Saturday, September 4, 2010

ഇറാഖ് ആക്രമണത്തിന്റെ ബാക്കിപത്രം

ഇറാഖിലെ അമേരിക്കയുടെ ദൗത്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞുവെന്നും സൈന്യത്തെ പന്‍വലിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നു. അമേരിക്കയുടെ കാപട്യത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കൊടും ക്രൂരതകളുടെയും ബാക്കിപത്രമായി ഇറാഖിനെ അവശേഷിപ്പിച്ചുകൊണ്ടാണ് അമേരിക്കന്‍ പട്ടാളത്തെ പിന്‍വലിക്കുന്നത്. അപ്പോഴും തങ്ങുടെ കാപട്യവും ഗൂഢഅജണ്ടയും അമേരിക്ക കൈവിടാതെ സൂക്ഷിക്കുന്നുണ്ട്. ഇറാഖില്‍ നിന്ന് ഏകദേശം ഒരു ലക്ഷം സൈനികരെ പിന്‍വലിച്ചുവെന്നും അവശേഷിക്കുന്ന അമ്പതിനായിരത്തോളം പേര്‍ ഇറാഖി പട്ടാളക്കാരെ പരിശീലിപ്പിക്കുന്നതിനായി അവിടെ നിലകൊള്ളുമെന്നുമാണ് ഒബാമ പറയുന്നത്. ഇറാഖിലെ സൈനികരുടെ എണ്ണം ഏതാണ്ട് രണ്ടര ലക്ഷമാണ്. അവരെ പരിശീലിപ്പിക്കുവാന്‍ അരലക്ഷം അമേരിക്കന്‍ സൈനികര്‍. അഞ്ച് ഇറാഖി പട്ടാളക്കാര്‍ക്ക് ഒരു അമേരിക്കന്‍ സൈനികന്‍.

തങ്ങളുടെ അധീനതയിലായിക്കഴിഞ്ഞ ഇറാഖ് എന്നെങ്കിലും വഴുതിപ്പോവുമോയെന്ന ശങ്കയാണ് അമേരിക്കന്‍ പട്ടാളക്കാരെ ഇനിയും ഇറാഖില്‍ നിലനിര്‍ത്തുന്നതിന്റെ കാരണം. ഇറാഖില്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചുവെന്നും രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള കടമകള്‍ ഇനി ഇറാഖ് ജനത നിര്‍വഹിക്കുമെന്നുമാണ് ഒബാമയുടെ അവകാശവാദം. എന്നാല്‍ ഇറാഖിനെ തകര്‍ത്തു തരിപ്പണമാക്കുകയും ഒരു രാഷ്ട്രത്തെയും ജനതയെയും ദുര്‍ഘടസന്ധിയിലാക്കുകയുമാണ് അമേരിക്കയുടെ അധിനിവേശ ഭ്രാന്ത് ചെയ്തത്.

മാനവ സംസ്‌കാരങ്ങളില്‍ പ്രഥമഗണനീയമായ മെസപ്പെട്ടോമിയന്‍ സംസ്‌കാരത്തെ തന്നെ ഇല്ലായ്മ ചെയ്തതാണ് അമേരിക്ക അഴിച്ചുവിട്ട യുദ്ധം. പത്തു ലക്ഷത്തോളം ഇറാഖ് പൗരന്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. യഥാര്‍ഥത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലും എത്രയോ അധികമാണ്. പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും പോലും നിര്‍ദ്ദയം കൊലപ്പെടുത്തി. പരിക്കേറ്റവരുടെയും അനാഥരായവരുടെയും എണ്ണത്തിന് കണക്കില്ല. 22 ലക്ഷത്തിലധികം ഇറാഖികള്‍ നാടുവിട്ടോടേണ്ടി വന്നു.

ഇറാഖിലെ തൊഴിലില്ലായ്മ അറുപത് ശതമാനത്തിലധികമാണ്. എഴുപത് ശതമാനം ജനങ്ങള്‍ക്കും ശുദ്ധജലം ലഭ്യമല്ല. വിലക്കയറ്റം അമ്പത് ശതമാനത്തിലും ഏറെയാണ്. സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു എന്നതുതന്നെ വലിയ ഫലിതമാണ്. അമേരിക്ക നിയന്ത്രിക്കുന്ന പാവ സര്‍ക്കാരിനെ അവരോധിക്കുക മാത്രമാണ് ചെയ്തത്. അമേരിക്കന്‍ സൈന്യം ഏഴുവര്‍ഷത്തെ അധിനിവേശത്തിന് ശേഷം ഇറാഖ് വിട്ടിറങ്ങുമ്പോഴുളള ചിത്രമിതാണ്.

