മോചനം വാഗ്ദാനം ചെയ്യപ്പെട്ട സമയത്തുപോലും ഹെയ്ത്തിയിലെ ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നില്ല എന്നാണ് തോന്നുന്നത്. രണ്ടുലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെടുന്നതിനിടയാക്കിയ ഭൂകമ്പത്തിനുശേഷം ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും, പുറംലോകം അവര്‍ക്കായി വാഗ്ദാനംചെയ്ത സഹായത്തിന്റെ കൂമ്പാരങ്ങളൊന്നും ഹെയ്ത്തിയിലെ മഹാഭൂരിപക്ഷം ജനങ്ങളും ഇതേവരെ കണ്ടില്ല. അതിനു പകരം തകര്‍ന്നടിഞ്ഞ ആ കരീബിയന്‍ രാഷ്ട്രത്തിലേക്ക് അമേരിക്കന്‍ ഭരണാധികാരികള്‍ പതിനായിരക്കണക്കിന് പട്ടാളക്കാരെ ഇറക്കിയിരിക്കുകയാണ്.
അതിനെക്കാളേറെ ഹീനമായ സംഗതി, വേള്‍ഡ് ഫുഡ് പ്രോഗ്രാം, മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് എന്നിത്യാദി സംഘടനകളില്‍നിന്ന് ഹെയ്ത്തിയിലേക്ക് മരുന്നും മറ്റ് അത്യാവശ്യസാധനങ്ങളും കൊണ്ടുവന്ന വിമാനങ്ങള്‍ അവിടെ ഇറങ്ങാന്‍ അനുവദിക്കാതെ അമേരിക്കന്‍ സൈനികമേധാവികള്‍ അവ മടക്കി അയച്ചുവെന്നതാണ്; പട്ടാളക്കാരെ ഇറക്കുന്നതിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്. ഹെയ്ത്തിയിലെ തെരുവുകളില്‍ ശ്രദ്ധേയമായ വിധത്തില്‍ സഹിഷ്ണുതയും പരസ്പര സഹകരണവും നിലനിന്നിട്ടും താരതമ്യേന കുറഞ്ഞതോതില്‍ മാത്രമേ കൊള്ളയടിക്കല്‍ ഉണ്ടായിട്ടുള്ളൂവെങ്കിലും സുരക്ഷ ഉറപ്പാക്കാനും "മറ്റൊരു സോമാലിയ'' ആവര്‍ത്തിക്കാതിരിക്കാനും ആണത്രെ ഈ സൈനിക വിന്യാസം. യഥാര്‍ത്ഥത്തില്‍ ഹെയ്ത്തിയെ കൈപ്പിടിയില്‍ ഒതുക്കുകയെന്ന ആസൂത്രിതമായ പദ്ധതിയാണ് ഇതിനുപിന്നില്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമേരിക്കന്‍ നാവികസേന ഹെയ്ത്തിയെ പൂര്‍ണമായും ഉപരോധിച്ചിരിക്കുകയുമാണ്. പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് ഹതാശരായ ജനങ്ങള്‍ രക്ഷതേടി അമേരിക്കയിലേക്ക് കൂട്ട പലായനം ചെയ്യുന്നത് തടയാനാണത്രെ ഈ ഉപരോധം. വെയില്‍സില്‍നിന്നുള്ള അഗ്നിശമന സേനയും ക്യൂബയില്‍നിന്നുള്ള ഡോക്ടര്‍മാരും അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി അഹോരാത്രം പണിയെടുക്കുമ്പോള്‍ അമേരിക്കന്‍ വ്യോമസേനയുടെ 82-ാം ഡിവിഷന്‍ ഹെയ്ത്തിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നാശാവശിഷ്ടങ്ങള്‍ക്കുമേല്‍ തിരക്കിട്ട് പട്ടാളക്കാരെ ഇറക്കുന്നതില്‍ മുഴുകിയിരിക്കുകയാണ്.
