാഭ്യാസം സൌജന്യമായിരിക്കണമെന്ന് നിര്‍ദേശിക്കുന്ന ശിശു അവകാശം സംബന്ധിച്ച യുഎന്‍ ചട്ടത്തില്‍ ഇന്ത്യയും ഒപ്പുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്ളസ്ടു ഘട്ടം വരെയും സൌജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കണം.

ആകെ 200 കോടി രൂപ മാത്രമാണ് സ്കൂള്‍ വിദ്യാഭ്യാസത്തിന് ഈ വര്‍ഷം നീക്കിവെച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സമീപനം ഇതാണെങ്കില്‍ വിദ്യാഭ്യാസ അവകാശമെന്നത് സഫലീകരിക്കാത്ത സ്വപ്നമായി തുടരും. സാമ്പത്തികഭാരത്തിന്റെ വലിയ പങ്കും കേന്ദ്രം തന്നെ വഹിക്കണം. ഫണ്ടിങ്ങിന്റെ കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ മാനദണ്ഡം തന്നെയാണ് കേന്ദ്രം പിന്തുടരുന്നത്. ഇത് മാറ്റി അതത് സംസ്ഥാനങ്ങളുടെ സവിശേഷ സാഹചര്യത്തിനനുസരിച്ച് സഹായം നല്‍കുന്ന വ്യവസ്ഥ കൊണ്ടുവരണം.

സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളിലും അധ്യാപകനിയമനത്തില്‍ സംവരണ തത്വങ്ങള്‍ പാലിക്കണം. അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് നല്‍കേണ്ട വിദ്യാഭ്യാസം സംബന്ധിച്ച് ബില്ലിലെ വ്യവസ്ഥ ഏറെ സങ്കീര്‍ണമാണ്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നീ വൈകല്യങ്ങളുള്ള കുട്ടികളെ കൂടി അംഗവൈകല്യമുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും രാജീവ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികളുമായാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നതെന്ന് ലോക്സഭയില്‍ മാനവ വിഭവശേഷി വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പി കെ ബിജു പറഞ്ഞു. ഭരണഘടന നിലവില്‍ വന്ന് പത്തുവര്‍ഷത്തിനകം പതിന്നാല് വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നാണ് ഭരണഘടനയുടെ 45-ാം വകുപ്പില്‍ പറയുന്നത്. അംബാനി- ബിര്‍ല കമ്മിറ്റി, ദേശീയ വിജ്ഞാന കമീഷന്‍, യശ്പാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവയുടെ ചുവടുപിടിച്ചുള്ള തീവ്ര സ്വകാര്യവല്‍ക്കരണ നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന് കേന്ദ്രം തയ്യാറല്ല. ജിഡിപിയുടെ 3.02 ശതമാനമാണ് വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്നത്. 2015 ആകുമ്പോഴേക്കും ഇത് 1.85 ശതമാനമായി കുറയും.

സര്‍വ്വശിക്ഷ അഭിയാനുള്ള വിഹിതവും സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കയാണ്. സാമ്പത്തികവളര്‍ച്ചയെക്കുറിച്ച് കോണ്‍ഗ്രസ് ഊറ്റംകൊള്ളുമ്പോഴും രാജ്യത്തെ സ്കൂളുകളുടെ അവസ്ഥ പരിതാപകരമാണ്. എസ്എസ്എയ്ക്കും ഉച്ചഭക്ഷണ പദ്ധതിക്കും ആവശ്യത്തിന് പണം നീക്കിവെക്കണം. എഐസിടിഇ, യുജിസി തുടങ്ങിയ സമിതികളെയൊക്കെ ഒഴിവാക്കി എന്‍സിഎച്ച്ഇആര്‍ രൂപീകരിക്കണമെന്ന യശ്പാല്‍ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശം അംഗീകരിക്കാവുന്നതല്ല. വിദ്യാഭ്യാസ മേഖലയില്‍ നൂറുശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം എന്ന യശ്പാല്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശയും എതിര്‍ക്കപ്പെടേണ്ടതാണ്- ബിജു പറഞ്ഞു.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയിലും ജനപക്ഷത്തുനിന്നുള്ള ശബ്ദമുയര്‍ത്തിയത് ഇടതുപക്ഷമാണ്. രാജ്യസഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വൃന്ദ കാരാട്ട്, ആരോഗ്യരംഗത്തുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് സാമൂഹ്യനിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് വാക്സിന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടാനുള്ള സാഹചര്യമെന്തായിരുന്നുവെന്ന കാര്യത്തില്‍ അന്വേഷണം നടത്തണം. വാക്സിന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടിയത് സ്വകാര്യവല്‍ക്കരണ നീക്കത്തിന്റെ ഭാഗമായാണ്. വാക്സിന്‍ ക്ഷാമത്തിന് ഇത് ഇടയാക്കി. ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് വാക്സിന്‍ ലഭ്യമല്ലാത്ത സ്ഥിതി വന്നു. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ഇറക്കിയ വിജ്ഞാപനത്തില്‍, വാക്സിന്‍ യൂണിറ്റുകള്‍ ബിസിജി ഇറക്കുമതി ചെയ്യുമെന്നാണ് പറയുന്നത്. എന്തുകൊണ്ടാണ് ബിസിജി ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാതെ ഇറക്കുമതി ചെയ്യുന്നതെന്ന് വ്യക്തമാക്കണം.