അമേരിക്കയുടെ സൈനിക പിന്‍മാറ്റം മഹദ്കാര്യമായാണ് ഒബാമ ചിത്രീകരിക്കുന്നത്. എന്നാല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക നിര്‍ബന്ധിതമാവുകയായിരുന്നു. ബുഷ് പ്രസിഡണ്ടായിരിക്കുമ്പോള്‍ തന്നെ സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഉയര്‍ന്നിരുന്നു. തെരുവുകളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ഒബാമ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ഥിക്കുമ്പോള്‍ ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു.

4420 അമേരിക്കന്‍ പട്ടാളക്കാരാണ് ഇറാഖില്‍ കൊല്ലപ്പെട്ടത്. 31926 പേര്‍ക്ക് പരിക്കേറ്റു. മുപ്പത് ശതമാനത്തോളം അമേരിക്കന്‍ പട്ടാളക്കാര്‍ മാനസിക രോഗികളായി മടങ്ങിപ്പോവേണ്ടി വന്നു. അമേരിക്ക സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോഴും 36 ലക്ഷം കോടി രൂപയാണ് യുദ്ധത്തിനായി ചെലവിട്ടത്. അമേരിക്കന്‍ ജനതയ്ക്കിടയില്‍ സ്വാഭാവികമായും അമര്‍ഷം ശക്തിപ്പെട്ടതാണ് സേനാ പിന്‍മാറ്റത്തിന്റെ കാരണം.

ഇനി തങ്ങളുടെ ശ്രദ്ധ അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലായിരിക്കുമെന്നാണ് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ ചിത്രവും മറ്റൊന്നല്ല. അമേരിക്ക, ബിന്‍ലാദനെ പിടികൂടാനെന്ന പേരില്‍ നടത്തുന്ന യുദ്ധത്തില്‍ ആയിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിദയനീയാവസ്ഥയില്‍ ചെന്നുപെട്ടു. ഭീകരവാദത്തിന്റെ പേരില്‍ അമേരിക്ക അഫ്ഗാനിസ്ഥാനെ തകര്‍ത്തെങ്കിലും അവിടെ ഭീകരവാദം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. അഫ്ഗാനിസ്ഥാനെ കൂടുതല്‍ രൂക്ഷമായ നിലയില്‍ അധപ്പതിപ്പിക്കുവാന്‍ മാത്രമേ അഫ്ഗാനില്‍ അമേരിക്കന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട് കഴിയുകയുള്ളൂ.

അമേരിക്കയുടെ അധിനിവേശഭ്രാന്തും യുദ്ധക്കൊതിയും ഉപേക്ഷിക്കുകയാണ് ലോകസമാധാനത്തിന് ഏറ്റവും അനിവാര്യം. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഒബാമ തനിക്കു കിട്ടിയ പുരസ്‌കാരത്തോട് നീതിപുലര്‍ത്താനെങ്കിലും അത്തരമൊരു നയം സ്വീകരിക്കുകയാണ് വേണ്ടത്.

ജനയുഗം മുഖപ്രസംഗം 03092010

1 comment:

  1. ഇറാഖിലെ അമേരിക്കയുടെ ദൗത്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞുവെന്നും സൈന്യത്തെ പന്‍വലിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നു. അമേരിക്കയുടെ കാപട്യത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കൊടും ക്രൂരതകളുടെയും ബാക്കിപത്രമായി ഇറാഖിനെ അവശേഷിപ്പിച്ചുകൊണ്ടാണ് അമേരിക്കന്‍ പട്ടാളത്തെ പിന്‍വലിക്കുന്നത്. അപ്പോഴും തങ്ങുടെ കാപട്യവും ഗൂഢഅജണ്ടയും അമേരിക്ക കൈവിടാതെ സൂക്ഷിക്കുന്നുണ്ട്. ഇറാഖില്‍ നിന്ന് ഏകദേശം ഒരു ലക്ഷം സൈനികരെ പിന്‍വലിച്ചുവെന്നും അവശേഷിക്കുന്ന അമ്പതിനായിരത്തോളം പേര്‍ ഇറാഖി പട്ടാളക്കാരെ പരിശീലിപ്പിക്കുന്നതിനായി അവിടെ നിലകൊള്ളുമെന്നുമാണ് ഒബാമ പറയുന്നത്. ഇറാഖിലെ സൈനികരുടെ എണ്ണം ഏതാണ്ട് രണ്ടര ലക്ഷമാണ്. അവരെ പരിശീലിപ്പിക്കുവാന്‍ അരലക്ഷം അമേരിക്കന്‍ സൈനികര്‍. അഞ്ച് ഇറാഖി പട്ടാളക്കാര്‍ക്ക് ഒരു അമേരിക്കന്‍ സൈനികന്‍.

    ReplyDelete