അമേരിക്കയുടെ ഈ തലതിരിഞ്ഞ മുന്‍ഗണനാക്രമത്തിന്റെ ഫലമായിത്തന്നെ ഹെയ്ത്തിയില്‍ കൂടുതല്‍ ആളുകള്‍ മരണമടഞ്ഞിട്ടുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. അമേരിക്കന്‍ പിന്തുണയോടെ രണ്ടുതവണ അട്ടിമറിക്കപ്പെട്ട ഴാങ് ബെര്‍ട്രാന്‍ഡ് അരിസ്റ്റൈഡിന്റെ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന പാട്രിക് ഏലി പറഞ്ഞത് ഇങ്ങനെയാണ്-"ഞങ്ങള്‍ക്ക് പട്ടാളത്തെയല്ല ആവശ്യം; ഇവിടെ യുദ്ധമല്ല നടക്കുന്നത്.'' ഏലിയെപ്പോലെയുള്ള ഹെയ്ത്തിക്കാരും ഫ്രാന്‍സിലെയും വെനിസ്വേലയിലെയും മറ്റും നേതാക്കന്മാരും ഒരു പുതിയ അമേരിക്കന്‍ അധിനിവേശ ഭീഷണിയെക്കുറിച്ച് പറയുമ്പോള്‍, അത് അല്‍പവും അത്ഭുതകരമല്ല; കാരണം അത്ര വലിയ തോതിലുള്ള സൈനിക വിന്യാസമാണ് അമേരിക്ക അവിടെ നടത്തുന്നത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനിക പിന്തുണ നല്‍കാനാകുന്ന ഒരേയൊരു ശക്തി അമേരിക്കന്‍ സൈന്യം മാത്രമാണെന്ന് പറഞ്ഞ് അതിനെതിരായ വിമര്‍ശനങ്ങളെല്ലാം കേവലം അമേരിക്കന്‍ വിരോധം മാത്രമായി അവഗണിക്കപ്പെടുകയാണ്. ഹെയ്ത്തിയുടെ ചരിത്രംതന്നെ അമേരിക്കയുടെയും യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളുടെയും ആക്രമണവും ചൂഷണവും നിറഞ്ഞതാണെന്നതാണ് ഈ വിമര്‍ശനങ്ങളുടെ അടിസ്ഥാനം. കഴിഞ്ഞ ആഴ്ച അവിടെ ഉണ്ടായത് ഒരു പ്രകൃതി ദുരന്തമാണെങ്കിലും അതുമൂലം ഇത്ര ഭയാനകമായ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചത് മനുഷ്യര്‍തന്നെയാണ്.
മരണസംഖ്യ ഭയാനകമായ തോതില്‍ ഉയര്‍ന്നതിനു മുഖ്യ കാരണം ദാരിദ്ര്യമാണെന്നത് അവിതര്‍ക്കിതമാണ്. ആരോഗ്യ സംവിധാനങ്ങളുടെയും പൊതു പശ്ചാത്തല സൌകര്യങ്ങളുടെയും അഭാവത്തിന്റെ ഉല്‍പന്നമാണത്. ഹെയ്ത്തിയുടെ ദാരിദ്ര്യം അവരുടെ വിധിയായി, അവരുടെ സംസ്കാരത്തിന്റെ സ്വാഭാവികഭാഗമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നൂറ്റാണ്ടുകളായി അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ ബാഹ്യലോകവുമായുള്ള അസമമായ ബന്ധത്തിന്റെ പ്രത്യക്ഷത്തില്‍ തന്നെയുള്ള അനന്തരഫലമാണത്.
