Wednesday, November 3, 2010

ബ്രസീല്‍ ജനത നല്‍കുന്ന സന്ദേശം

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തില്‍ നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വിമോചിതമായത് അമേരിക്കയ്ക്ക് ഏറ്റ കനത്ത ആഘാതമാണ്. പട്ടാള സ്വേച്ഛാധിപതികളെ വാഴിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സമ്പൂര്‍ണ നിയന്ത്രണം നിരവധി ദശാബ്ദക്കാലം അമേരിക്ക കയ്യാളി. ആ രാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ കൊള്ളയടിച്ചു. സ്വേച്ഛാധിപത്യത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തിനും എതിരെ നടന്ന പ്രക്ഷോഭങ്ങളെ നിഷ്ഠൂരമായി അടിച്ചമര്‍ത്തി. കമ്മ്യൂണിസ്റ്റുകാരെയും തൊഴിലാളി പ്രവര്‍ത്തകരെയും മാത്രമല്ല, ജനാധിപത്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ ക്രിസ്ത്യന്‍ പുരോഹിതന്‍മാരെപോലും കൊലചെയ്തു. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഗവണ്‍മെന്റുകളെ പട്ടാളത്തെ ഉപയോഗിച്ച് അട്ടിമറിച്ചു. ഗ്വാട്ടിമാലയിലും ചിലിയിലും അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ നടത്തിയ അട്ടിമറികള്‍, അമേരിക്കയെ വെല്ലുവിളിക്കാന്‍ ലാറ്റിനമേരിക്കയിലെ ജനാധിപത്യ ശക്തികളെ അനുവദിക്കില്ലെന്ന മുഷ്‌ക്കിന്റെ പ്രകടനമായിരുന്നു. ലാറ്റിനമേരിക്ക എക്കാലവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാല്‍ക്കീഴിലായിരിക്കുമെന്ന കണക്കുകൂട്ടലുകള്‍ ജനകീയ മുന്നേറ്റത്തിനിടയില്‍ തകര്‍ന്നടിഞ്ഞതിനാണ് കഴിഞ്ഞ ഒരു ദശാബ്ദം സാക്ഷ്യം വഹിച്ചത്. അരനൂറ്റാണ്ടിനു മുന്‍പ് ലാറ്റിനമേരിക്കയില്‍ വിപ്ലവത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിയ ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബയുടെ അനുഭവങ്ങളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി അമേരിക്കന്‍ ആധിപത്യത്തില്‍ നിന്നും മോചനം നേടാന്‍ തുടങ്ങി. പട്ടാള സ്വേച്ഛാധിപത്യത്തിനു അന്ത്യം കുറിച്ചുകൊണ്ട് ബ്രസീല്‍ ജനാധിപത്യത്തിന്റെ വഴിയിലേയ്ക്ക് മാറി. വെനിസ്വല, ഹോണ്ടുറാസ്, ചിലി, ബൊളീവ്യ, പെറു, പരാഗ്വയ്, അര്‍ജന്റീന, ഉറുഗ്വയ് തുടങ്ങിയ രാജ്യങ്ങളെല്ലാം അതേ പാത പിന്‍പറ്റി.

