Monday, February 4, 2013

തോക്കുകള്‍ ഗര്‍ജിക്കുന്നു; പക്ഷെ, ഇവര്‍ പന്തുതട്ടുന്നു


ഞങ്ങള്‍ കൂടുതല്‍ ഒന്നും ആവശ്യപ്പെടുന്നില്ല, മനുഷ്യരെപ്പോലെ ജീവിക്കാന്‍ ഞങ്ങളെ അനുവദിക്കണം. അതുമാത്രമാണ് ഞങ്ങള്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നത്-ഇന്ത്യയുമായുള്ള സൗഹൃദ ഫുട്ബോള്‍ മത്സരത്തിനെത്തിയ പലസ്തീന്‍ ടീമിന്റെ സംഘത്തലവന്‍ അബ്ദല്ല എസ് എ അല്‍ഫ്രയുടേതാണ് ഈ അഭ്യര്‍ഥന. അവര്‍ക്ക് ജീവിതം തോക്കിന്‍മുനയുടെ ദയാവായ്പാണ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ടീം പരിശീലനം നടത്തുമ്പോഴാണ് ടച്ച്ലൈനിനടുത്തുനിന്ന് പലസ്തീനിന്റെ ചോരമണക്കുന്ന ജീവിതം വിവരിച്ചത്.

പലസ്തീനില്‍നിന്ന് പുറത്തുകടക്കാനുള്ള ഏകമാര്‍ഗം വെസ്റ്റ്ബാങ്കിലെ അല്ലന്‍ബി പാലമാണ്. ഒരുമണിക്കൂര്‍കൊണ്ട് ഈ പാലം കടന്ന് ജോര്‍ദാനിലെ അമ്മാനിലെത്തി അവിടെനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് വിമാനം കയറാം. പക്ഷെ, ഈ പാലം കടക്കാന്‍ പലസ്തീന്‍ ടീം അഞ്ചു മണിക്കൂറെടുത്തു. അത് ട്രാഫിക് ബ്ലോക്കല്ല; ഇസ്രയേലി ചെക്ക്പോസ്റ്റുകളിലെ കര്‍ശന പരിശോധന- ഭക്ഷണമില്ല, വെള്ളമില്ല, പുറത്തിറങ്ങാന്‍ അനുവാദമില്ല. കൊടുംചൂടില്‍, ബസില്‍നിന്ന് പുറത്തിറങ്ങാനാകാതെ, ഇസ്രയേല്‍ ഭടന്മാരുടെ തോക്കിന്‍മുനയില്‍ കഴിച്ചുകൂട്ടിയ അഞ്ചു മണിക്കൂറുകളെക്കുറിച്ചു പറയുമ്പോള്‍ അല്‍ഫ്രയുടെ കണ്ണില്‍ ഇപ്പോഴും ഭീതി. ഫുട്ബോളിനെ വല്ലാതെ പ്രണയിക്കുന്നവരാണ് പലസ്തീനികള്‍. പക്ഷെ, അതത്ര എളുപ്പമല്ലെന്ന് അല്‍ഫ്ര സാക്ഷ്യംപറയുന്നു. വെസ്റ്റ്ബാങ്കില്‍ മാത്രമാണ് പ്രൊഫഷണല്‍ ലീഗുള്ളത്. പ്രതിഭാധനരായ കളിക്കാര്‍ ഗാസാ മുനമ്പിലും. വെസ്റ്റ് ബാങ്കിലേക്ക് പോകണമെങ്കില്‍ ഇസ്രയേല്‍ ചെക്ക്പോസ്റ്റ് കടക്കണം. അവിടെ എന്തും സംഭവിക്കാം. അറസ്റ്റ് ചെയ്യപ്പെടാം, ജയിലിലടക്കപ്പെടാം.വെസ്റ്റ്ബാങ്കിലെ മൗണ്ട് സ്കോര്‍പ്പസിന്റെ താരമായ ഇബ്രാഹിം വാദിയെ ഈ രീതിയില്‍ അറസ്റ്റ്ചെയ്ത് ജയിലിലടച്ചിരിക്കുകയാണെന്ന് അല്‍ഫ്ര പറഞ്ഞു.