അടിമത്തത്തിനെതിരായ കലാപം വിജയിപ്പിച്ചതിന്റെയും 1804-ല്‍ ആദ്യമായി കറുത്തവരുടെ റിപ്പബ്ളിക് സ്വയം പ്രഖ്യാപിച്ചതിന്റെയും ശിക്ഷയായി അമേരിക്ക ഹെയ്ത്തിയെ ആക്രമിക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ഒരിക്കലും രക്ഷപ്പെടാനാവാത്തത്ര കടബാദ്ധ്യതയില്‍ അകപ്പെടുത്തുകയുമാണുണ്ടായത്. ഈ കടബാധ്യതയില്‍നിന്ന് ഒരുവിധം കരകയറിയത് 1947ല്‍ മാത്രമാണ്. യുദ്ധങ്ങള്‍ക്കിടയിലുള്ള കാലഘട്ടത്തില്‍ അമേരിക്ക അവിടെ അധിനിവേശം ഉറപ്പിക്കുകയായിരുന്നു; ക്രൂരമായി ആ നാടിനെ ഞെക്കിപ്പിഴിയുകയായിരുന്നു. ഒരു നൂറ്റാണ്ടിലേറെക്കാലം നിലനിന്ന ബോധപൂര്‍വമായ കൊളോണിയല്‍ കൊള്ളയടിക്കലിനെ തുടര്‍ന്ന് നിരവധി പതിറ്റാണ്ടുകള്‍ അമേരിക്കന്‍ പിന്തുണയുള്ള ദുവാലിയര്‍മാരുടെ ഏകാധിപത്യവാഴ്ചയായിരുന്നു. അവര്‍ ആ നാടിനെ പിന്നെയും കടക്കെണിയില്‍ അകപ്പെടുത്തുകയാണുണ്ടായത്.
വികസനത്തിന്റെയും സാമൂഹികനീതിയുടെയും പരിപാടി അവതരിപ്പിച്ച വിമോചന ദൈവശാസ്ത്രജ്ഞനായ അരിസ്റ്റൈഡ് തെരഞ്ഞെടുക്കപ്പെട്ടതോടെ, ഹെയ്ത്തിയിലെ പ്രമാണിമാര്‍ക്കും അവരുടെ വിദേശ രക്ഷാ കര്‍ത്താക്കള്‍ക്കും അത് വെല്ലുവിളി ഉയര്‍ത്തുന്നതായി കണ്ട അവര്‍ രണ്ടുതവണ അമേരിക്കന്‍ പിന്തുണയോടെ സൈനിക അട്ടിമറി നടത്തി; അമേരിക്ക നേരിട്ട് ആക്രമണം നടത്തി; ഹെയ്ത്തിക്കുള്ള വായ്പകളും സഹായങ്ങളും റദ്ദ്ചെയ്തു; ഒടുവില്‍ 2004-ല്‍ അരിസ്റ്റെഡിനെ നാടുകടത്തുകയും ചെയ്തു. അതേ തുടര്‍ന്ന് ജനങ്ങളുടെ അംഗീകാരമില്ലാത്ത രാഷ്ട്രീയ സംവിധാനത്തെ താങ്ങിനിര്‍ത്താനായി ആയിരക്കണക്കിന് ഐക്യരാഷ്ട്ര സൈനികരാണ് ഹെയ്ത്തിയില്‍ നില്‍ക്കുന്നത്. അതോടൊപ്പം ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്ന നിര്‍ദ്ദാക്ഷിണ്യമായ നവലിബറല്‍ നയങ്ങള്‍ ഹെയ്ത്തിയിലെ ജനങ്ങളെ പിന്നെയും പാപ്പരാക്കിയിരിക്കുകയുമാണ്.