ആരോഗ്യരംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനം നടക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രസവ സമയത്ത് നല്‍കുന്ന ധനസഹായം പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലേതിനേക്കാള്‍ കുറവാണ്. ദരിദ്രരായ സ്ത്രീകള്‍ എല്ലാ സംസ്ഥാനത്തും ഒരേ ദുരിതമാണ് അനുഭവിക്കുന്നത്. അതുകൊണ്ട് സഹായത്തുക ഏകീകരിക്കണം. ആഷ പ്രവര്‍ത്തകര്‍ക്ക് കുറഞ്ഞ കൂലിയെങ്കിലും ഉറപ്പുവരുത്തണം. ആരോഗ്യരംഗത്തെ പശ്ചാത്തലസൌകര്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴും സ്ഥിതി പരിതാപകരമാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. അതിനായി കൂടുതല്‍ തുക വകയിരുത്തണം. സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ സഹായങ്ങള്‍ നല്‍കണം. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സര്‍ക്കാരിന്റെ നിയന്ത്രണമുണ്ടാകണം. ഇരുപത് ലക്ഷമൊക്കെ കോഴ കൊടുത്താണ് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പലരും പ്രവേശനം നേടുന്നത്. ഇവരുടെ നിലവാരം എങ്ങനെയാവുമെന്ന് ഊഹിക്കാമെന്നും വൃന്ദ പറഞ്ഞു.

ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ. എ സമ്പത്ത് ഉര്‍ജവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് ലോക്സഭയില്‍ ആവശ്യപ്പെട്ടു. പുതിയ ജലവൈദ്യൂത പദ്ധതികള്‍ നടപ്പാക്കണം. കാറ്റ്, സൂര്യപ്രകാശം തുടങ്ങിയ പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളില്‍നിന്ന് വൈദ്യൂതി ഉല്‍പാദിപ്പിക്കുന്നതിന് കൂടുതല്‍ തുക വകയിരുത്തണം. ജലവൈദ്യുതി ശേഷിയുടെ ഇരുപത് ശതമാനം മാത്രമാണ് നാം ചൂഷണം ചെയ്യുന്നത്. പൂയംകുട്ടി, അതിരപ്പള്ളി പദ്ധതികള്‍ക്കെതിരെയും പുതിയ ലൈനുകള്‍ വലിക്കുന്നതിനെതിരെയും ഉയരുന്ന പ്രക്ഷോഭങ്ങള്‍ ഈ രംഗത്തെ പ്രതിസന്ധി വഷളാക്കും. ഊര്‍ജമേഖലയുടെ സ്വകാര്യവല്‍ക്കരണം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി മായാവതിക്കെതിരെ പിസിസി പ്രസിഡന്റ് റീത്ത ബഹുഗുണ നടത്തിയ മോശം പരാമര്‍ശവും റീത്തയുടെ വീടിനുനേരേ നടന്ന ആക്രമണവും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശബ്ദായമാനമായ രംഗങ്ങള്‍ സൃഷ്ടിച്ചു. പാലക്കാട് ഐടിഐ സ്വകാര്യവല്‍ക്കരിക്കരുതെന്നും പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും എം ബി രാജേഷ് ലോക്സഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.

വി ജയിന്‍

1 comment:

  1. അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട എന്‍ഡ് യൂസ് മോണിട്ടറിങ് കരാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും പിടിച്ചുകുലുക്കിയ സംഭവവികാസങ്ങള്‍ക്ക് വഴിതെളിച്ചു. അമേരിക്കയുമായുള്ള ബന്ധത്തിലും ആണവ കരാര്‍ വിഷയത്തിലും ഇടതുപക്ഷം മുമ്പ് ഉയര്‍ത്തിയതും മുന്‍ യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുന്നതിലേക്ക് നയിച്ചതുമായ ആശങ്കകള്‍ ഒന്നൊന്നൊയി യാഥാര്‍ഥ്യമാണെന്ന് തെളിഞ്ഞത് ഇരു സഭകളിലും തുറന്നുകാട്ടപ്പെട്ടു. അതിന് പകരമെന്നോണം ഗവണ്‍മെന്റ് സ്വീകരിച്ച മറ്റൊരു നിലപാട് അവരുടെ രാഷ്ട്രീയ അജ്ഞതയെയും കാര്യഗൌരവമില്ലായ്മയെയും തുറന്നുകാട്ടി. ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥനക്ക് മറുപടി പറഞ്ഞ മന്ത്രി ചിദംബരം മാവോയിസ്റ്റുകളുടെ അക്രമത്തെ ന്യായീകരിക്കുകയും സിപിഐ എമ്മിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇരു സന്ദര്‍ഭങ്ങളിലും കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന കക്ഷിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് പ്രകടമായത്.

    ReplyDelete