അമേരിക്കന്‍ ആധിപത്യവും പട്ടാള സ്വേച്ഛാധിപത്യവും ആ രാജ്യങ്ങള്‍ക്കെല്ലാം സമ്മാനിച്ചത് കൊടിയ ദാരിദ്ര്യമായിരുന്നു. പട്ടിണിയില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കുക ഈ രാജ്യങ്ങളിലെ ജനാധിപത്യ സര്‍ക്കാരുകള്‍ ദൗത്യമായി ഏറ്റെടുത്തു. ക്യൂബയുടെ പാത പിന്‍തുടര്‍ന്നു ഭൂപരിഷ്‌കരണവും ദേശസാല്‍ക്കരണവും നടപ്പാക്കാന്‍ വെനിസ്വലയും ബൊളീവ്യയും തയ്യാറായെങ്കില്‍ ബ്രസീലും ചിലിയും മറ്റും മുതലാളിത്ത കമ്പോള സമ്പദ്ഘടന കെട്ടിപ്പടുത്തുകൊണ്ടുതന്നെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള പരിപാടികളാണ് നടപ്പാക്കിയത്. ബ്രസീലില്‍ ഇതിന് നേതൃത്വം നല്‍കിയത് വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവായ ലുല ഡസില്‍വയാണ്. എട്ടു വര്‍ഷം പ്രസിഡന്റ് സ്ഥാനം വഹിച്ച ലുലയുടെ പിന്‍ഗാമിയായി വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ദില്‍മ റൗസെഫ് തിരഞ്ഞെടുക്കപ്പെട്ടത് ബ്രസീലിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വിജയവും അമേരിക്കയുടെ ആധിപത്യ പദ്ധതികള്‍ക്കേറ്റ തിരിച്ചടിയുമാണ്. ബ്രസീലിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാണ് ദില്‍മ. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ പട്ടാള സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ സജീവ പങ്കുവഹിച്ച ദില്‍മ തീവ്ര ഇടതുപക്ഷ സംഘടനയുടെ പ്രവര്‍ത്തകയായിരുന്നു. പട്ടാള ഭരണം അവരെ ജയിലിലടച്ചു; ക്രൂരമായി പീഡിപ്പിച്ചു. 1989 ല്‍ പട്ടാള ഭരണം അവസാനിച്ചശേഷം, പുതിയ ബ്രസീലിനു വേണ്ടിയുള്ള ഇടതു ജനാധിപത്യ ശക്തികളുടെ സമരങ്ങളില്‍ അവര്‍ പങ്കാളിയായി. ലുല വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് രൂപം നല്‍കിയപ്പോള്‍ ദില്‍മ അതിലെ സജീവ അംഗമായി. സാമ്പത്തിക ശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ ദില്‍മ പ്രസിഡന്റ് ലുലയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജന പരിപാടി നടപ്പാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. ഇരുപതു കോടിയോളം ജനസംഖ്യയുള്ള ബ്രസീലില്‍ മൂന്നു കോടിയിലധികം പേരെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ ലുലയുടെ ഭരണത്തിനു കഴിഞ്ഞിരുന്നു. പാവപ്പെട്ടവര്‍ക്കിടയില്‍ ലുലയുടെ ജനസമ്മതിക്കും അംഗീകാരത്തിനുമുള്ള പ്രധാന ഘടകവും ദാരിദ്ര്യ നിര്‍മ്മാര്‍ജന പരിപാടി തന്നെയായിരുന്നു.

ലുലയുടെ നയങ്ങള്‍ തുടരുമെന്ന് പ്രഖ്യാപിച്ച ദില്‍മ എല്ലാവര്‍ക്കും വിദ്യാഭ്യാസവും തൊഴിലും ആരോഗ്യ പരിരക്ഷയും പാര്‍പ്പിടവും ഉറപ്പാക്കിക്കൊണ്ട് ജനാധിപത്യം ശക്തിപ്പെടുത്തുകയും സാമൂഹ്യ സമത്വം കൈവരിക്കുകയും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ പറയുകയുണ്ടായി. ഈ ലക്ഷ്യങ്ങള്‍ നേടാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നയങ്ങളില്‍ പല മാറ്റങ്ങളും ആവശ്യമാണ്. ദില്‍മയെ പിന്തുണച്ച ഇടതുപക്ഷ പാര്‍ട്ടികളും ശക്തികളും അത്തരം മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള സമ്മര്‍ദ്ദം തുടരുകയും ചെയ്യും.

മുതലാളിത്ത കമ്പോള സമ്പദ്ഘടനയില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ അമേരിക്കയുടെ സാമ്പത്തിക ആധിപത്യ നയങ്ങളെ ബ്രസീല്‍ എതിര്‍ക്കുന്നുണ്ട്. ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര രാജ്യങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധങ്ങള്‍ ഊട്ടി വളര്‍ത്താന്‍ ബ്രസീല്‍ ശ്രമിക്കുന്നു. ബ്രസീലും ഇന്ത്യയും റഷ്യയും ചൈനയും ഉള്‍പ്പെടുന്ന 'ബ്രിക്' ഇന്ന് ലോകരംഗത്ത് അവഗണിക്കാനാവാത്ത കൂട്ടായ്മയാണ്. ലുലയുടെ നയങ്ങളുടെ ശക്തയായ വക്താവ് ബ്രസീലിന്റെ പുതിയ പ്രസിഡന്റാവുന്നത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കനുഗുണമാണ്.