ഉദാഹരണത്തിന്, മുപ്പത്വര്‍ഷം മുമ്പ് മുഖ്യ ഭക്ഷ്യ സാധനമായ അരിയുടെ കാര്യത്തില്‍ ഹെയ്ത്തി സ്വയം പര്യാപ്തമായിരുന്നു. 1990കളുടെ മദ്ധ്യത്തില്‍ ഐഎംഎഫ് നിര്‍ബന്ധപ്രകാരം താരിഫ് വെട്ടിക്കുറച്ചു. ഇതിനെ തുടര്‍ന്ന് അമേരിക്ക സബ്സിഡി നല്‍കുന്ന കുറഞ്ഞ ചെലവില്‍ ഉല്‍പാദിപ്പിച്ച അരി വിലകുറച്ച് ഹെയ്ത്തിയില്‍ കൊണ്ടുവന്ന് കുമിച്ചു. ഇത് ഹെയ്ത്തിയിലെ നെല്‍കൃഷിയെ നശിപ്പിച്ചു. ഇപ്പോള്‍ ഹെയ്ത്തി അരി ഇറക്കുമതിയെ പൂര്‍ണമായും ആശ്രയിക്കുന്ന അവസ്ഥയില്‍ എത്തി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വായ്പയും ധനസഹായവും നല്‍കുന്നതിനുള്ള വ്യവസ്ഥകളായാണ് ഈ നയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. സ്വകാര്യവല്‍ക്കരണം നടപ്പാക്കാനും മിനിമം കൂലിയില്‍ കുറവ് വരുത്താനും മുന്‍പേതന്നെ തുച്ഛമായിരുന്ന ആരോഗ്യം, വിദ്യാഭ്യാസം, പൊതു പശ്ചാത്തല വികസനം എന്നിവയ്ക്കുള്ള ചെലവുകള്‍ ഗണ്യമായി വെട്ടുക്കുറയ്ക്കാനും ഈ നയങ്ങള്‍ ഹെയ്ത്തിയിലെ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി. ഹെയ്ത്തിയിലെ ജനങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമായ അടിസ്ഥാന ആശ്വാസ നടപടികള്‍പോലും പ്രദാനംചെയ്യാന്‍ പറ്റാത്തവിധം അവിടത്തെ സര്‍ക്കാര്‍ നിസ്സഹായാവസ്ഥയില്‍ എത്തിച്ചേര്‍ന്നത് ഇതിന്റെ പ്രത്യാഘാതമായാണ്. ഇപ്പോള്‍പോലും ഐഎംഎഫില്‍ നിന്ന് പുതിയ വായ്പ ലഭിക്കണമെങ്കില്‍ ഹെയ്ത്തി വൈദ്യുതിയുടെ വില വര്‍ദ്ധിപ്പിക്കുകയും പൊതുമേഖലയില്‍ വേതനം മരവിപ്പിക്കുകയും വേണം എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. മഹാഭൂരിപക്ഷം ആളുകള്‍ക്കും പ്രതിദിനം രണ്ട് ഡോളറില്‍ താഴെ മാത്രം വരുമാനമുള്ള ഒരു രാജ്യത്തിനുമേലാണ് ഇത്തരം വ്യവസ്ഥകള്‍ അടിച്ചേല്‍പിക്കുന്നത്.
യഥാര്‍ത്ഥ ജീവിതത്തില്‍ ഈ സംഭവപരമ്പരകളുടെ അര്‍ത്ഥമെന്താണെന്ന് ഹെയ്ത്തിയും തൊട്ടയല്‍ രാജ്യമായ ക്യൂബയും തമ്മിലുള്ള തികഞ്ഞ വ്യത്യസ്തതയില്‍ നിന്ന് കാണാന്‍ കഴിയും; ഹെയ്ത്തി ഐഎംഎഫിന്റെ കമ്പോളമെന്ന ഔഷധം സേവിച്ചിരിക്കുമ്പോള്‍ ക്യൂബ അതിനു തയ്യാറാകാതെ കഴിഞ്ഞ 50 വര്‍ഷമായി അമേരിക്കയുടെ സാമ്പത്തിക ഉപരോധം അനുഭവിക്കുകയാണ്. എന്നാല്‍ ഹെയ്ത്തിയിലെ ശിശുമരണനിരക്ക് ആയിരത്തിന് ഏകദേശം 80 ആയിരിക്കുമ്പോള്‍ ക്യൂബയുടേത് 5.8 മാത്രമാണ്. ഹെയ്ത്തിയിലെ പ്രായപൂര്‍ത്തിയായ പകുതിയോളം ആളുകള്‍ നിരക്ഷരരായിരിക്കുമ്പോള്‍ ക്യൂബയില്‍ നിരക്ഷരത കഷ്ടിച്ച് 3 ശതമാനം മാത്രമാണ്. കഴിഞ്ഞവര്‍ഷം ക്യൂബയിലും ഹെയ്ത്തിയിലും ഒരേപോലെ നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റുകളില്‍ ഹെയ്ത്തിയില്‍ 800 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ക്യൂബയില്‍ കൊല്ലപ്പെട്ടത് 4 പേര്‍ മാത്രമാണ്.