ദേശീയ ടീമിനൊപ്പം ചേരാന്‍പോയ മഹമ്മൂദ് സര്‍സാക്കിനും ഇതേ അനുഭവമായിരുന്നു. മൂന്നുമാസം കഴിഞ്ഞാണ് സര്‍സാക്ക് പുറംലോകം കണ്ടത്. കാരണമൊന്നും പറയാതെയാണ് താരങ്ങളെ അറസ്റ്റ്ചെയ്യുന്നതെന്ന് അല്‍ഫ്ര പറഞ്ഞു. ഇന്ത്യയുമായുള്ള മത്സരം കഴിഞ്ഞ് ടീം പലസ്തീനിലേക്ക് മടങ്ങുന്നില്ല. പോയാല്‍ നേപ്പാളില്‍ നടക്കുന്ന എഎഫ്സി ചാലഞ്ച് കപ്പ് മത്സരങ്ങള്‍ക്കായി തിരിച്ചുവരാനാകില്ല. അതിനാല്‍ ഇന്ത്യയില്‍നിന്നു നേരെ ദുബായിയിലേക്ക് പോയി പരിശീലനം നടത്താനാണ് തീരുമാനം. കുട്ടികളെപ്പോലും കൊന്നൊടുക്കുന്ന ഇസ്രയേലികള്‍. അവര്‍ ഒന്നിനെയും കാര്യമാക്കുന്നില്ല. ഐക്യരാഷ്ട്രസഭയെപ്പോലും വകവയ്ക്കാത്ത അവര്‍ക്കൊരിക്കലും ഞങ്ങളെ മനുഷ്യരായി കാണാനാകില്ല- വേദനയോടെ അല്‍ഫ്ര പറഞ്ഞു. റാമള്ള സ്വദേശിയായ അല്‍ഫ്രയ്ക്ക് ഗാസാ മുനമ്പില്‍ ബന്ധുക്കളുണ്ട്. ഒരു മണിക്കൂര്‍ മാത്രമാണ് യാത്രാസമയം. പക്ഷെ, അവരെ സന്ദര്‍ശിക്കാറില്ല. കാരണം, ഇസ്രയേലി ചെക്ക്പോസ്റ്റ് എന്ന ഭീകരതതന്നെ. ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന ഭീതിയിലാണ് പലസ്തീനിലെ ഫുട്ബോള്‍ താരങ്ങളെന്ന് അല്‍ഫ്ര പറഞ്ഞു.

അന്താരാഷ്ട്ര നിലവാരമുള്ള 10 സ്റ്റേഡിയങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. പക്ഷെ, അന്താരാഷ്ട്ര മത്സരങ്ങള്‍ ലഭിക്കുന്നില്ല. മേയില്‍ നടക്കുന്ന അല്‍നകബാ കപ്പിന് ഇന്ത്യയെ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യ കളിക്കാന്‍ വന്നാല്‍ അത് പലസ്തീന്‍ ഫുട്ബോളിന് മാത്രമല്ല, ഞങ്ങളുടെ രാജ്യത്തിനുകൂടിയുള്ള അംഗീകാരമായി മാറും- അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ളത് ശരിക്കും സൗഹൃദമത്സരം മാത്രമാണെന്ന് സംഘത്തലവന്‍ പറഞ്ഞു. ഇന്ത്യ ഞങ്ങളുടെ രണ്ടാം ഗൃഹമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുകയാണ് ഈ മത്സരത്തിന്റെ ലഷ്യം. ഞങ്ങള്‍ ജയത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. വിവിധ രാജ്യങ്ങളില്‍ കളിക്കുന്ന 15 പ്രൊഫഷണല്‍ താരങ്ങളിലാരും ഈ ടീമിലില്ല. ചാലഞ്ച് കപ്പ് യോഗ്യതയ്ക്കുള്ള ടീമാണിത്. ഏഴു താരങ്ങള്‍ ഗാസാമുനമ്പില്‍നിന്നുള്ളവരാണ്- അദ്ദേഹം പറഞ്ഞു. ടീം തിങ്കളാഴ്ച പുലര്‍ച്ചെയാണെത്തിയത്. വൈകുന്നേരം ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അവര്‍ പരിശീലനത്തിനിറങ്ങി. നായകന്‍ അബ്ദല്‍ ലത്തീഫ് അല്‍ബഹാദ്രി, അഷ്റഫ് അല്‍ വാഗ്റ എന്നിവരാണ് ടീമിലെ പ്രൊഫഷണലുകള്‍. ശേഷിക്കുന്നവര്‍ അമച്വര്‍ താരങ്ങളും.

എം കെ പത്മകുമാര്‍ deshabhimani 040213

No comments:

Post a Comment