ലുല പിന്തുടര്‍ന്ന ജനാധിപത്യപരവും പരിമിതവുമായ നയങ്ങള്‍ പോലും അമേരിക്കയ്ക്ക് ഹിതകരമല്ല. അതുകൊണ്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ദില്‍മയെ എതിര്‍ത്ത സോഷ്യല്‍ ഡമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയായ ജോസ്‌സെറയ്ക്ക് അമേരിക്കന്‍ മാധ്യമങ്ങള്‍ പിന്തുണ നല്‍കിയത്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീല്‍ അതിവേഗം കരുത്തുള്ള സാമ്പത്തിക ശക്തിയായി വളരുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ആടി ഉലയാതെ പിടിച്ചുനില്‍ക്കാനും വളര്‍ച്ചനേടാനും കഴിഞ്ഞ ചുരുക്കം ചില രാജ്യങ്ങളിലൊന്ന് ബ്രസീലാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതു ജനാധിപത്യ ചേരി നേടിയ വിജയം ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികള്‍ക്ക് ആവേശം പകരും.

ജനയുഗം മുഖപ്രസംഗം

1 comment:

  1. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തില്‍ നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വിമോചിതമായത് അമേരിക്കയ്ക്ക് ഏറ്റ കനത്ത ആഘാതമാണ്. പട്ടാള സ്വേച്ഛാധിപതികളെ വാഴിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സമ്പൂര്‍ണ നിയന്ത്രണം നിരവധി ദശാബ്ദക്കാലം അമേരിക്ക കയ്യാളി. ആ രാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ കൊള്ളയടിച്ചു. സ്വേച്ഛാധിപത്യത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തിനും എതിരെ നടന്ന പ്രക്ഷോഭങ്ങളെ നിഷ്ഠൂരമായി അടിച്ചമര്‍ത്തി. കമ്മ്യൂണിസ്റ്റുകാരെയും തൊഴിലാളി പ്രവര്‍ത്തകരെയും മാത്രമല്ല, ജനാധിപത്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ ക്രിസ്ത്യന്‍ പുരോഹിതന്‍മാരെപോലും കൊലചെയ്തു. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഗവണ്‍മെന്റുകളെ പട്ടാളത്തെ ഉപയോഗിച്ച് അട്ടിമറിച്ചു. ഗ്വാട്ടിമാലയിലും ചിലിയിലും അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ നടത്തിയ അട്ടിമറികള്‍, അമേരിക്കയെ വെല്ലുവിളിക്കാന്‍ ലാറ്റിനമേരിക്കയിലെ ജനാധിപത്യ ശക്തികളെ അനുവദിക്കില്ലെന്ന മുഷ്‌ക്കിന്റെ പ്രകടനമായിരുന്നു. ലാറ്റിനമേരിക്ക എക്കാലവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാല്‍ക്കീഴിലായിരിക്കുമെന്ന കണക്കുകൂട്ടലുകള്‍ ജനകീയ മുന്നേറ്റത്തിനിടയില്‍ തകര്‍ന്നടിഞ്ഞതിനാണ് കഴിഞ്ഞ ഒരു ദശാബ്ദം സാക്ഷ്യം വഹിച്ചത്. അരനൂറ്റാണ്ടിനു മുന്‍പ് ലാറ്റിനമേരിക്കയില്‍ വിപ്ലവത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിയ ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബയുടെ അനുഭവങ്ങളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി അമേരിക്കന്‍ ആധിപത്യത്തില്‍ നിന്നും മോചനം നേടാന്‍ തുടങ്ങി. പട്ടാള സ്വേച്ഛാധിപത്യത്തിനു അന്ത്യം കുറിച്ചുകൊണ്ട് ബ്രസീല്‍ ജനാധിപത്യത്തിന്റെ വഴിയിലേയ്ക്ക് മാറി. വെനിസ്വല, ഹോണ്ടുറാസ്, ചിലി, ബൊളീവ്യ, പെറു, പരാഗ്വയ്, അര്‍ജന്റീന, ഉറുഗ്വയ് തുടങ്ങിയ രാജ്യങ്ങളെല്ലാം അതേ പാത പിന്‍പറ്റി.

    ReplyDelete