ഇറാഖുമുതല്‍ 2004ലെ ഏഷ്യന്‍ സുനാമി വരെയുള്ള യുദ്ധങ്ങളെയും പ്രകൃതിദുരന്തങ്ങളെയും കോര്‍പ്പറേറ്റ് ശക്തികളും അവരുടെ രക്ഷിതാക്കളായ സര്‍ക്കാരുകളും മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണരാഹിത്യം തീവ്രമാക്കുന്നതുമുതല്‍ സ്വകാര്യവല്‍ക്കരണംവരെയുള്ള മൃഗീയമായ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് നവോമി ക്ളൈന്‍ "ഷോക് ഡോക്ട്രീന്‍'' എന്ന കൃതിയില്‍ വിവരിച്ചിട്ടുണ്ട്.
ബിബിസിയുമായുള്ള ഒരു അഭിമുഖത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റണ്‍ ഹെയ്ത്തിയില്‍ കയറ്റുമതി പ്രോത്സാഹന മേഖല കെട്ടിപ്പടുക്കാന്‍ ഇതിനു സമാനമായ ചില നടപടികളുമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ കുറഞ്ഞ കൂലിക്ക് ഉല്‍പന്നങ്ങളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന യൂണിറ്റുകള്‍ കൂടുതലായി തുടങ്ങിയതുകൊണ്ടുമാത്രം ഹെയ്ത്തിയിലെ സമ്പദ്ഘടന വികസിക്കുകയോ മഹാഭൂരിപക്ഷം ആളുകള്‍ക്ക് സ്ഥിരം വരുമാനം ഉറപ്പാക്കുകയോ ചെയ്യില്ല. അത് സാധ്യമാകണമെങ്കില്‍ ഇപ്പോള്‍ ഹെയ്ത്തിക്കുള്ള 100 കോടി ഡോളറിലധികമുള്ള വായ്പകള്‍ എഴുതി തള്ളണം. പുതിയ വായ്പകളും ധനസഹായങ്ങളും അനുവദിക്കേണ്ടതുമാണ്. തങ്ങളുടെ രാജ്യത്തെ ജനാധിപത്യപരമായി പുനര്‍നിര്‍മ്മിക്കാനും ഹെയ്ത്തിയിലെ ജനങ്ങളെ അനുവദിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഹെയ്ത്തിയുടെ ദുരന്തങ്ങളും ഭീകരാനുഭവങ്ങളും എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടുകയുള്ളു.
സ്യൂമാസ് മില്‍നെ (കടപ്പാട്: ദ ഗാര്‍ഡിയന്/ചിന്ത വാരിക )
മോചനം വാഗ്ദാനം ചെയ്യപ്പെട്ട സമയത്തുപോലും ഹെയ്ത്തിയിലെ ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നില്ല എന്നാണ് തോന്നുന്നത്. രണ്ടുലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെടുന്നതിനിടയാക്കിയ ഭൂകമ്പത്തിനുശേഷം ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും, പുറംലോകം അവര്‍ക്കായി വാഗ്ദാനംചെയ്ത സഹായത്തിന്റെ കൂമ്പാരങ്ങളൊന്നും ഹെയ്ത്തിയിലെ മഹാഭൂരിപക്ഷം ജനങ്ങളും ഇതേവരെ കണ്ടില്ല. അതിനു പകരം തകര്‍ന്നടിഞ്ഞ ആ കരീബിയന്‍ രാഷ്ട്രത്തിലേക്ക് അമേരിക്കന്‍ ഭരണാധികാരികള്‍ പതിനായിരക്കണക്കിന് പട്ടാളക്കാരെ ഇറക്കിയിരിക്കുകയാണ്.
ReplyDelete